ജില്ലയെ അതിദാരിദ്ര്യ മുക്തമാക്കാൻ ജില്ല പഞ്ചായത്ത് ബജറ്റ്
text_fieldsകാസര്‍കോട്: ജില്ലയെ അതിദാരിദ്ര്യമുക്ത ജില്ലയാക്കി മാറ്റുന്നതിനുള്ള പദ്ധതികളുമായി ജില്ല പഞ്ചായത്തിന്റെ 2023 - 24 വർഷിക ബജറ്റ് അവതരിപ്പിച്ചു. ത്രിതലപഞ്ചായത്ത് മുന്‍സിപ്പാലിറ്റിയുമായി ചേര്‍ന്ന് ഈ പദ്ധതി നടപ്പിലാക്കുമെന്ന് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കി. ഉൽപാദന മേഖലക്ക് പ്രാധാന്യം നല്കുന്ന ബജറ്റിൽ 10.30 കോടി രൂപ വകയിരുത്തി. ലോക ചെറുധാന്യ വര്‍ഷത്തിന്റെ പ്രാധാന്യം പരിഗണിച്ച് ജില്ലയിൽ ചെറുധാന്യകൃഷി ആരംഭിക്കും. മില്ലറ്റ് മില്ല് സ്ഥാപിക്കും.
കാര്‍ബണ്‍ സന്തുലിത ഫാമുകളാക്കി സീഡ് ഫാമുകളെ മാറ്റും. പുതിയ ചെക്ക് ഡാമുകളും വി.സി.ബികളും നിർമിക്കും. എരുമക്കയം ചെക്ക്ഡാം വികസന പാക്കേജ് സംയോജനത്തില്‍ ഏറ്റെടുക്കും. പെരിയയില്‍ അഗ്രിമാള്‍ പ്രവര്‍ത്തന സജ്ജമാക്കും. ക്ഷീര കര്‍ഷകര്‍ക്ക് ഇൻസന്റീവ് തുടരും. പാലില്‍ നിന്നും മൂല്യവര്‍ധിത ഉൽപന്നങ്ങള് ഉണ്ടാക്കുന്ന യൂനിറ്റും ഫ്രൂട്ട് പള്‍പ്പ് യൂനിറ്റും ആരംഭിക്കും. നെറ്റ് സിറോ കാര്‍ബണ്‍ എമിഷന്‍ പദ്ധതി നടപ്പാക്കും. ജില്ലയെ വലിച്ചറിയല്‍ മുക്തമാക്കുന്നതിന് സീറോ വേസ്റ്റ് കാസര്‍കോട് പദ്ധതിക്ക് 45ലക്ഷം രൂപ വകയിരുത്തി. ക്ലീന്‍ സിവില്സ്റ്റേഷന് ഗ്രീന്‍ സിവില്‍ സ്റ്റേഷന് പദ്ധതി നടപ്പിലാക്കും. ലൈഫ് ഭവന പദ്ധതിക്ക് ഏഴ് കോടി രൂപ ബജറ്റില്നീക്കി വെച്ചു. ഭിന്നശേഷിക്കാര്‍ വയോജനങ്ങള്‍, ട്രാന്സ്ജൻഡര് തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് ബജറ്റില്‍ നിർദേശമുണ്ട്. പൊതുജനാരോഗ്യ രംഗത്ത് ജില്ല ആശുപത്രി നവീകരിക്കുന്നതിനും മരുന്നിനും അത്യാവശ്യ സമാഗ്രികള്ക്കുമായി ഒരുകോടി രൂപ വീതം വകയിരുത്തും.
പട്ടികവർഗ മേഖലയില്‍ നന്തന്‍കുഴിയില്‍ ഇന്‍ഡോര്‍ ഷട്ടില്‍കോര്‍ട്ട് സ്ഥാപിക്കും. പുല്ലൂര്‍പെരിയ പഞ്ചായത്തില്‍ ഗോത്ര കലാഗ്രാമം സ്ഥാപിക്കും. ജില്ലയെ സോളാര്‍ സമ്പൂര്‍ണ ജില്ലയാക്കി മാറ്റും. എല്ലാ സ്കൂളുകളും സോളാറിലേക്ക് മാറ്റും. സാസ്കാരിക മേഖലയില്‍ സമം സാംസ്കാരികോത്സവം, സപ്തഭാഷോത്സവം, കേരളോത്സവം എന്നിവ സംഘടിപ്പിക്കും. ആധുനിക ശുചിമുറകള്‍ സ്ഥാപിക്കുന്നതിനുള്‍പ്പെടെ ശുചിത്വ മേഖലക്ക് 2.63 കോടി രൂപ മാറ്റി വെച്ചു. ത്രിതല പഞ്ചായത്ത് മുന്‍സിപ്പാലിറ്റികളുമായി ചേര്‍ന്ന് ഡിജിറ്റല്‍ സാക്ഷരത സമ്പൂർണമാക്കും.
ഇതിനായി ഇരുപത് ലക്ഷം വകയിരുത്തും. സ്കൂളുകളില്‍ കുടിവെള്ള സൗകര്യമൊരുക്കാന്‍ അമ്പത് ലക്ഷം വകയിരുത്തി. ജില്ല ആശുപത്രികളില്‍ വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിക്കും. കുടിവെള്ള സൗകര്യത്തിനായി ആകെ 2.63 കോടി രൂപ ചെലവഴിക്കും. ജില്ല പഞ്ചായത്ത് അസാപ്പ്, കെ -ഡിസ്ക് സ്റ്റാര്‍ട്ട് അപ്പ് മിഷന് എന്നിവയുമായി ചേര്‍ന്ന് കമ്മ്യൂണിറ്റി ഇന്നവേഷന്‍ സെന്റര്‍ സ്ഥാപിക്കും. ജില്ല പഞ്ചായത്ത് കോമ്പൗണ്ടില്‍ ഇലക്ട്രിക്കല്‍ ചാർജിങ് സ്റ്റേഷന് സ്ഥാപിക്കും.
ഭര്‍ത്താവ് മരിച്ച വനിതകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം. കുടുംബശ്രീ യൂനിറ്റിന് അമ്പത് ലക്ഷം രൂപയുടെ ധനസഹായം. ഷീ ജിം പദ്ധതി ആവിഷ്കരിക്കും. വിവാഹമോചനം ഒഴിവാക്കാന്‍ പ്രീമാരിറ്റല്‍ കൗണ്‍സിലും കോഴ്സും നല്‍കും. വനിതകള്‍ക്ക് അതിക്രമങ്ങള്‍ ഒഴിവാക്കാന്‍ ക്രൈംമാപ്പിങ് നടത്തും. യോഗത്തില്‍ പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രൺവീര്‍ചന്ദ്, പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമന് എന്നിവര്‍ മുഖ്യാതിഥികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.