മുങ്ങിമരണ നിവാരണ ദിനാചരണം; ജില്ലയില്‍ ബോധവത്കരണം
text_fieldsകാസർകോട്: ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെയും അഗ്നിരക്ഷവകുപ്പിന്റെയും നേതൃത്വത്തില്‍ ലോക മുങ്ങിമരണ നിവാരണ ദിനാചരണം ജില്ലയില്‍ വിവിധ പരിപാടികളോടെ നടന്നു. ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം ബദിയഡുക്ക നീര്‍ച്ചാലില്‍ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വഹിച്ചു.
ജില്ലയില്‍ മാത്രം 2020, 2021 വര്‍ഷങ്ങളില്‍ യഥാക്രമം 78ഉം 70ഉം ആളുകളാണ് ജലാശയ അപകടങ്ങളില്‍ മരിച്ചതെന്ന് കലക്ടര്‍ പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ 30 വരെ മാത്രം 31 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ജലാശയങ്ങള്‍ സമൃദ്ധമായ ജില്ലയില്‍ മുങ്ങിമരണങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ബോധവത്കരണം എല്ലാവരിലേക്കും എത്തേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. ജില്ല ഫയര്‍ ഓഫിസര്‍ എ.ടി. ഹരിദാസന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അബ്ബാസ്, പഞ്ചായത്തംഗങ്ങളായ കെ.പി. സ്വപ്ന, ഹമീദ് പള്ളത്തടുക്ക, ഡി. ശങ്കര, കാസര്‍കോട് അഗ്നിരക്ഷനിലയം സ്റ്റേഷന് ഓഫിസര്‍ പ്രകാശ്കുമാര്, ജില്ല ദുരന്ത നിവാരണ അതോറിറ്റി ഹസാഡ് അനലിസ്റ്റ് പ്രേംജി പ്രകാശ്, എം.എച്ച്. ജനാർദന, ജയദേവകണ്ടികെ, സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇതോടനുബന്ധിച്ച് സീതാംഗോളി മാലിക്ദിനാര്‍ കോളജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ എന്‍.എസ്.എസ് വളന്റിയര്‍മാര്‍, പെര്‍ഡാല എം.എസ്.സി.എച്ച്.എസ്.എസ് സ്കൂള്‍ വിദ്യാർഥികള്‍ എന്നിവര്‍ക്കായി ജലാശയ അപകട രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് പരിശീലനം നൽകി. 200ല്‍ അധികം വിദ്യാർഥികള്‍ പങ്കെടുത്തു.
കാഞ്ഞങ്ങാട്: അഗ്നിരക്ഷനിലയത്തിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ എന്‍.എസ്.എസ് വളന്റിയര്‍മാര്‍ക്കായി ജലാശയ അപകടങ്ങളും രക്ഷാപ്രവര്‍ത്തനവും സംബന്ധിച്ച് ബോധവത്കരണ ക്ലാസ് നടന്നു. സ്റ്റേഷന്‍ഓഫിസര്‍ പി.വി. പവിത്രന് ക്ലാസെടുത്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഡോ. വിനേഷ്കുമാര്‍, പ്രഫ. വി. വിജയകുമാര്‍, വളന്റിയര്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു. 120 ഓളംപേര്‍ പരിപാടിയുടെ ഭാഗമായി. ഉപ്പള അഗ്നിരക്ഷ നിലയത്തിന്റെ നേതൃത്വത്തില്‍ ഉപ്പള ജി.എച്ച്.എസ്.എസില്‍ ബോധവത്കരണ ക്ലാസും ജലാശയരക്ഷ പ്രവര്‍ത്തനത്തിന്റെ വിഡിയോ പ്രദര്‍ശനവും നടത്തി.
പ്രധാനാധ്യാപിക ശശികല അധ്യക്ഷത വഹിച്ച യോഗം ഫയര്സ്റ്റേഷന് ഓഫിസര്‍ കെ.വി. പ്രഭാകരന് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് മുഹമ്മദ്, അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫിസര്‍ എം.ബി. സുനില്‍കുമാര്‍, സിവില്‍ ഡിഫന്‍സ് വളന്റിയര്‍ അരവിന്ദാക്ഷന് എന്നിവര്‍ നയിച്ച ബോധവത്കരണ ക്ലാസ് നടന്നു. ജലാശയരക്ഷ പ്രവര്‍ത്തനത്തിന്റെ വിവിധ പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ച വിഡിയോ പ്രദര്‍ശനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.