മയക്കുമരുന്ന് ഒഴുകുന്നു; കഞ്ചാവ്, എം.ഡി.എം.എ ജില്ലയിൽ വ്യാപകം
text_fieldsകാസർകോട്: ശനിയാഴ്ച 46 കിലോ കഞ്ചാവ് പിടികൂടിയതുൾപ്പെടെ ജില്ലയിലെ വിവിധ ഭാഗങ്ങൾ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും സൂക്ഷിപ്പ്, വിതരണ കേന്ദ്രങ്ങളാകുന്നു. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തുന്നതെങ്കിൽ ബംഗളൂരുവഴിയാണ് എം.ഡി.എം.എ എന്ന മാരക മയക്കുമരുന്ന് എത്തുന്നത്. ഇവയുടെ പ്രധാന ഉപഭോക്താക്കളിൽ വിദ്യാർഥികളും ഉൾപ്പെടുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായി രണ്ടുകിലോ വീതമുള്ള പാക്കറ്റുകളാക്കി റിക്ഷയിൽ വിതരണത്തിനൊരുക്കിയ കഞ്ചാവാണ് ശനിയാഴ്ച പിടികൂടിയത്. ചൗക്കിയിൽ കൈകാണിച്ചിട്ടും നിർത്താതെപോയ റിക്ഷയെ പിന്തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. കേരളത്തിലേക്ക് കഞ്ചാവും മയക്കുമരുന്നും കടന്നുവരുന്നത് ജില്ലയിലെ കർണാടക റോഡുകളും വഴികളും ഉപയോഗിച്ചാണെന്ന് സൂചനയുണ്ട്. ഏതാനും മാസംമുമ്പ് ആദൂർ പൊലീസ് പരിധിയിൽ വലിയ കഞ്ചാവുവേട്ട നടന്നിരുന്നു. പൊലീസും എക്സൈസും പിന്തുടർന്ന പ്രതികൾ പിടിയിലായി. 124 കിലോ കഞ്ചാവ് ഇവരിൽനിന്നും പിടികൂടി. ആന്ധ്രയിൽ നിന്നും കാറിൽ കടത്തുകയായിരുന്നു കഞ്ചാവ്.
ഡിസംബറിൽ തലപ്പാടിയിൽ നിന്നും എക്സൈസ് വിഭാഗം 114 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. എം.ഡി.എം.എയും ജില്ലയിൽ വ്യാപകമാവുകയാണ്. ജില്ലയിലെ സ്കൂൾ പരിസരങ്ങളിലാണ് ഇവ ചെലവഴിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം മിയാപദവിൽനിന്നും 55 ഗ്രാമും ദേളിയിൽനിന്നും 240 ഗ്രാമും പിടികൂടി.
കൊടും കുറ്റവാളികൾ, ജയിലിൽനിന്നും ഇറങ്ങിയാലുള്ള ജീവിതമാർഗമായി കഞ്ചാവ് വ്യാപാരം നടത്തുകയാണ്. ആന്ധ്രയിൽനിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നത്. എക്സൈസിന്റെ ആൾക്ഷാമവും പൊലീസിനു ക്രമസമാധാന പരിപാലനത്തിനു സമയമില്ലാത്തതും കഞ്ചാവുവേട്ട പതിവാക്കുന്നതിന് തടസ്സമാണ്.
ശനിയാഴ്ച കഞ്ചാവ് പിടികൂടിയ പൊലീസ് സംഘത്തിൽ എസ്.ഐമാരായ സി.കെ. ബാലകൃഷ്ണൻ, മധുസൂദനൻ, വിനോദ് കുമാർ, രഞ്ജിത്ത്, എ.എസ്.ഐമാരായ ജോസഫ്, അബൂബക്കർ, പൊലീസുകാരായ ശിവകുമാർ, രാജേഷ് മാണിയാട്ട്, ഷജീഷ്, എസ്. ഗോകുല, സുഭാഷ് ചന്ദ്രൻ, സാഗർ വിജയൻ, ഓസ്റ്റിൻ തമ്പി, ശ്രീജിത്ത് കരിച്ചേരി, നിതീഷ്, വിപിൻ സാഗർ എന്നിവർ ഉണ്ടായിരുന്നു.
ആന്ധ്രയിലേക്ക് പൊലീസ് സംഘം
സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിൽ പിടിക്കപ്പെട്ട കഞ്ചാവിന്റെ ഉറവിടം വ്യക്തമായതോടെ പൊലീസ് ആന്ധ്രയിലേക്ക് പുറപ്പെട്ടതായി ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന അറിയിച്ചു. കഞ്ചാവ് സംഘത്തിലെ മുഖ്യകണ്ണി ആന്ധ്രയിലാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. കഞ്ചാവ് പിടികൂടിയ അന്വേഷണ സംഘത്തിന് 10000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതായും എസ്.പി പറഞ്ഞു.
ക്രമസമാധാന പാലനത്തിന് സമയമില്ല
മയക്കുമരുന്നും കഞ്ചാവും മദ്യവും നിയന്ത്രിക്കേണ്ട എക്സൈസ് ആളില്ലാതെ ബുദ്ധിമുട്ടുന്നു. ആൾബലമുള്ള പൊലീസിനാണെങ്കിൽ സർക്കാർ മറ്റ് ജോലികൾ ഏൽപിക്കുകയാണ് ചെയ്യുന്നത്.
ജനമൈത്രി എന്ന പേരിലും കോവിഡിന്റെയും പേരിലും സർക്കാർ ഏൽപിക്കുന്ന സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിലും പൊലീസ് സേന ക്രമസമാധാന പരിപാലനത്തിന് എത്തുന്നില്ല എന്നതാണ് പരാതി. അധ്യാപകരും ആരോഗ്യ പ്രവർത്തകരും സാമൂഹികക്ഷേമ വകുപ്പും നടത്തേണ്ട പല പ്രവൃത്തികളും ഇപ്പോൾ പൊലീസാണ് നടത്തുന്നത്.
വൃദ്ധജനങ്ങളെ കണ്ടെത്തുക, സ്കൂൾ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുക, മരങ്ങൾ വെച്ചുപിടിപ്പിക്കുക, പിഞ്ചുകുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകുക തുടങ്ങിയ പ്രവൃത്തികളും പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.