ജില്ല വികസന സമിതി യോഗം; ജലസംരക്ഷണ പ്രവർത്തനം ഊർജിതമാക്കണം
text_fieldsകാസർകോട്: കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞതിനാല്‍ ജലക്ഷാമം രൂക്ഷമാകാനിടയുള്ള സാഹചര്യത്തില്‍ ജില്ലയില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കണമെന്ന് ജില്ല വികസന സമിതി യോഗം ആവശ്യപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം. രാജഗോപാലന്‍ എം.എല്‍.എയാണ് ഈ വിഷയം ഉന്നയിച്ചത്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകരിച്ച നടപടികളും മഴ കുറഞ്ഞതിനാല്‍ നേരിടുന്ന പ്രശ്നങ്ങളും സംബന്ധിച്ച് വിവിധ വകുപ്പുകളില്‍നിന്ന് വിവരശേഖരണം നടത്തുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് വിവിധ വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി. ജില്ല ദുരന്ത നിവാരണവിഭാഗം ഇതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
ദേശീയപാത വികസനത്തിനായി വീരമല കുന്നില്‍നിന്ന് മണ്ണെടുത്തതിലെ അശാസ്ത്രീയത കാരണം ഉണ്ടായിട്ടുള്ള പ്രശ്നങ്ങളും തുടര്‍നടപടികളും സംബന്ധിച്ച് പരിശോധിച്ചു നടപടി സ്വീകരിക്കുന്നതിന് റിപ്പോര്‍ട്ട് നല്കാന് സബ് കലക്ടര്‍ സൂഫിയാന് അഹമ്മദിനെ കലക്ടര്‍ ചുമതലപ്പെടുത്തി. അളവില്‍ കൂടുതല്‍ മണ്ണ് കടത്തിയതായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് സബ് കലക്ടറുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് തീരുമാനിച്ചത്.
കന്നുകാലി കർഷകർക്ക് നഷ്ടപരിഹാരം
പകര്‍ച്ചവ്യാധികള്‍ മൂലം കന്നുകാലികള്‍ ചത്ത കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കാന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം. രാജഗോപാലന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ചെറുവത്തൂര്‍, പിലിക്കോട്, കയ്യൂര്‍ ചീമേനി, തൃക്കരിപ്പൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ കുളമ്പുരോഗ സമാന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എ.ഡി.സി.പി കോഓഡിനേറ്ററുടെ നേതൃത്വത്തില്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയക്കുകയും രോഗം സമീപപ്രദേശങ്ങളിലേക്ക് പടരാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
മൃഗങ്ങളെ മറ്റിടങ്ങളിലേക്ക് സഞ്ചരിപ്പിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ദ്രുതകര്മസംവിധാനം രൂപവത്കരിച്ചു ഓരോ ദിവസത്തെയും പ്രവര്‍ത്തനവും പുരോഗതിയും വിലയിരുത്തി ആവശ്യമായ ജാഗ്രത നിർദേശങ്ങള്‍ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുകയും പാലോടില്നിന്നുള്ള സംഘം ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ രോഗം നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.15 കന്നുകാലികളാണ് രോഗം ബാധിച്ച് ചത്തത്. 448 പശുക്കള്‍ക്കും 95 കിടാരികള്‍ക്കും 243 കന്നുകുട്ടികള്‍ക്കും രോഗം ബാധിച്ചു. ഇതില്‍ 19 പശുക്കളും ഏഴ് കിടാരികളും 79 കന്നുകുട്ടികളും ചത്തു. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് മൃഗസംരക്ഷണ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും ജില്ല ഓഫിസര്‍ അറിയിച്ചു. കേന്ദ്രസംഘം രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ശേഖരിച്ചിട്ടുണ്ട്.
ഗതാഗതം നിരോധിക്കണം
കോളിച്ചാല്‍ -ചെറുപുഴ മലയോര ഹൈവേയില്‍ കാറ്റാംകവലയിലെ കഴിഞ്ഞ മഴയത്ത് ഇടിഞ്ഞുപോയ ഭാഗം അടിയന്തരമായി പുനര്‍നിർമിക്കുന്ന പ്രവൃത്തി നടപ്പാക്കുന്നതിന് ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കേണ്ടത് ആവശ്യമാണെന്നും കെ.ആര്.എഫ്.ബി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ഗതാഗതം തിരിച്ചുവിടുന്നതിന് പകരം റോഡ് ഇല്ലാത്ത പ്രശ്നം നിലനില്ക്കുന്നു. പ്രശ്ന പരിഹാരത്തിന് സ്ഥലപരിശോധന നടത്തുമെന്ന് കലക്ടര്‍ അറിയിച്ചു.
വാഹനാപകടം: ശക്തമായ നടപടി സ്വീകരിക്കണം
അംഗടിമുഗര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞു നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കണമെന്ന് എ.കെ.എം. അഷ്റഫ് എം.എല്‍.എ പറഞ്ഞു. മംഗല്പാടി പഞ്ചായത്തിലെ ഷിറിയയില്‍ അനധികൃത മണലെടുപ്പ് തടയാന്‍ ശക്തമായ നടപടി വേണമെന്ന് എം.എല്‍.എ പറഞ്ഞു. ഈ പ്രദേശത്ത് എട്ടുമാസത്തിനകം 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഹരിതകര്‍മ സേന അംഗങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടാവുകയോ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയോ ചെയ്താല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും വിവരം ലഭ്യമാക്കണമെന്നും കലക്ടര്‍ അറിയിച്ചു. തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്ന് വകുപ്പ് ജോയന്റ് ഡയറക്ടര്‍ അറിയിച്ചു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ആരോഗ്യ മേഖലയില്‍ കൂടുതല്‍ സ്പെഷാലിറ്റി ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിച്ചിട്ടും വിദഗ്ധ ഡോക്ടര്‍മാരെ ലഭ്യമായിട്ടില്ലെന്ന് കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ കലക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം. അഷറഫ്, എം. രാജഗോപാലന്‍ എന്നിവർ സംസാരിച്ചു. ജില്ല പ്ലാനിങ് ഓഫിസര്‍ ടി. രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ഡി.എം കെ. നവീന്‍ ബാബു, സബ് കലക്ടര്‍ സൂഫിയാന് അഹമ്മദ്, അസി. കലക്ടര്‍ ദിലീപ് കെ. കൈനിക്കര, തദ്ദേശ ജോയന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു.
ദുരിതാശ്വാസ അപേക്ഷകള്‍ പരിഗണിക്കണം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി.എം.ഡി.ആര്.എഫ്) ഓണ്‍ലൈനില്‍ ലഭിക്കുന്ന അപേക്ഷകള്‍ വില്ലേജ് ഓഫിസുകളില്‍ സമയബന്ധിതമായി പരിഗണിച്ച് കൃത്യസമയത്ത് മറുപടി നല്‍കണമെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. അപേക്ഷകള്‍ വില്ലേജ് ഓഫിസുകളില്‍ കെട്ടിക്കിടക്കുന്നതായി പരാതിയുണ്ടെന്നും വില്ലേജ് ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്നും എം.എല്‍.എ നിർദേശിച്ചു.
അഡൂർ: അധ്യാപികയെ മാറ്റിനിയമിക്കണം
അഡൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ കന്നഡ ഭാഷ വിഭാഗത്തില്‍ നിയമിതയായ അധ്യാപികക്കെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍, അവരുടെ അപേക്ഷ പരിഗണിച്ച് ഡപ്യൂട്ടേഷനില്‍ മാറ്റിനിയമിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അഭ്യർഥിക്കാൻ തീരുമാനിച്ചു. ബേഡകം ആട് ഫാമിന്റെ പ്രവര്‍ത്തനം രണ്ടുമാസത്തിനകം ആരംഭിക്കണമെന്ന് എം.എല്‍.എ നിർദേശിച്ചു. ഫാമിലേക്ക് കൂടുതല്‍ തസ്തികള്‍ അനുവദിച്ചു. ഫാമിന്റെ പ്രവര്‍ത്തനം വേഗത്തില്‍ ആരംഭിക്കണമെന്ന് എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.