തെരഞ്ഞെടുപ്പൊരുക്കം വിലയിരുത്തി നിരീക്ഷകര്‍
text_fieldsകാസര്‍കോട്: ജില്ലയില്‍ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം ശരിയായ ദിശയിലാണെന്നും വരുംദിവസങ്ങളിലും കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നിയോഗിച്ച നിരീക്ഷകര്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പൊതുനിരീക്ഷകന്‍ റിഷിരേന്ദ്ര കുമാര്‍, പൊലീസ് നിരീക്ഷകന് സന്തോഷ് സിങ് ഗൗര്‍, തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന് ആനന്ദ് രാജ്, വരണാധികാരി കെ. ഇമ്പശേഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അസി. റിട്ടേണിങ് ഓഫിസര്‍മാരുടെയും ജില്ലതല നോഡല്‍ ഓഫിസര്‍മാരുടെയും പൊലീസ്, വനംവകുപ്പ്, എക്സൈസ് ജില്ല മേധാവികളുടെയും യോഗത്തിലാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്.
ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ശരിയായ ദിശയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് പൊതുനിരീക്ഷകന്‍ റിഷിരേന്ദ്ര കുമാര്‍ പറഞ്ഞു. സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നതോടെ കൂടുതല്‍ ജാഗ്രതപുലര്‍ത്തേണ്ടത് അനിവാര്യമാണ്. ജില്ലയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രതപാലിക്കണം. വോട്ടെടുപ്പ് ദിവസംവരെ മാത്രമല്ല, വോട്ടെണ്ണലും തുടര്‍ന്ന് തെരഞ്ഞെടുപ്പ് ചെലവ് സമര്‍പ്പിക്കുന്നതുവരെയുള്ള ഘട്ടങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശക്തമായി പ്രവര്‍ത്തിക്കണം. വരുംദിവസങ്ങളില്‍ എല്ലാ നിയമസഭ മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുവെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങള്‍ നടക്കാതിരിക്കാന്‍ സസൂക്ഷ്മം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കും പോളിങ് ബൂത്തുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. യാത്രാസൗകര്യവും റാമ്പ് ഉള്‍പ്പെടെയുള്ള സംവിധാനവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിന് പൊലീസ് സേന ജാഗ്രതയോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പൊലീസ് നിരീക്ഷകന് നിര്‍ദേശിച്ചു. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശരിയായദിശയിലാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സദാ ജാഗ്രതയോടെ പ്രവര്‍ത്തിക്കുമെന്നും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന് പറഞ്ഞു. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ മേധാവി പി. ബിജോയിയും വനം മേഖലയില്‍ നടക്കുന്ന നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ജില്ല ഫോറസ്റ്റ് ഓഫിസര്‍ കെ. അഷ്റഫും എക്സൈസ് നടത്തുന്ന റെയ്ഡുകളും പരിശോധനകളും എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ പി.കെ. ജയരാജും അവതരിപ്പിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 20 മേഖലകളിലെ ജില്ലതല നോഡല്‍ ഓഫിസര്‍മാര്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളും അടുത്ത 20 ദിവസം നടത്താന്‍ ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങളും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.