എൻഡോസൾഫാൻ സെൽ പുനഃസംഘടന: മന്ത്രി ഖേദം പ്രകടിപ്പിച്ചു; നെല്ലിക്കുന്നിനെ ഉൾപ്പെടുത്തി പുതിയ പട്ടിക ഉടൻ
text_fieldsകാസർകോട്: എൻഡോസൾഫാൻ സെല്ലിൽനിന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയെ ഒഴിവാക്കിയ നടപടിയിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹിക നീതി മന്ത്രി ആർ. ബിന്ദു.
തെറ്റുപറ്റിയെന്നും പേര് ഉൾപ്പെടുത്തി പുതിയ പട്ടിക പുറത്തിറക്കുമെന്നും എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയെ മന്ത്രി ഫോണിൽ അറിയിച്ചു. എൻഡോസൾഫാൻ സെൽ പുനഃസംഘടിപ്പിച്ചപ്പോൾ ജില്ല ആസ്ഥാനത്തെ എം.എൽ.എയെ ഒഴിവാക്കിയ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മന്ത്രി വിശദീകരിച്ചു.
ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ബുധനാഴ്ചയാണ് എൻഡോസൾഫാൻ സെൽ പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കിയതത്. ജില്ലയിലെ അഞ്ച് എം.എൽ.എമാരിൽ നാലുപേരും ഉണ്ടായിരിക്കെയാണ് നെല്ലിക്കുന്നിനെ ഒഴിവാക്കിയത്. ജില്ലയിലെ എം.പിയും മുൻ എം.പിയും മുൻ എം.എൽ.എമാരുമെല്ലാം പട്ടികയിൽ ഇടംപിടിച്ചിട്ടും ഇദ്ദേഹത്തെ തഴഞ്ഞതിൻെറ കാരണം വ്യക്തമായിരുന്നില്ല. ജില്ലയിൽ എൻഡോസൾഫാൻ ദുരിതബാധിതർ ഏറ്റവും കൂടുതൽ കാസർകോട് മണ്ഡലത്തിലാണ്.
എൻഡോസൾഫാൻ വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയം ഉൾപ്പെടെ ഉന്നയിച്ചതിൻെറ പേരിലുള്ള പകപോക്കലാണ് നടപടിയെന്ന് നെല്ലിക്കുന്ന് വിമർശിച്ചിരുന്നു. കൈയബദ്ധമാണ് സംഭവിച്ചതെന്നും തെറ്റ് തിരുത്തുമെന്നും മന്ത്രി ആർ. ബിന്ദു അറിയിച്ചതായി എം.എൽ.എ പറഞ്ഞു. അതേസമയം, ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി അഹമ്മദ് ദേവർകോവിലിനുപകരം മന്ത്രി എം.വി. ഗോവിന്ദനെ എൻഡോസൾഫാൻ സെൽ ചെയർമാനാക്കിയതിലും വിമർശനമുയർന്നു. ജില്ലയുടെ ചുമതല വഹിച്ചിരുന്ന മുൻ മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും കെ.പി. മോഹനനുമായിരുന്നു മുൻകാലങ്ങളിൽ സെൽ ചെയർമാന്മാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.