എൻഡോസൾഫാൻ: അനർഹരുടെ പരിശോധനയില്ല
text_fieldsകാസർകോട്: എൻഡോസൾഫാൻ ഇരകൾക്ക് സുപ്രീംകോടതി വിധിയനുസരിച്ച് നഷ്ടപരിഹാരം നൽകാനുള്ള നടപടിക്കിടയിൽ അനർഹരുടെ പരിശോധനയില്ല. ഇതുസംബന്ധിച്ച് മാർഗനിർദേശം ആവശ്യപ്പെട്ട് എൻഡോസൾഫാൻ വിക്ടിംസ് റെമെഡിയേഷൻ സെൽ സർക്കാറിന് നൽകിയ റിപ്പോർട്ടിൽ നടപടിയുണ്ടാകില്ലെന്ന് സാമൂഹിക നീതി വകുപ്പ് അറിയിച്ചു. ഇതോടെ നിലവിലെ പട്ടിക അനർഹരുടേതാണെന്ന് പരാമർശിച്ച് മുൻ കലക്ടർ ഡോ. ഡി. സജിത് ബാബു സർക്കാറിന് നൽകിയ റിപ്പോർട്ട് പരിഗണിക്കില്ലെന്ന് വ്യക്തമായി.
കാസർകോട്ടെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം എൻഡോസൾഫാനല്ലെന്ന നിലപാടിലാണ് മുൻ കലക്ടർ 'അനർഹർ' വാദവുമായി സർക്കാറിന് റിപ്പോർട്ട് നൽകിയത്. പട്ടികയിൽപെട്ടവർക്ക് വീണ്ടും ക്യാമ്പ് നടത്തി അനർഹരെ ഒഴിവാക്കണമെന്നാണ് മുൻ കലക്ടർ നൽകിയ റിപ്പോർട്ട്. കീടനാശിനിയുടെ ദുരന്തഫലമായി ഗർഭം ധരിക്കാനാവാത്തവർ പിന്നിട് ഗർഭം ധരിച്ചത് കുറ്റകരമായി അവതരിപ്പിച്ച് കലക്ടർ നൽകിയ ഉത്തരവ് വിവാദമായിരുന്നു. ഇരകൾക്ക് നൽകാനുള്ള ധനസഹായം ഉടൻ നൽകണമെന്ന സുപ്രീംകോടതി ഉത്തരവ് ജൂലൈ 11നകം പൂർത്തിയാക്കണം. ജൂലൈ 11നകം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമായിരിക്കും. അതിനുമുമ്പ് പട്ടികയിലെ അനർഹരെ അന്വേഷിക്കുക സാധ്യമല്ല. പട്ടികയിലെ നമ്പർ കോടതി അംഗീകരിച്ചിരിക്കുന്നതിനാൽ ഇതിൽ പുനഃപരിശോധനയും സാധ്യമല്ല. 3714 പേർക്കാണ് സഹായം ലഭിക്കേണ്ടത്. സുപ്രീംകോടതിയുടെ കർശന ഉത്തരവിന്റെ അടിസ്ഥാനത്തിൽ 200 കോടിയാണ് ഇരകൾക്ക് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഹരജിക്കാരായ എട്ടുപേർക്ക് തുക നൽകി. മറ്റുള്ളവരുടെ പട്ടിക ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഓൺലൈൻ വഴി സഹായവിതരണത്തിന് സെൽ സംവിധാനം ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.