ജില്ല വികസന സമിതി യോഗം; ആരോഗ്യവകുപ്പിലെ ഒഴിവുകള്‍ നികത്തണം
text_fieldsകാസർകോട്: ജില്ലയിലെ ആരോഗ്യവകുപ്പില്‍ ഒഴിഞ്ഞുകിടക്കുന്ന ഡോക്ടര്‍മാര്‍, സ്പെഷാലിറ്റി ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്ന് ജില്ല വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇ. ചന്ദ്രശേഖരന് എം.എല്‍.എയാണ് പ്രമേയം അവതരിപ്പിച്ചത്. എം.എൽ.എമാരായ എം. രാജഗോപാലന്‍, സി.എച്ച്. കുഞ്ഞമ്പു, എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് എന്നിവര്‍ പ്രമേയത്തെ പിന്തുണച്ചു. ജില്ലയിലെ ആരോഗ്യ വകുപ്പില്‍ 160 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
ഇതില്‍ 50 തസ്തികകള്‍ ഡോക്ടര്‍മാരുടെയും 40 തസ്തികകള്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെയും ഉള്‍പ്പെടുന്നുവെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ജില്ലയില്‍ വിവിധ വകുപ്പുകളില്‍ നിലനില്‍ക്കുന്ന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ല കലക്ടര്‍ വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുല്ല, എം.പിയുടെ പ്രതിനിധി സാജിദ് മൗവ്വല്‍, സബ് കലക്ടര്‍ സൂഫിയാന് അഹമ്മദ്, അസി. കലക്ടര്‍ ദിലീപ് കെ. കൈനിക്കര, ജില്ല പ്ലാനിങ് ഓഫിസര്‍ എ.എസ്. മായ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല രജിസ്ട്രാര്‍ മുഹമ്മദ് ബഷീറിന്റെ വിയോഗത്തില്‍ യോഗം അനുശോചിച്ചു.
പാർശ്വഭിത്തി നിർമിക്കണം
ഉദ്ഘാടനത്തിനുമുമ്പ് പാര്‍ശ്വഭിത്തി തകര്‍ന്ന വെസ്റ്റ് എളേരി-കിനാനൂര്‍ കരിന്തളം പഞ്ചായത്ത് അതിര്‍ത്തിയിലെ പാലാന്തടം വിയര് കം ബ്രിഡ്ജ് പാര്‍ശ്വഭിത്തി പുനര്‍നിര്‍മിക്കണമെന്ന് എം. രാജഗോപാലന്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. ചെറുകിട ജലസേചന വകുപ്പിനോട് പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിർദേശം നല്കി.
പരപ്പച്ചാല്‍ പാലത്തിന്റെ തകര്‍ന്ന കൈവരി പുനര്‍നിര്‍മാണം ആഗസ്റ്റില്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. നീലേശ്വരം രാജാ റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റേണ്ട 137 കെട്ടിടങ്ങളുണ്ട്. കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടികള്‍ പി.ഡബ്ല്യൂ.ഡി കെട്ടിട വിഭാഗവും ബന്ധപ്പെട്ട മറ്റ് വകുപ്പുകളും നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹെൽത്ത് കാർഡ് നൽകണം
ഹരിത കര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യവകുപ്പ് ഹെല്‍ത്ത് കാര്‍ഡ് നല്‍കണമെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. എല്ല തദ്ദേശ സ്ഥാപനങ്ങള്‍ മുഖേനയും ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യാന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്കി. ഹരിത കര്‍മസേന അംഗങ്ങളോട് ആരെങ്കിലും മോശമായി പെരുമാറിയാല്‍ ഐ.പി.സി സെക്ഷന്‍ 21 പ്രകാരം അപ്പോള്‍ തന്നെ കേസെടുക്കാന്‍ കലക്ടര്‍ പൊലീസിനോട് നിര്‍ദേശിച്ചു.
ഹരിതകര്‍മ സേന നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. ടാറ്റാ കോവിഡ് ആശുപത്രി ഭൂമി ആരോഗ്യ വകുപ്പിന് കൈമാറുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് എം.എല്‍.എ പറഞ്ഞു.
പൈതൃക ചത്വരത്തിലെ കഫേ പൊളിച്ചുനീക്കണം
കാഞ്ഞങ്ങാട് പൈതൃക ചത്വരത്തില്‍ നിര്‍മിച്ച കഫേ പൊളിച്ച് മാറ്റുന്നത് സംബന്ധിച്ച് ഇ. ചന്ദ്രശേഖരന് എം.എല്‍.എ ഉന്നയിച്ച വിഷയത്തില്‍ കഫേ ഒരാഴ്ചക്കകം പൊളിച്ച് മാറ്റാന്‍ നോട്ടീസ് നല്കാന് ഡി.ടി.പി.സി സെക്രട്ടറിയോട് കലക്ടര്‍ നിർദേശിച്ചു. പൊളിച്ചുമാറ്റുന്നതിന് നഗരസഭ സെക്രട്ടറിക്കും നിർദേശം നല്കി. കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ േഫ്ലാർ നിര്‍മിച്ചതിലെ അപാകത യോഗം ചര്‍ച്ച ചെയ്തു. സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. സ്റ്റേഡിയം നിര്‍മിച്ചത് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരമാണെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. പടന്നക്കാട് മേല്പാലത്തില് അറ്റകുറ്റപ്പണിയുടെ ഭാഗമായി അശാസ്ത്രീയമായി നിര്‍മിച്ച ഹമ്പുകള്‍ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് എം.എല്‍.എ പറഞ്ഞു. സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.
പിലാങ്കട്ട കോളനിക്കാരുടെ ദുരിതം പരിഹരിക്കണം
ബദിയടുക്ക പിലാങ്കട്ട രാജീവ് ഗാന്ധി കോളനിയിലെ പട്ടിക ജാതി വിഭാഗത്തിലെ കുടുംബങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ശ്രദ്ധയിൽപെടുത്തി. പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ജില്ല പട്ടികജാതി വികസന ഓഫിസര്‍ക്ക് നിര്‍ദേശം നല്കി. ബദിയടുക്കയിലെ കഞ്ചാര്‍ പാലം പുനര്‍നിര്‍മിച്ച് നല്കാന് ജില്ല ദുരന്ത നിവാരണ വിഭാഗത്തോട് എം.എല്‍.എ ആവശ്യപ്പെട്ടു.
യാത്രാപാസ് അനുവദിക്കണം
മംഗളൂരുവില്‍ പഠിക്കുന്ന ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്.ടി.സിയില്‍ ഇളവ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന എ.കെ.എം. അഷ്റഫ് എം.എല്‍.എയുടെ ആവശ്യത്തില്‍ കണ്സഷന് ആവശ്യമുള്ള വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മംഗളൂരുവിലെ വിവിധ കോളജുകള്‍ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ലഭ്യമായ വിവരങ്ങള്‍ ചീഫ് ഓഫിസര്‍ക്ക് കൈമാറിയതായും ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.
തീരദേശ മേഖലയായ കോയിപ്പാടി പെര്‍വാര്‍ഡ്, നാങ്കി ഗാന്ധിനഗര്‍, കൊപ്പളം എന്നിവിടങ്ങളില്‍ കടലാക്രമണം തടയാന്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.