എൻഡോസൾഫാൻ: കോഴിക്കോട് മെഡിക്കൽ കോളജ് ഒരു പഠനത്തിന് രണ്ടു റിപ്പോർട്ടുണ്ടാക്കിയെന്ന്
text_fieldsകാസർകോട്: എൻഡോസൾഫാൻ സംബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ഒരു പഠനത്തിന് രണ്ടു റിപ്പോർട്ട് ഉണ്ടാക്കിയെന്ന് കാർഷിക സർവകലാശാല ശാസ്ത്രജ്ഞൻ. ഇല്ലാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് എന്ന് വരുത്തിതീർക്കാൻ ശ്രമിച്ചുവെന്ന ഗുരുതര ആരോപണം കാർഷിക സർവകലാശാല ശാസ്ത്രജ്ഞൻ ഡോ. കെ.എം. ശ്രീകുമാർ മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിൽ ഉന്നയിച്ചു. 'കോഴിക്കോട് മെഡിക്കല്‍ കോളജ് രണ്ടുതരം റിപ്പോര്‍ട്ട് ഉണ്ടാക്കി. 15 പേജ് ഉള്ളതും 54 പേജുള്ളതും. 54 പേജുള്ള യഥാർഥ റിപ്പോര്‍ട്ട് 2011 ഫെബ്രുവരി 19ന് തയാറാക്കി സര്‍ക്കാറിലേക്കയച്ചു. അതിനുശേഷം ഇതില്‍നിന്നും ചില പട്ടികകള്‍ മാത്രം ചേര്‍ത്ത് കീടനാശിനി തളിച്ച ഭാഗത്ത് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ട് എന്ന് വരുന്ന രീതിയില്‍ 15 പേജ് റിപ്പോര്‍ട്ട്, അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഈ പ്രശ്നത്തില്‍ നിരാഹാരം കിടന്നതിെൻറ തലേദിവസം പത്രങ്ങള്‍ക്ക് നല്കി. ഇത് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയൺമെന്റ് പ്രസിദ്ധീകരിച്ചു. അന്നത്തെ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചര്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചതും ഡി.വൈ.എഫ്.ഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതും ഇന്റര്‍നെറ്റ് വഴി ലോകമാകെ പ്രചരിപ്പിച്ചതും ഈ റിപ്പോര്‍ട്ടാണ്.
ഒരേ പഠനത്തില്‍ രണ്ടുതരം റിപ്പോര്‍ട്ടുകള്‍ എന്തുകൊണ്ട് ഉണ്ടാക്കി എന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനോട് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ 15 പേജുള്ള റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ല എന്നാണ് പ്രിന്‍സിപ്പല്‍ നൽകിയ മറുപടി.
കോഴിക്കോട് മെഡിക്കൽ കോളജ് പഠനത്തിനായി തെരഞ്ഞെടുത്ത രണ്ടു സ്ഥലങ്ങളായ ബാനവും ബോവിക്കാനവും തമ്മിൽ പഠനത്തിൽ വ്യത്യാസമൊന്നുമില്ല എന്നു കാണിക്കുന്ന പട്ടികകള്‍ ഒഴിവാക്കി ഭാഗിക റിപ്പോര്‍ട്ട് സമർപ്പിച്ചത് എന്തുകൊണ്ട് എന്നു വിശദീകരിക്കാനുള്ള ബാധ്യത കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഗവേഷകര്‍ക്കുണ്ട് എന്ന് ശ്രീകുമാർ പറഞ്ഞു.
കീടനാശിനി പ്രയോഗത്തിന് വിധേയമായ മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം പ്രദേശത്തെ 1000 വീട്ടുകാരുടെയും കീടനാശി തളിക്കപ്പെടാത്ത കോടോം-ബേളൂര്‍ പഞ്ചായത്തിലെ ബാനം പ്രദേശത്തെ 850 വീട്ടുകാരുടെയും ആരോഗ്യപ്രശ്നങ്ങളുടെ താരതമ്യപഠനമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് നടത്തിയത്.
സാധാരണ പഠനറിപ്പോര്‍ട്ടുകളില്‍ ഒരു അവലോകനഭാഗം കാണാം. എന്നാല്‍, മെഡിക്കൽ കോളജിെൻറ പഠനത്തില്‍ ഇങ്ങനെയൊരു ഭാഗമേയില്ല-ശ്രീകുമാർ പറഞ്ഞു.
സർക്കാറിനു കീഴിലെ ഒരു സർവകലാശാല നടത്തിയ പഠനം ഇരട്ടത്താപ്പാണ് എന്ന് മറ്റൊരു സർവകലാശാലയിലെ ശാസ്ത്രജ്ഞൻ പരസ്യമായി പറയുന്നത് സർവിസ് ചട്ടലംഘനമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്.
ഡോ. ഡി. സജിത്ബാബു കാസർകോട് ജില്ല കലക്ടറായിരിക്കെ എൻഡോസൾഫാൻ മൂലമല്ല കാസർകോട്ടെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത് എന്ന വാദം ശക്തമായിരുന്നു. സർക്കാറും ഇക്കാര്യത്തിൽ ഇരകൾക്കൊപ്പം നിന്നില്ല എന്ന ആക്ഷേപം ശക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.