എന്‍ഡോസള്‍ഫാന്‍ സെൽ: ഉത്തരവിറങ്ങി
text_fieldsകാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമുള്ള ജില്ലതലസെൽ പുനഃസംഘടിപ്പിച്ച് ഉത്തരവിറങ്ങി. മന്ത്രി എം.വി. ഗോവിന്ദന് ചെയര്‍മാനും ജില്ല കലക്ടർ കണ്‍വീനറുമാണ്.
രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എം.എല്‍.എമാരായ എ.കെ.എം. അഷ്റഫ്, സി.എച്ച്. കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്, എം.രാജഗോപാലന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, മഞ്ചേശ്വരം, കാസര്‍കോട്, കാറഡുക്ക, കാഞ്ഞങ്ങാട്, പരപ്പ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭ ചെയര്പേഴ്സന്മാര്, എന്മകജെ, കുംബഡാജെ, ബെള്ളൂര്‍, ബദിയടുക്ക, കാറഡുക്ക, മുളിയാര്‍ പനത്തടി, കള്ളാര്‍, അജാനൂര്‍, പുല്ലൂര്‍ -പെരിയ, കയ്യൂര്‍ -ചീമേനി പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളാണ്.
മുന്‍ എം.പി പി. കരുണാകരന്, മുന്‍ മന്ത്രി സി.ടി. അഹമ്മദലി, മുന്‍ എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്, കെ. കുഞ്ഞിരാമന് എന്നിവരും ഉദ്യോഗസ്ഥരും അംഗങ്ങളാണ്.
സെല്ലിൽനിന്ന് എൻ.എ. നെല്ലിക്കുന്ന് പുറത്ത്
കാസർകോട്: പ്രതിഷേധങ്ങൾക്കൊടുവിൽ എൻഡോസൾഫാൻ സെൽ പുനഃസംഘടിപ്പിച്ചപ്പോൾ കാസർകോട് മണ്ഡലം എം.എൽ.എ എൻ.എ. നെല്ലിക്കുന്ന് പുറത്ത്. ജില്ലയിലെ ഏക എം.പിയും അഞ്ച് എം.എൽ.എമാരിൽ നാലുപേരും പട്ടികയിൽ ഇടംപിടിച്ചപ്പോഴാണ് ഇദ്ദേഹത്തെ വെട്ടിയത്.
മുൻ എം.പിയും എം.എൽ.എമാരും പട്ടികയിൽ ഉണ്ടായിട്ടും ഇദ്ദേഹത്തെ അവഗണിച്ചത് എന്തിനെന്ന് വ്യക്തമല്ല. എൻഡോസൾഫാൻ ദുരിതബാധിതരിൽ കൂടുതലും കാസർകോട് മണ്ഡലത്തിലായിരിക്കെയാണ് ഈ സ്ഥിതി. ഏറ്റവും കൂടുതൽ എൻഡോസൾഫാൻ ദുരിതബാധിതരുള്ള ബദിയടുക്ക, കുംബഡാജെ, ബെള്ളൂർ, കാറഡുക്ക പഞ്ചായത്തുകൾ കാസർകോട് നിയോജക മണ്ഡലത്തിലാണ്. എൻഡോസൾഫാൻ സെല്ലിന്റെ യോഗം നടക്കുന്ന കലക്ടറേറ്റ് വരെ കാസർകോട് മണ്ഡലത്തിലാണെന്നതും സർക്കാർ മറന്നു. ഗവ. മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി തുടങ്ങി ജില്ലയിൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ചികിത്സ ഒരുക്കേണ്ട ആശുപത്രികളും കാസർകോട് മണ്ഡലത്തിലാണ്. ജില്ലയുടെ ആസ്ഥാനത്തെ ജനപ്രതിനിധിയെ ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് കാരണമാവും.
പ്രതിപക്ഷത്തുനിന്ന് എം.പിയും മഞ്ചേശ്വരം എം.എൽ.എയും പട്ടികയിൽ ഉണ്ടായിരിക്കെ വ്യക്തിപരമായ ചില അനിഷ്ടങ്ങളാണ് ഇദ്ദേഹത്തെ തഴയാൻ കാരണമെന്നാണ് സൂചന. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പല പോരാട്ടങ്ങളും നടത്തിയയാളാണ് എൻ.എ. നെല്ലിക്കുന്ന്. എം.എൽ.എയാവുന്നതിനുമുമ്പ് ഹൈകോടതിയിൽ നിയമയുദ്ധം നടത്തിയിരുന്നു. നിയമസഭയിൽ അടിയന്തരപ്രമേയം ഉൾപ്പെടെ ഉന്നയിച്ചതിന്റെ പ്രതികാരമാണ് സർക്കാർ തീർക്കുന്നതെന്നും ദുരിതബാധിതർക്കായി ഇനിയും സജീവമായി രംഗത്തുണ്ടാവുമെന്നും എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.