എന്‍ഡോസള്‍ഫാന്‍; ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തിൽ നടപടി
text_fieldsകാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട 1,031പേരെകൂടി ഉൾപ്പെടുത്തി മെഡിക്കൽ ക്യാമ്പ് നടത്താൻ തീരുമാനം. ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്ത യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
2017ലെ പ്രാഥമിക പട്ടികയില്‍പെട്ട ഇവരെ ഒഴിവാക്കിയതിന്റെ കാരണങ്ങള്‍ പരിശോധിച്ച് അർഹരായവരെ ഉള്‍പ്പെടുത്തും. എന്‍ഡോസള്‍ഫാന്‍ പുനരധിവാസയോഗം ചേർന്ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. 20,808 പേരുടെ ഫീല്‍ഡുതല പരിശോധന നടക്കുന്നുണ്ട്. മൂന്നുഘട്ടങ്ങളിലായാണ് പരിശോധന. 6,202 പേരുടെ ആദ്യഘട്ട ഫീല്‍ഡ് പരിശോധന പൂര്‍ത്തിയായി. രണ്ടാംഘട്ടത്തിലെ പ്രാഥമിക മെഡിക്കല്‍ പരിശോധനയും മൂന്നാംഘട്ട മെഡിക്കല്‍ ബോര്‍ഡ് പരിശോധനയും ആഗസ്റ്റ് 31നകം പൂര്‍ത്തീകരിക്കും. 2011 ഒക്ടോബർ 25നുശേഷം ജനിച്ച ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്കാൻ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദുരിതബാധിതര്‍ക്ക് സൗജന്യചികിത്സ തുടരാനുള്ള തുക കാസര്‍കോട് വികസന പാക്കേജില്പ്പെടുത്തും. സര്‍ക്കാര്‍ അനുവദിച്ച രണ്ടരക്കോടി രൂപ ഉപയോഗിച്ച് കുടിശ്ശിക തീര്‍ക്കും.
മൂളിയാര്‍ പുനരധിവാസ ഗ്രാമത്തിൽ ദിവസം 30 പേര്‍ക്ക് പരിചരണം നല്കാൻ തെറപ്പിസ്റ്റുകളെ നിയമിക്കുയും ജീവനക്കാരെ നിയമിക്കാനും പരിശീലനം നല്‍കാനും നിപ്മെറിനെ ചുമതലപ്പെടുത്തുകയും ചെയ്യും.
യോഗത്തില്‍ മന്ത്രിമാരായ ആര്. ബിന്ദു, വീണ ജോര്‍ജ്, കെ.എന്‍. ബാലഗോപാല്‍, പി.എ. മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. രാജന് ഖോബ്രഗഡെ, സാമൂഹികനീതി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പുനീത്കുമാര്‍, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി, കാസര്‍കോട് ജില്ല കലക്ടര്‍ ഇമ്പശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
1031പേരെ ഒഴിവാക്കിയ നടപടിക്കെതിരെ എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി നിരന്തരസമരം നടത്തിയിരുന്നു. അടുത്തതവണ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.