എൻഡോസൾഫാൻ സെല്ലുമില്ല, പാക്കേജുമില്ല; നിർദേശങ്ങളും നടപ്പാക്കിയില്ല
text_fields
എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാനാണ് എൻഡോസൾഫാൻ വിക്ടിംസ് റെമഡിയേഷൻ സെൽ സ്ഥാപിതമായത്. ശാസ്ത്രീയമായ മാർഗത്തിലൂടെ ദുരിതബാധിതരെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായം ചെയ്യുകയാണ് ലക്ഷ്യം. 2011 നവംബർ 15ന് അന്നത്തെ കൃഷി മന്ത്രി ചെയർമാനായാണ് ഇൗ സെൽ പൂർണതോതിൽ പ്രവൃത്തിപഥത്തിലെത്തുന്നത്. അതിനുമുമ്പ് സെൽ ഉണ്ടായിരുന്നുവെങ്കിലും ജില്ല പഞ്ചായത്ത് പ്രസിഡൻറുമാരായിരുന്നു ചെയർമാന്മാരായിട്ടുണ്ടായിരുന്നത്. കാര്യമായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നില്ല. ഇരകൾക്ക് സഹായം നൽകണമെന്ന് 2010 ഡിസംബർ 11ന് ദേശീയ മനുഷ്യാവകാശ കമീഷൻ ശിപാർശ ചെയ്തതോടെയാണ് പ്രശ്നം കൂടുതൽ ഗൗരവത്തിലേക്കും വിശ്വാസത്തിലൂന്നിയുള്ള നടപടിയിലേക്കും എത്തിയത്. സെല്ലിനു പ്രസക്തിയേറിയതും അപ്പോൾ മുതലാണ്. 2017 ജനുവരി 10ന് സുപ്രീം കോടതിയും ഇരകൾക്ക് സാമ്പത്തിക സഹായം നൽകാൻ നിർദേശിച്ചു.
ഡി.വൈ.എഫ്.ഐ നൽകിയ ഹരജിയെ തുടർന്നാണത്. മനുഷ്യാവകാശ കമീഷൻ ശിപാർശയിൽ, കിടപ്പിലായവർക്കും മാനസിക രോഗികൾക്കും അഞ്ചു ലക്ഷം വീതം നൽകണമെന്ന് പറഞ്ഞിരുന്നുവെങ്കിലും സുപ്രീംകോടതി വിധിയിൽ കാറ്റഗറി നോക്കാതെ എല്ലാ രോഗികൾക്കും അഞ്ചുലക്ഷം നിർദേശിച്ചു. എന്നാൽ, ഈ വിധി നടപ്പായില്ല.
2010, 2013, 2017, 2019 വർഷങ്ങളിലായി 38 മെഡിക്കൽ ക്യാമ്പുകളാണ് ആകെ സംഘടിപ്പിച്ചത്. എൻഡോസൾഫാൻ തളിച്ച പ്ലാേൻറഷൻ കോർപറേഷൻ പരിധിയിലെ 11 ഗ്രാമ പഞ്ചായത്തുകളെയാണ് ഇതിെന്റ പരിധിയിൽ നിശ്ചയിച്ചത്്. 2010ൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുേമ്പാൾ പഞ്ചായത്തുകളുടെ അതിർവരമ്പുകൾ ബാധകമായിരുന്നില്ല. 27 പഞ്ചായത്തുകളിലെയും മൂന്ന് നഗരസഭകളിലെയും ദുരിതബാധിതർ ഉൾപ്പെടുന്നതായിരുന്നു പട്ടിക. പിന്നീടാണ് പ്ലാേൻറഷനോട് ചേർന്നുകിടക്കുന്ന 11 പഞ്ചായത്തുകളിലായി നിജപ്പെടുത്തിയത്. ആകാശമാർഗം തളിച്ചാൽ സമീപ പഞ്ചായത്തുകളിൽ മാത്രമേ വിഷം വീഴുകയുള്ളൂവെന്ന യുക്തിയെ അന്നുതന്നെ ചോദ്യം ചെയ്തിരുന്നു. എൻഡോസൾഫാൻ തളിക്കാൻ തുടങ്ങിയ 1978 മുതൽ '98വരെയുള്ള കാലയളവിൽ 11പഞ്ചായത്തുകളിൽ എവിടെയെങ്കിലും താമസക്കാരായിരുന്നവരാണ് മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കേണ്ടിയിരുന്നത്. ഇങ്ങനെ നടത്തിയ മെഡിക്കൽ ക്യാമ്പുകൾ വഴി ഡോക്ടർമാർ പരിശോധിച്ച് എൻഡോസൾഫാൻ മൂലമുണ്ടായേക്കാവുന്ന രോഗമെന്ന് സ്ഥിരീകരിക്കപ്പെട്ടവരാണ് ഇരകളുടെ പട്ടികയിൽ കയറുക.
ദേശീയ മനുഷ്യാവകാശ കമീഷെൻറയും സുപ്രീംകോടതിയുടെയും നിർദേശങ്ങൾ കൃത്യമായി നടപ്പാക്കിയില്ല എന്നതാണ് പ്രധാന ആക്ഷേപം. മൂന്നു കാറ്റഗറി മാത്രം മതിയെന്ന കമീഷൻ ശിപാർശയും കാറ്റഗറി തന്നെ വേണ്ട, എല്ലാവർക്കും അഞ്ചുലക്ഷം വീതം നൽകണമെന്ന കോടതിവിധിയും മറികടന്ന സർക്കാർ സാമ്പത്തിക ബാധ്യത ഇല്ലാതാക്കാൻ കാറ്റഗറിയെ നാലായി തിരിച്ചു. സർക്കാറിെൻറ സമാശ്വാസ നടപടികൾക്ക് അർഹരായി 6727 രോഗികളെയാണ് തിരഞ്ഞെടുത്തത്. 1. മാനസിക വെല്ലുവിളി, 2. കിടപ്പുരോഗികൾ, 3.കാൻസർ രോഗികൾ, 4. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ എന്നിങ്ങനെ. 1498 പേരെയാണ് മാനസിക വൈകല്യത്തിൽ ഉൾപ്പെടുത്തിയത്. ഇതിൽ 1173 പേർക്ക് മനുഷ്യാവകാശ കമീഷൻ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ വീതം നൽകിയിട്ടുണ്ട്. കിടപ്പുരോഗികളുടെ ഗണത്തിൽ 371പേരാണുള്ളത്. ഇതിൽ 269പേർക്ക് അഞ്ചുലക്ഷം രൂപ വീതം ലഭിച്ചു.
കാൻസർ വിഭാഗത്തിൽ 699 പേരാണുള്ളത്. ഇതിൽ 580 പേർക്ക് മൂന്നുലക്ഷം രൂപവീതം ലഭിച്ചു. ശാരീരിക വൈകല്യം വിഭാഗത്തിൽ 1189 പേരാണുള്ളത്. ഇവർക്ക് കോടതിവിധി പ്രകാരം മൂന്നുലക്ഷം രൂപവീതം ലഭിക്കും. 988 പേർക്ക് ഈ തുക ലഭിച്ചു. 2017ലെ വിധി പൂർണമായും നടപ്പാക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, അതിനു തയാറാവത്തതിനെ തുടർന്ന് നാല് അമ്മമാർ കോടതിയലക്ഷ്യ ഹരജി സമർപ്പിച്ച് വിധി നേടുകയുണ്ടായി.
മെഡിക്കൽ ക്യാമ്പുകൾ വഴി 2011ൽ വന്ന ഇരകളുടെ പട്ടികയിൽ 6727പേരാണ് ഉണ്ടായിരുന്നത്. ഇതിലുള്ള 610 പേർക്ക് ഇപ്പോഴും ഒന്നും കിട്ടിയിട്ടില്ല. മുഖ്യമന്ത്രിയുമായി എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ പുതിയ പട്ടികയിലെ 1031 പേർക്ക് ചികിത്സ ഉറപ്പാക്കി. എന്നാൽ, പുതിയ മെഡിക്കൽ ക്യാമ്പ് നടത്തിയില്ല. 18 വയസ്സിൽ താഴെയുള്ള രോഗികളായ കുട്ടികൾക്കും നഷ്ടപരിഹാരം നൽകിയില്ല. തുടർചികിത്സക്കും ശസ്ത്രക്രിയക്കുമുള്ള പണം ദേശീയാരോഗ്യ ദൗത്യം ജില്ല പ്രോജക്ട് ഒാഫിസർ അനുവദിക്കുന്നില്ല. ദുരിതബാധിതരുടെ റേഷൻ കാര്‍ഡ് ബി.പി.എല്‍ ആക്കുക, ദുരിതബാധിതര്‍ക്കായി പുനരധിവാസ വില്ലേജ് സ്ഥാപിക്കുക, ദുരിതബാധിതരുടെ ലിസ്റ്റിലുള്ള മുഴുവന്‍ ആളുകള്‍ക്കും സാമ്പത്തിക സഹായം നല്‍കുക, സൗജന്യ ചികിത്സ, ജില്ല ആശുപത്രിയില്‍ സൈക്യാട്രിസ്റ്റിെൻറ സേവനം, മെഡിക്കല്‍ കോളജ് ആശുപത്രിയുടെ നിർമാണം ത്വരിതപ്പെടുത്തുക, എല്ലാ വര്‍ഷവും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക, കടങ്ങൾ എഴുതിത്തള്ളുക, രോഗികൾക്ക് സൗജന്യ ആംബുലൻസ് സേവനം നൽകുക, കുട്ടികൾക്കായി ബഡ്സ് സ്കൂൾ എന്നിങ്ങനെ പോകുന്നു മറ്റ് ആവശ്യങ്ങൾ.
പുനരധിവാസ പാക്കേജ് ഊരാളുങ്കലിനെ ഏൽപിച്ചിരുന്നു. അത് തറക്കല്ലിൽ ഒതുങ്ങി. ജില്ല ആശുപത്രിയിൽ നിയോഗിച്ച സൈക്യാട്രിസ്റ്റിനെ കൊട്ടാരക്കരയിൽ തസ്തികയുണ്ടാക്കി അദ്ദേഹത്തിന് സ്വന്തം നാട്ടിൽ സ്വകര്യമൊരുക്കിക്കൊടുത്തു. കടങ്ങൾ എഴുതിത്തള്ളിയില്ല എന്നുമാത്രമല്ല, ജപ്തി നോട്ടീസ് നൽകുന്നുമുണ്ട്. ബഡ്സ് സ്കൂൾ എല്ലാം സ്ഥാപിച്ചിട്ടില്ല. സ്ഥാപിതമായവ സാമൂഹിക ക്ഷേമവകുപ്പിെൻറ കീഴിൽ പൊതു സ്ഥാപനമായി മാറി. എൻഡോസൾഫാൻ ദുരിത ബാധിതർക്കുവേണ്ടിയുള്ള സെൽ േയാഗം ചേരാറേയില്ല. കോവിഡിെൻറ പേരിൽ ഒരുവർഷമായി എൻഡോസൾഫാൻ സെല്ലും ചേരാറില്ല. യോഗത്തിലാണ് ഏറെയും ചർച്ചകൾ ഉയരുന്നത്. ഇത് ഒഴിവാക്കാനാണ് സെൽ ചേരാത്തതും ചെയർമാനെ നിയമിക്കാത്തതും.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.