എന്‍ഡോസള്‍ഫാന്‍: അമ്മമാര്‍ക്ക് പബ്ലിക് ഹിയറിങ്
text_fieldsകാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ അമ്മമാര്‍ക്കായി കേരള വനിത കമീഷന് ഈമാസം പബ്ലിക് ഹിയറിങ് നടത്തുമെന്ന് വനിത കമീഷന് അംഗം അഡ്വ.പി. കുഞ്ഞായിഷ. 14 ജില്ലകളുടെയും പ്രത്യേകതകള്‍ കണ്ടെത്തി വ്യത്യസ്ത മേഖലകളില്‍ ഹിയറിങ് നടത്തുന്നതിന്റെ ഭാഗമായാണ് ഇത്. ആസൂത്രണസമിതി ഹാളില്‍ നടന്ന കമീഷന്റെ ജില്ല സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
കുടുംബ ബന്ധങ്ങളിലെ നിസ്സാര പ്രശ്നങ്ങള്‍ പോലും സങ്കീർണമാക്കുന്ന പ്രവണത കമീഷന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഗാര്‍ഹിക പീഡനം സംബന്ധിച്ച വിഷയം ഇന്ന് സിറ്റിങ്ങില്‍ പരിഗണിച്ചു. ഭാര്യയും ഭർത്താവും തമ്മിൽ ചെറിയ അഭിപ്രായ ഭിന്നതകളുണ്ടായാൽ സംസാരിച്ച് പരിഹരിക്കുന്നതിനുപകരം രണ്ടു വ്യക്തികൾ തമ്മിലുള്ള മത്സരമായി പ്രശ്നങ്ങളെ കാണുന്ന പ്രവണത വർധിക്കുന്നു. ഇത് കുടുംബപ്രശ്നങ്ങൾ സങ്കീർണമാകാൻ കാരണമാകുന്നുവെന്ന് കമീഷൻ അംഗം പറഞ്ഞു.
വനിത കമീഷന് ഇത് ഗൗരവമായാണ് കാണുന്നതെന്നും ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ കൗണ്സലിങ്ങുകള് നല്‍കുമെന്നും കമീഷന് അംഗം പറഞ്ഞു. സിറ്റിങ്ങില്‍ ആകെ 39 പരാതികള്‍ പരിഗണിച്ചു. രണ്ട് പരാതികള്‍ തീര്‍പ്പാക്കി. നാലു പരാതികളിൽ റിപ്പോര്‍ട്ട് തേടി. 37 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. സിറ്റിങ്ങില്‍ കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ഉത്തംദാസ്, അഡ്വ. പി. സിന്ധു, വനിത സെല്‍ എസ്.ഐ എം. ശരണ്യ, വനിത സെല്‍ എ.എസ്.ഐ ടി. ശൈലജ, ഫാമിലി കൗണ്‍സിലര്‍ രമ്യമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.