ബേക്കല്‍ കോട്ടയില്‍ 'ഭൂകമ്പം'; ദുരന്ത നിവാരണസേന രംഗത്ത്
text_fieldsകാസർകോട്: ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ബേക്കല്‍ കോട്ടയില്‍ മോക്ഡ്രില്‍. 'ആസാദീ കാ അമൃത്' മഹോത്സവത്തോടനുബന്ധിച്ച് രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളില്‍ മോക്ഡ്രില്‍ നടത്തുന്നതിെൻറ ഭാഗമായാണ് ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ മോക്ഡ്രിൽ അരങ്ങേറിയത്.
റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂകമ്പം ഹോസ്ദുർഗ് താലൂക്കില്‍ ഉണ്ടാവുകയും അതേത്തുടര്‍ന്ന് ബേക്കല്‍ കോട്ടക്ക് സമീപത്തെ പഴയ കെട്ടിടം തകരുകയും അവിടെ 10 പേര് അകപ്പെട്ട് പോവുകയും ചെയ്തപ്പോഴുള്ള രക്ഷാ പ്രവര്‍ത്തനമാണ് ഭാവനയിൽ സൃഷ്ടിച്ചത്. കെട്ടിടത്തിനു പുറത്ത് അകപ്പെട്ട അഞ്ചു പേരെ അഗ്നിശമനസേനയും കെട്ടിടത്തിനകത്ത് അകപ്പെട്ട അഞ്ചു പേരെ ദേശീയ ദുരന്ത നിവാരണസേനയും ചേര്‍ന്ന് വിവിധ രക്ഷാപ്രവര്ത്തനരീതികളിലൂടെ രക്ഷിക്കുന്നതും അവര്‍ക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകള്‍ നല്കി ആംബുലന്‍സില്‍ പെരിയ സി.എച്ച്.സിയില്‍ എത്തിക്കുന്നതുമാണ് കാണിച്ചത്.
എന്‍.ഡി.ആര്.എഫ് നാലാം ബറ്റാലിയന് ഇന്‍സ്പെക്ടര്‍ അര്‍ജുന്‍പാല്‍ രജ്പുതിെന്റ നേതൃത്വത്തില്‍ 28 എന്‍.ഡി.ആര്.എഫ് സേനാംഗങ്ങള്‍, ഫയര്‍ഫോഴ്സ്, ബേക്കല്‍ പൊലീസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തങ്ങളുടെ ഭാഗമായി.
സബ് കലക്ടര്‍ ഡി.ആര്. മേഘശ്രീ, എ.ഡി.എം എ.കെ. രമേന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍ എസ്. സജീദ്, ഹുസൂര്‍ ശിരസ്തദാര്‍ എസ്. ശ്രീജയ, ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍. മണിരാജ്, കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷന് ഓഫിസര്‍ പി.വി. പവിത്രന്, പെരിയ സി.എച്ച്.സി മെഡിക്കല്‍ സംഘം, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രതിനിധികളായ ഉമേഷ്, ഷാജു, ഹസാര്‍ഡ് അനലിസ്റ്റ് പ്രേം ജി. പ്രകാശ്, ബേക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ യുപി. വിപിന്‍, സബ് ഇന്‍സ്പെക്ടര്‍ കെ. രാജീവന്, പി. മനോജ്, പ്രദീപ്, പള്ളിക്കര പഞ്ചായത്ത് വളൻറിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.