പൊടി മാറണം ഈ ലൈബ്രറിക്ക്
text_fieldsകാസർകോട്: ‘ആരെങ്കിലും വരുന്നുണ്ടോ ഈ ഗ്രന്ഥാലയത്തിലേക്ക്?’ ചോദ്യംകേട്ട് സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ പി.എൻ. ബാബു മറുപടി പറഞ്ഞു: ‘ഇപ്പോൾ കുറച്ച് ആളുകൾ വരുന്നുണ്ട്. അത് സാക്ഷരതാ പ്രേരകുമാരാണ്. സർക്കാർ ഉദ്യോഗസ്ഥർ ആഴ്ചയിൽ ഒന്നോ രണ്ടോ. കൂടിയാൽ മൂന്ന്’.
കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഉന്നത പഠനത്തിനു സഹായകമായി രണ്ടു പതിറ്റാണ്ടു മുമ്പ് ജില്ല പഞ്ചായത്ത് ആഭിമുഖ്യത്തിൽ സ്ഥാപിച്ചതാണ് ഇ.എം.എസ് റഫറൻസ് ലൈബ്രറി. കലക്ടറേറ്റിനകത്ത് വനിത കാൻറീൻ കെട്ടിടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.
ഒരു വർഷം മുമ്പ് ‘ഈച്ച’ പോലും തിരിഞ്ഞു നോക്കാനില്ലാതിരുന്ന ലൈബ്രറി സാക്ഷരത മിഷൻ ഏറ്റെടുത്തതോടെ ചെറിയ ആളനക്കമുണ്ടായി. വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും വിവര വിജ്ഞാനത്തിന് വലിയ അധ്വാനത്തിലൂടെയാണ് ഇത് സ്ഥാപിച്ചത്. എഴുത്തു പരീക്ഷകൾക്കായി വന്നിരുന്നും പുസ്തകം കൊണ്ടുപോയും ഉപയോഗിക്കാനുള്ള സംവിധാനമാണിത്.
20 വർഷം മുമ്പ് ആരംഭിച്ച ലൈബ്രറി ഇപ്പോഴും അതേ ഗതിയിൽതന്നെ. രണ്ടായിരത്തോളം പുസ്തകങ്ങൾ ഉണ്ട് ഇവിടെ. കേരളത്തിന്റെ സാമ്പത്തികാവലോകന റിപ്പോർട്ടുൾപ്പടെ വിലപ്പെട്ട രേഖകൾ സംഘാടകർ തിരുവനന്തപുരത്തുനിന്ന് ആസൂത്രണ ബോർഡിലും സർക്കാർ വകുപ്പുകളിലും തേടി നടന്ന് സംഘടിപ്പിച്ചു കൊണ്ടുവന്നതാണ്.
ആർക്കും വേണ്ടാതെ അടച്ചിട്ടപ്പോൾ സാക്ഷരത പ്രേരകുമാർ വനിത കാൻറീന്റെ മുകൾതട്ടിലുള്ള ലൈബ്രറി ഉപയോഗിക്കാൻ തുടങ്ങി. അങ്ങനെ ലൈബ്രറിയുടെ ചുമതലയും അവർക്ക് ലഭിച്ചു. എന്നാൽ, പുസ്തകങ്ങളുടെ കിടപ്പു കണ്ടാൽ ആരും ഉപയോഗിക്കുന്നില്ലെന്നേ തോന്നൂ. നല്ല ഷെൽഫ് ഇല്ല. ലൈബ്രേറിയനില്ല. സംസ്ഥാന ലൈബ്രറി കൗൺസിലിൽ അഫിലിയേഷൻ പോലുമില്ല.
‘ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത് മികച്ച ലൈബ്രറിയാക്കാൻ പദ്ധതിയുണ്ട്. അപ്പോൾ അലവൻസോടെ ലൈബ്രേറിയനെ വെക്കാൻ കഴിയും. സാക്ഷരത പ്രേരകുമാർ പുസ്തകം എടുക്കുന്നുണ്ട്. സെമിനാറുകൾ നടക്കുന്നുണ്ട്. കന്നട ക്ലാസ് ആരംഭിക്കാൻ പോകുകയാണ്. മികച്ച നിലയിൽ മുന്നോട്ടുകൊണ്ടുപോകും. ഞങ്ങളുടെ കൈയിൽ കിട്ടിയിട്ട് കുറച്ചുകാലമേ ആയുള്ളൂ’ പി.ബാബു പറഞ്ഞു.
പുതിയ കാലത്ത് എല്ലാം വിരൽ തുമ്പിൽ ലഭിക്കുന്ന സാഹചര്യമുണ്ട്. അതുകൊണ്ടു തന്നെ ഗ്രാമീണ ലൈബ്രറികളുടെ സജീവത ലഭിക്കണമെന്നില്ലെന്നും അഭിപ്രായമുണ്ട്. കലക്ടറേറ്റ് ജീവനക്കാർക്ക് അക്ഷര ലൈബ്രറിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.