നിവേദനം ജയിലിലെ പരാതിപ്പെട്ടിയിലിട്ടു; തടവുകാരന് സാന്ത്വനവുമായി ജില്ല ജഡ്ജി
text_fieldsകാസര്‍കോട്: ചീമേനിയിലെ തുറന്ന ജയിലിലെ തടവുകാരന്റെ പരാതിയില്‍ ഉടൻ നടപടി സ്വീകരിച്ച് ജില്ല ജഡ്ജി. ന്യായാധിപന് വിധി പറയുക മാത്രമല്ല, ശിക്ഷിക്കപ്പെട്ട തടവുകാരന് അര്‍ഹമായ നീതി ഉറപ്പു വരുത്തുകയും ചെയ്യുമെന്ന് തെളിയിക്കുന്നതായിരുന്നു കാസര്‍കാട് ജില്ല ജഡ്ജി സി. കൃഷ്ണകുമാറിന്റെ അടിയന്തര ഇടപെടല്‍.
12 വര്‍ഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന ചീമേനി തുറന്ന ജയിലിലെ തടവുകാരന് ജാഫര്‍, ജയിലിലെ പരാതിപ്പെട്ടിയില്‍ നിക്ഷേപിച്ച നിവേദനം ശ്രദ്ധയിൽപെട്ടതോടെയാണ് അടിയന്തര നടപടി സ്വീകരിക്കാന്‍ ജഡ്ജി തീരുമാനിച്ചത്. 12 വര്‍ഷമായി ശിക്ഷ അനുഭവിക്കുന്ന താന്‍ 2017ല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് തനിക്ക് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും പ്രായമേറിയ ഉമ്മക്കും കുടുംബത്തിനും ഏക തുണയായ തന്റെ ഹരജിയില്‍ സ്വീകരിച്ച നടപടി ലഭിക്കാന്‍ ഇടപെടണമെന്നുമായിരുന്നു തടവുകാരന്റെ ആവശ്യം.
നിവേദനം ജില്ല ജഡ്ജിയുടെ മുന്നില്‍ വന്നയുടന്‍ സുപ്രീം കോടതി അഭിഭാഷകനും കാസര്‍കോട് നീലേശ്വരം സ്വദേശിയുമായ അഡ്വക്കറ്റ് പി.വി. ദിനേശിനെ ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കുകയും സുപ്രീം കോടതി അഭിഭാഷകന് ആവശ്യമായ സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. കേസിന്റെ വിവരങ്ങള്‍ മുഴുവന്‍ ശേഖരിച്ച് ലഭ്യമാക്കി. അതു മാത്രമല്ല ജില്ല ജഡ്ജി സി. കൃഷ്ണകുമാര്‍, പരോളിലായിരുന്ന തടവുകാരന് ജാഫറിനെ ടെലിഫോണില്‍ ബന്ധപ്പെടുകയും വിശദവിവരങ്ങള്‍ ചോദിച്ചറിയുകയും സ്വീകരിച്ച നടപടികള്‍ തടവുകാരനെ നേരിട്ട് അറിയിക്കുകയും ചെയ്തു. ഇതുപോലെ തടവുകാരുടെ പരിഗണനാര്‍ഹമായ നിവേദനങ്ങള്‍ക്ക് എല്ലാ മാസവും പരിഹാരം കാണുമെന്ന് ജഡ്ജി പറഞ്ഞു.
ഫെബ്രുവരി 22ന് ലഭിച്ച പരാതിയില്‍ അന്നുതന്നെ ഇടപെട്ട് പരിഹാരം കാണുകയായിരുന്നു. ന്യായമായ പരാതികളില്‍ സുപ്രീം കോടതിയില്‍ വരെ സൗജന്യ നിയമ സഹായത്തിന് അഭിഭാഷകന് പി.വി. ദിനേശ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജയിലുകളിലെ പരാതിപ്പെട്ടികളില്‍ നിക്ഷേപിക്കുന്ന പരാതികള്‍ പാഴാവുകയില്ലെന്ന് ഓര്‍മപ്പെടുത്തുക കൂടിയാണ് ജില്ല ജഡ്ജിയുടെ നടപടിയിലൂടെ. ജില്ലയിലെ എല്ലാ ജയിലുകളിലും തടവുകാരുടെ പരാതികള്‍ നിക്ഷേപിക്കാന്‍ പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.