ഷവർമ പാർസൽ കൊടുക്കുന്നുണ്ടോ?
text_fieldsകാസർകോട്: പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ ഷവർമ കഴിച്ച് മരിച്ച സംഭവത്തിൽ ഹൈകോടതിയുടെ കർശന നിർദേശം ഭക്ഷ്യസുരക്ഷാവകുപ്പിനും ഹോട്ടലുടമകൾക്കും തലവേദനയാകും. ഷവർമ പാർസലായി നൽകുമ്പോൾ തയാറാക്കിയ തീയതിയും സമയവും പാക്കറ്റുകളിൽ രേഖപ്പെടുത്തണമെന്നാണ് ഹൈകോടതി നിർദേശം. ഇത് കർശനമായി പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പിന് നിർദേശവും നൽകിയിട്ടുണ്ട്.
ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഭക്ഷ്യവകുപ്പ് ഉറപ്പാക്കാത്തതാണ് മകളുടെ മരണത്തിന് കാരണമെന്ന് കാണിച്ച് മാതാവ് നൽകിയ പരാതി തീർപ്പാക്കിയാണ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വളരെ പ്രാധാന്യമുള്ള പൊതുവിഷയം ചൂണ്ടിക്കാട്ടി അഗാധമായ ദുഃഖത്തിനിടയിലും ഹരജി നൽകാൻ മനഃശക്തി കാട്ടിയതിന് ഹരജിക്കാരിയായ മാതാവിനെ കോടതി അഭിനന്ദിക്കുകയും ചെയ്തു.
കോടതിച്ചെലവായ 25,000 രൂപ ഹരജിക്കാരിക്ക് നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. ജില്ലയിൽ വർധിക്കുന്ന ഫാസ്റ്റ് ഫുഡ് കടകളിൽ ഇപ്പോൾ ഷവർമ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. വിദ്യാർഥികളും യുവാക്കളുമാണ് ഏറെയും ഉപഭോക്താക്കൾ.
ഇനി ഇവർക്ക് ഷവർമ പാർസലായി നൽകുമ്പോൾ പാക്കറ്റുകളിൽ തീയതി രേഖപ്പെടുത്തുന്ന സ്റ്റിക്കർ പതിപ്പിച്ചുവേണം നൽകാൻ. അല്ലാത്തപക്ഷം ഭക്ഷ്യവകുപ്പിന്റെ പിഴയടക്കമുള്ള ശിക്ഷാനടപടികൾ നേരിടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.