ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ; പൈവളിഗെ, മീഞ്ച പഞ്ചായത്തുകളിൽ 54 പേർക്ക് ഹെപ്പറ്റൈറ്റിസ് എ
text_fieldsകാസർകോട്: ജില്ലയിലെ പൈവളിഗെ, മീഞ്ച ഗ്രാമപഞ്ചായത് പരിധിയിൽ 54 പേർക്ക് ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്തു. പൈവളിഗെ ഗ്രാമപഞ്ചായത്ത് പരിധിയിൽ 39 പേർക്കും മീഞ്ച പഞ്ചായത്ത് പരിധിയിൽ 15 പേർക്കും മഞ്ഞപിത്തം എ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എ.വി. രാംദാസ് അറിയിച്ചു.
രോഗപ്പകർച്ച തടയുന്നതിനു വേണ്ടി പ്രതിരോധ നിയന്ത്രണ പ്രവൃത്തനങ്ങൾ ഊജിതപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ഭാവി പ്രവർത്തനം തീരുമാനിക്കുന്നതിനും വേണ്ടി എം.എൽ.എ, മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
വിദഗ്ധ ഡോക്ടർമാർ, പെരിയ കേന്ദ്ര സർവകലാശാലയിലെ വൈറോളജി വിഭാഗത്തിലെ വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം തിങ്കളാഴ്ച സ്ഥലം സന്ദർശിക്കും. ഹെപ്പറ്റൈറ്റിസ് എ വൈറസ് ആണ് ഈ രോഗത്തിന് കാരണം. മലിനമായ ജലം, ഭക്ഷണം എന്നിവ വഴിയാണ് ഇതു പകരുന്നത്.
ഹെപ്പറ്റൈറ്റിസ് എയുടെ ലക്ഷണങ്ങൾ
- സാധാരണയായി രോഗാണു ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം രണ്ട് മുതൽ ആറ് ആഴ്ചകൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്നു.
- ലക്ഷണങ്ങൾ സാധാരണയായി രണ്ട് മുതൽ 12 ആഴ്ചവരെ നീണ്ടുനിൽക്കും.
- ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങൾ മഞ്ഞപ്പിത്തം (ചർമത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം), ഇരുണ്ട നിറമുള്ള മൂത്രം, കടുത്ത ക്ഷീണം, ഓക്കാനം, ഛർദ്ദി, വയറുവേദന, തലവേദന,പേശിവേദന, പനി ലക്ഷണങ്ങൾ ഗുരുതരമാണെങ്കിൽ കരളിനെ ബാധിച്ചേക്കാം.
പ്രതിരോധ മാർഗങ്ങൾ
- മലമൂത്ര വിസർജനം ശൗചാലയത്തിൽ മാത്രം ചെയ്യുക
- ആഹാരത്തിന് മുമ്പും മലമൂത്ര വിസർജനത്തിനും ശേഷവും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയായി കഴുകുക
- കുടിക്കുവാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക
- ഐസിന്റെ ശുചിത്വം ഉറപ്പ് വരുത്താതെ കടകളിൽ നിന്ന് വില്പന നടത്തുന്ന പാനീയങ്ങൾ, ജ്യൂസ്, ഐസ് ഉപയോഗിച്ച് നിർമിക്കുന്ന മറ്റ് ഉൽപന്നങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കുക
- മലിനമായ വെള്ളത്തിൽ കുളിക്കുന്നത്, മലിനമായ വെള്ളം ഉപയോഗിച്ച് പാത്രങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ കഴുകുന്നത് എന്നിവ ഒഴിവാക്കുക
- തൂവാല, തോർത്ത് മുതലായ വ്യക്തിഗത സാധനങ്ങൾ പങ്കു വെക്കാതിരിക്കുക
- രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ കേന്ദ്രങ്ങളിൽ ചെന്ന് ചികിത്സ തേടണമെന്നും സ്വയം ചികിത്സിക്കരുതെന്നും ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) അഭ്യർഥിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.