കാരുണ്യം കുരുന്നിലേ; അനയ് ശിവന് ഡോക്ടറേറ്റ്
text_fieldsകാസർകോട്: കുരുന്നിലേ കാരുണ്യപ്രവർത്തനങ്ങൾ ചെയ്ത് ശ്രദ്ധനേടിയ അനയ് ശിവന് ഡോക്ടറേറ്റ്. പിലിക്കോട് ബിനീഷ്-ജീന ദമ്പതികളുടെ മകനാണ് അനയ് ശിവൻ. ഇൻറർനാഷനൽ ആൻറി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ് കൗൺസിലിന്റെ ഹോണറബിൾ ഡോക്ടറേറ്റാണ് അനയിനു ലഭിച്ചതെന്ന് മാതാപിതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നാലാം ക്ലാസുകാരനായ അനയ് സഹപാഠിയുടെ പിതാവ് ചികിത്സിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുമ്പോൾ സ്വന്തം നിലയിൽ വിഡിയോ ചെയ്തിറക്കി ചികിത്സക്കുള്ള തുക ഒരുക്കിയാണ് തുടക്കം. അസുഖബാധിതരായ നിരവധി ആൾക്കാരുടെ വിഡിയോ സ്വന്തമായി ചെയ്ത് അത് സോഷ്യൽ മീഡിയയിലും മറ്റും ഷെയർ ചെയ്ത് നിരവധി പേരുടെ ജീവിതത്തിൽതന്നെ പുതിയ വെളിച്ചം നൽകിയിരിക്കുകയാണ് കൊച്ചുമിടുക്കൻ. വെള്ളപ്പൊക്കം വന്നപ്പോൾ പുതിയ വസ്ത്രങ്ങളും മറ്റും നൽകി എല്ലാവർക്കും മാതൃകയായി.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തന്റെ സമ്പാദ്യം മുഴുവനായി നൽകിയിരുന്നു. ഓൺലൈൻ പഠനകാലത്ത് ഫോണില്ലാത്ത കുട്ടിക്ക് ഫോൺ വാങ്ങിക്കൊടുത്ത് പഠനസൗകര്യം ഒരുക്കി. സോഷ്യൽ വർക്കിൽ ഇന്ത്യൻ സ്റ്റാർ കമ്യൂണിറ്റി അവാർഡ് കിട്ടിയിട്ടുണ്ട്. ഇൻറർനാഷനൽ ആൻറി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ് കൗൺസിൽ സോഷ്യൽ വർക്കർ, അച്ചീവ്മെൻറ് കാറ്റഗറിയിലാണ് ഡോക്ടറേറ്റ് നേടിയത്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്, ചൈൽഡ് പ്രൊഡിജി അവാർഡ്. വേൾഡ് ജീനിയസ് അവാർഡ്, കലാം വേൾഡ് റെക്കോഡ് അവാർഡ് എന്നിവയും കിട്ടിയിട്ടുണ്ട്. തൈക്വാൻഡൊയിൽ നാഷനൽ ഗോൾഡ് മെഡൽ ജേതാവാണ്. രണ്ട് ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.