ചട്ടഞ്ചാല്‍ ഓക്സിജന്‍ പ്ലാന്റില്‍ വിതരണം തുടങ്ങി
text_fieldsകാസർകോട്: ജില്ല പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ചട്ടഞ്ചാല്‍ വ്യവസായ എസ്റ്റേറ്റില്‍ സ്ഥാപിച്ച ഓക്സിജന്‍ പ്ലാന്റില്‍ ഓക്സിജന്‍ വിതരണം ആരംഭിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജില്ലയിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് ഓക്സിജന്‍ പ്ലാന്റ് ആരംഭിക്കാന്‍ തീരുമാനിച്ചത്.
കോവിഡ് പ്രതിസന്ധി മാറി ആശുപത്രികളില്‍ ഓക്സിജന്‍ ലഭ്യത കൂടിയ സാഹചര്യത്തില്‍ ആദ്യഘട്ടത്തില്‍ വ്യവസായിക മേഖലയിലേക്ക് ഓക്സിജന്‍ വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനായി വിവിധ വ്യവസായ സംഘടനകളുമായി നേരത്തെ ചര്‍ച്ച നടത്തുകയും ജില്ലയില്‍ ഓക്സിജന്‍ സിലിണ്ടറിന്റെ ആവശ്യകതയുടെ കണക്കുകളും ശേഖരിച്ചിരുന്നു.
ആദ്യ ഘട്ടത്തില്‍ സ്വന്തമായി സിലിണ്ടറുകളുള്ള സ്ഥാപനങ്ങള്‍ക്ക് പ്ലാന്റില്‍നിന്ന് നിറച്ചുനല്കലാണ് ലക്ഷ്യം. ഇതിനായി വിവിധ ഏജന്‍സികളുമായി ധാരണയിലെത്തിയിട്ടുണ്ട്. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ല ഭരണസംവിധാനത്തിന്റെയും കൂട്ടായ്മയിലാണ് ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചത്. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ജില്ല പഞ്ചായത്തിന്റെ 50 സെന്റ് സ്ഥലം വിനിയോഗിച്ചു. പദ്ധതിക്കായി ജില്ല പഞ്ചായത്ത് 1.27 കോടി രൂപ ചെലവഴിച്ചു.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍നിന്നും നഗരസഭകളില്‍നിന്നുമായി ലഭിച്ച തുകയും ചേര്‍ത്ത് 2.97 കോടി രൂപയാണ് പ്ലാന്റിനായി ചെലവഴിച്ചത്. ദിവസം 200 സിലിണ്ടര്‍ ഓക്സിജന്‍ ഉൽപാദിപ്പിക്കാന് സാധിക്കുന്ന പ്ലാന്റില്‍നിന്ന് മെഡിക്കല്‍, വ്യവസായിക ആവശ്യങ്ങള്‍ക്ക് ചുരുങ്ങിയ നിരക്കില്‍ ഓക്സിജന്‍ ലഭ്യമാകും.
ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് ഉദ്ഘാടനം ചെയ്ത ഓക്സിജന്‍ പ്ലാന്റ് പൂര്‍ണമായി സജ്ജമായത് കഴിഞ്ഞ മാസമാണ്. അന്തരീക്ഷവായുവില്‍നിന്ന് ദിവസേന 200 സിലിണ്ടറുകള്‍ വരെ നിറയ്ക്കാന്‍ ശേഷിയുള്ള സാങ്കേതിക സംവിധാനങ്ങളാണ് പ്ലാന്റില്‍ സജ്ജീകരിച്ചത്.
ആദ്യ വിതരണം ഉദ്ഘാടനം
കാസർകോട്: ചട്ടഞ്ചാല്‍ ഓക്സിജന്‍ പ്ലാന്റില്‍നിന്നുള്ള ഓക്സിജന്റെ ആദ്യ വിതരണം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. വ്യവസായ മേഖലയിലേക്കുള്ള ഓക്സിജന്‍ വിതരണത്തിനായി നേരത്തെ ധാരണയിലെത്തിയ ഏജന്‍സിക്കാണ് ഓക്സിജന്‍ സിലിണ്ടര്‍ കൈമാറിയത്. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍, ജില്ല വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ കെ.പി. സജീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.