ജീവനക്കാർ ശേഖരിക്കുന്ന മാലിന്യം മാർക്കറ്റിൽ തള്ളുന്നു
text_fieldsകാസർകോട്: നഗരത്തിൽനിന്ന് നഗരസഭ ജീവനക്കാർ ശേഖരിക്കുന്ന മാലിന്യം മുനിസിപ്പൽ മത്സ്യ മാർക്കറ്റിൽ തള്ളുന്നു. ചാക്കിൽ കെട്ടി കൊണ്ടുവന്ന് മത്സ്യം മൊത്തക്കച്ചവടം ചെയ്യുന്നതിന് ഒരുക്കിയ, വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്ത് നിക്ഷേപിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികൾക്കും മത്സ്യ മൊത്ത വ്യാപാരികൾക്കും മത്സ്യവിതരണ തൊഴിലാളികൾക്കും ദുരിതമായി. നഗരത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ എത്തുന്ന മത്സ്യ മാർക്കറ്റിൽ പല സ്ഥലങ്ങളിൽനിന്നായി ശേഖരിച്ച് കൊണ്ടുവരുന്ന മാലിന്യം നിക്ഷേപിക്കുന്നതിന് നഗരസഭ ഭരണസമിതിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്നാണ് ആരോപണം.
ചാക്കിൽ കെട്ടി കൊണ്ടുവരുന്ന മാലിന്യം മത്സ്യ മാർക്കറ്റിനകത്ത് പൊടിച്ച് സംസ്കരിക്കാൻ സ്വകാര്യ വ്യക്തികൾക്ക് സൗകര്യം ചെയ്തുകൊടുക്കാനുള്ള നീക്കവും അണിയറയിൽ നടക്കുന്നതായി മത്സ്യത്തൊഴിലാളികൾ സംശയിക്കുന്നു.
മത്സ്യ മാർക്കറ്റിൽ മത്സ്യവിൽപന നടത്തുന്ന സ്ഥലത്ത് പുറത്തുനിന്ന് മാലിന്യം ചാക്കിൽ കെട്ടി കൊണ്ടുവന്ന് നിക്ഷേപിച്ച് തൊഴിലാളികളെ ബുദ്ധിമുട്ടിച്ചാൽ മാലിന്യം എടുത്തുമാറ്റി നഗരസഭ ഓഫിസ് പരിസരത്ത് നിക്ഷേപിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.