തെരഞ്ഞെടുപ്പ് സ്ക്വാഡ് ഇറങ്ങി; നിരീക്ഷണം കർശനം
text_fieldsകാസർകോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാൻ സ്ക്വാഡ് ഇറങ്ങി. പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നതിനും ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനുമാണ് സ്ക്വാഡുകള്‍. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പെയ്ഡ് ന്യൂസ് നിരീക്ഷിക്കുന്നതിനും മാധ്യമ നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കി. കലക്ടറേറ്റില്‍ കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു.
ഡമ്പ്, കണ്ട്രോള് റൂം
ജില്ലതല തെരഞ്ഞെടുപ്പ് മാനേജ്മെന്റ് പ്ലാനും കമ്യൂണിക്കേഷന്‍ പ്ലാനും പ്രസിദ്ധീകരണത്തിന് ഒരുങ്ങി. കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. 1950 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം.
തിരിച്ചറിയല്‍ കാര്‍ഡ്
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അനുവദിച്ച മുഴുവന്‍ തീരിച്ചറിയല്‍ കാര്‍ഡുകളും ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു.
താമസം മാറിപ്പോയതോ, സ്ഥലത്ത് ഇല്ലാത്തതോ മരണപ്പെട്ടതോ ആയ വ്യക്തികളെ കണ്ടെത്തുന്നതിന് ബി.എല്‍.ഒ മാര്‍ മുഖേനെ നേരിട്ട് വീടുകളില്‍ ചെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ലിസ്റ്റുകള്‍ തയാറാക്കി പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് കൈമാറും.
രേഖകൾ
വോട്ടര്‍മാരെ തിരിച്ചറിയുന്നതിനായി പോളിങ് ബൂത്തില്‍ താഴെ പറയുന്ന ഇലക്ഷന് കമീഷന് അംഗീകാരമുള്ള തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് കൊണ്ടുവരേണ്ടതാണ്
1) ആധാര്‍ കാര്‍ഡ്
2) തൊഴില്‍ കാര്‍ഡ്
3) ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫിസ് അനുവദിച്ച ഫോട്ടോഗ്രാഫോട് കൂടിയുള്ള പാസ്ബുക്ക്
4) കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
5) ഡ്രൈവിങ് ലൈസന്‍സ്
6) പാന്‍ കാര്‍ഡ്
7) ഏക അംഗീകൃത സ്മാര്‍ട്ട് കാര്‍ഡ്
8) ഇന്ത്യന്‍ പാസ്പ്പോര്‍ട്ട്
9)ഫോട്ടോഗ്രാഫുള്ള പെന്ഷന് രേഖ
10) ഫോട്ടോഗ്രാഫുള്ള സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, പി.എസ്.യു, പബ്ലിക്ക് ലിമിറ്റഡ് കമ്പനി സര്‍വിസ് ഐഡന്റിറ്റി കാര്‍ഡ്
11) എം.പി, എം.എല്‍.എ, എം.എല്‍.സി ഔദ്യോഗിക തിരിച്ചറിയല്‍ രേഖ
12) കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ അംഗീകാരമുള്ള കാര്‍ഡ്
അടിസ്ഥാന സൗകര്യം
ജില്ലയിലെ 983 പോളിങ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. കുടിവെള്ളം, റാമ്പ്, ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കും.
ഭിന്നശേഷി സൗഹൃദം
ഭിന്നശേഷിക്കാരായ വോട്ടര്‍മാരുടെ ഫ്ലാഗിങ് പൂര്‍ത്തിയായി.
ഇവര്‍ക്ക് പോളിങ് സ്റ്റേഷനുകളില്‍ വീല്‍ചെയര്‍ സൗകര്യങ്ങള്‍ ഒരുക്കും. 85 യസ്സിന് മുകളില്‍ പ്രായമുള്ള വോട്ടെടുപ്പിന് ഹാജരാകാന്‍ സാധിക്കാത്ത വോട്ടര്‍മാര്‍ക്കും ഭിന്നശേഷിക്കാരായ പോളിങ് സ്റ്റേഷനില്‍ എത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ക്ക് വീടുകളില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കും.
ക്രമസമാധാനം
സുഗമമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനും എസ്.പി പി. ബിജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സേന പ്രവര്‍ത്തിച്ചുവരുകയാണ്. ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നട, കൂര്‍ഗ് ജില്ലകളിലെ ഉദ്യോഗസ്ഥരുമായി അന്തര്‍ സംസ്ഥാന ബോര്‍ഡര്‍ മീറ്റിങ് ചേര്‍ന്നു.
ചെലവ് നിരീക്ഷിക്കും
സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ചെലവ് കൃത്യമായി നിരീക്ഷിക്കും. ഇതിനായി ചെലവ് നിരീക്ഷകൻ, അസി.ചെലവ് നിരീക്ഷകൻ, ഫ്ലയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം, വിഡിയോ സര്‍വയലന്‍സ് ടീം, വിഡിയോ വ്യൂവിങ് ടീം, അക്കൗണ്ടിങ് ടീം, മീഡിയ സര്ട്ടിഫിക്കേഷന് ആൻഡ് മോണിറ്ററിങ് കമ്മിറ്റി, എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ സഹകരണം, ബാങ്കുകളുടെ സഹകരണം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.
സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കാവുന്ന തുക 95 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
മാധ്യമങ്ങള്‍
മാധ്യമങ്ങള്‍ 24 മണിക്കൂറും നിരീക്ഷിക്കും. പത്ര, ദൃശ്യ, ശ്രാവ്യ, സമൂഹമാധ്യമങ്ങള്‍ കലക്ടറേറ്റില്‍ ഒരുക്കുന്ന ജില്ല മീഡിയ സെല്ലില്‍ നിരീക്ഷിക്കും. പെയ്ഡ് ന്യൂസ്, വ്യക്തിഹത്യ, പ്രകോപനപരമായ വാര്‍ത്തകള്‍ തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കും.
സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളും പെയ്ഡ് ന്യൂസുകളും സ്ഥാനാര്‍ഥികളുടെ ചെലവ് ഇനത്തില്‍ കണക്കാക്കും.
ജില്ലതല മീഡിയ സെല്ലിന്റെ ഭാഗമായി മീഡിയ സര്ട്ടിഫിക്കേഷന് ആൻഡ് മോണിറ്ററിങ് കമ്മിറ്റിയും സോഷ്യല്‍ മീഡിയ സെല്ലും പ്രവര്‍ത്തിക്കും.
കേന്ദ്ര നിരീക്ഷകർ
ജനറല്‍ ഒബ്സര്‍വര്‍, പോലീസ് ഒബ്സര്‍വര്‍, സ്പെഷല്‍ ഒബ്സര്‍വര്‍, ചെലവ് നിരീക്ഷകർ എന്നിവര്‍ ജില്ലയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.