റിട്ടയർമെന്റില്ലാതെ സമ്മാനങ്ങൾ വാരിക്കൂട്ടി ഏലിയാമ്മ
text_fieldsമൊഗ്രാൽ: കോട്ടയം ചങ്ങനാശ്ശേരിയിൽനിന്ന് കുമ്പളയിൽവന്ന് കെ.പി. ഏലിയാമ്മ രണ്ടു പതിറ്റാണ്ട് പിന്നിടുന്നു. ഇപ്പോൾ വയസ്സ് 72. ഈ വാർധക്യത്തിലും കരുത്തോടെ കുമ്പളയിൽ കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കർമസേന എന്നിവയിൽ പ്രവർത്തിച്ചുവരുന്നു.
ഈ പ്രായത്തിനിടക്ക് ഏലിയാമ്മ ചെയ്യാത്ത ജോലികളില്ല. ഹരിത കർമസേനയുടെ ജോലിക്കിടെ ഈ അടുത്ത് ഏലിയാമ്മക്ക് നായുടെ കടിയേറ്റിരുന്നു. അത് ഏലിയാമ്മയെ ഏറെ പ്രയാസത്തിലാഴ്ത്തി.
ഏതു ജോലിയും ഏറ്റെടുത്തുചെയ്യാനുള്ള കരുത്തുണ്ട് ഏലിയാമ്മയുടെ കൈകൾക്ക്. തന്റെ പ്രായത്തിലുള്ള പലരും വാർധക്യത്തിന്റെ അവശതപേറി ജീവിതം തള്ളിനീക്കുമ്പോൾ ഇപ്പോഴും കഠിനാധ്വാനം ചെയ്ത് തളരാതെ കരുത്തോടെ ജീവിതത്തെ നേരിട്ട് മുന്നോട്ടുതന്നെയാണ് ഈ മാതൃദിനത്തിലും ഏലിയാമ്മ.
കഴിഞ്ഞദിവസം കുമ്പള ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ 26ാം വാർഷികാഘോഷത്തിൽ ഏലിയാമ്മ അവതരിപ്പിച്ച പാട്ടും ഡാൻസുമൊക്കെ ശ്രദ്ധേയമായിരുന്നു. മലയാള പ്രസംഗത്തിൽ ഒന്നാംസ്ഥാനം നേടിയപ്പോൾ ലളിതഗാനം, ഫാൻസി ഡ്രസ്, ഫോക് ഡാൻസ്, കവിതരചന എന്നിവയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി സമ്മാനങ്ങൾ വാരിക്കൂട്ടി.
ജോലിത്തിരക്കിനിടയിലും ‘പ്രായമായില്ലേ, നിർത്തിക്കൂടെ’ എന്ന് ചോദിച്ചാൽ ജീവിതത്തില് റിട്ടയർമെന്റ് എന്നൊന്നില്ലെന്ന് ഏലിയാമ്മ പറയും. സർക്കാർ സ്ഥലവും കുമ്പള ഗ്രാമപഞ്ചായത്ത് ഭവനനിർമാണത്തിന് ഫണ്ടും അനുവദിച്ചതുകൊണ്ട് പേരാൽ പൊട്ടോരിയിൽ വീടുകെട്ടി പാതിവഴിയിലാണ്. പൂർത്തീകരണത്തിന് കൈയിൽ കാശില്ലെന്ന് ഏലിയാമ്മ പറയുന്നു. ഭർത്താവും മകനുമൊക്കെ എറണാകുളത്തുതന്നെയാണ് താമസം.
ഏലിയാമ്മക്ക് ഒരു കണ്ണിന് കാഴ്ച കുറവാണ്. ഇരുട്ടിന്റെ വെളിച്ചത്തിൽ 72ാം വയസ്സിലും താൻ ഓടുകയാണെന്ന് ഏലിയാമ്മ. കുമ്പള കോയിപ്പാടി റോഡിലെ കെ.വി.എസ് കോമ്പൗണ്ടിലെ വാടക കെട്ടിടത്തിലാണ് കഴിഞ്ഞ 20 വർഷമായി ഏലിയാമ്മയുടെ താമസം. എറണാകുളം എഴുപുന്നം നീണ്ടകര സ്വദേശി സി.പി. ജോണാണ് ഭർത്താവ്. അഡ്വ. ജോൺ ദിദിമോസ് ഏകമകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.