എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം: വല്ലതും നടക്കുമോ?
text_fieldsകാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിതർക്കായുള്ള ഏറ്റവും വലിയ പുനരധിവാസ വില്ലേജിന്റെ നിർമാണ പുരോഗതിയും മന്ദഗതിയിൽ. സാമ്പത്തിക ബുദ്ധിമുട്ടിൽ ഇതിന്റെ നിർമാണ പ്രവർത്തനവും ഇഴയുകയാണ്. 4.45 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് ഒന്നാംഘട്ട തുക കാസർകോട് വികസന പാക്കേജിൽ നിന്ന് ഒന്നാംഘട്ട പദ്ധതിക്കായി അനുവദിച്ചത്.
ഈ തുകയുടെ പ്രവർത്തനം മാത്രമാണ് ഇപ്പോൾ ഒച്ചിന്റെ വേഗതയിൽ ഇഴയുന്നത് രണ്ട് ജെ.സി.ബിയും ഏതാനും ജോലിക്കാരും പദ്ധതി പ്രദേശമായ ബോവിക്കാനം മുതലപ്പാറയിലുണ്ട് എന്നതൊഴിച്ചാൽ മറ്റൊന്നും നടക്കുന്നില്ല. 2020ലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്.
2022 മേയ് 25നാണ് പദ്ധതിയുടെ നിർമാണ പ്രവർത്തനം ആരംഭിച്ചത്. ഒരു വർഷം കഴിഞ്ഞ് 2023 മേയ് 24നാണ് ഒന്നാം ഘട്ടംപൂർത്തിയാകേണ്ടത്. എന്നാൽ ഇപ്പോഴും പദ്ധതിയുടെ പകുതിപോലും പൂർത്തിയായിട്ടില്ല. 2023 മേയ് അഞ്ചിന് ജില്ല സന്ദർശിച്ച സാമൂഹിക നീതി വകുപ്പ് മന്ത്രി പദ്ധതി പ്രദേശം സന്ദർശിച്ചിരുന്നു.
പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന ഉറപ്പുനൽകിയിരുന്നുവെങ്കിലും നിശ്ചിത സമയം കഴിഞ്ഞ് അഞ്ച് മാസം കഴിഞ്ഞു. ക്ലിനിക്കൽ സൈക്കോളജി ബ്ലോക്ക്, കൺസൽട്ടിങ് ആൻഡ് ഹൈഡ്രോതെറപ്പി ബ്ലോക്ക് തുടങ്ങിയ ഒന്നാംഘട്ട നിർമാണ പ്രവൃത്തികൾ ജൂൺ മാസത്തോടെ സജ്ജമാകും.
രണ്ടാം ഘട്ട നിർമാണ പ്രവൃത്തികൾ തുടങ്ങുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകിയതായി മന്ത്രി പറഞ്ഞിരുന്നു.
എൻഡോസൾഫാൻ ഇരകൾക്ക് എല്ല തരത്തിലുമുള്ള തെറപ്പി സൗകര്യവും പിന്തുണ സംവിധാനങ്ങളും ഉറപ്പു നൽകുന്ന ഒരു പുനരധിവാസ ഗ്രാമമെന്ന ആശയമാണ് പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നത്. എന്നാൽ പദ്ധതി പൂർത്തീകരിക്കുന്നതിനുള്ള താൽപര്യം സർക്കാറിന് ഉണ്ടായിട്ടില്ല.
മുളിയാര്‍ പഞ്ചായത്തില്‍ 25 ഏക്കര്‍ ഭൂമിയാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ഗ്രാമത്തിനായി വകയിരുത്തിയത്. 2020 ജുലൈ നാലിന് മന്ത്രി കെ.കെ. ശൈലജ വീഡിയോ കോണ്‍ഫറന്‍സിലൂടെ തറക്കല്ലിട്ടു. പദ്ധതി ഇപ്പോഴും ഇഴയുകയാണ്.
കെയര്‍ഹോം, ലൈബ്രറി, ഫിസിയോതെറാപ്പി മുറികള്‍, റിക്രിയേഷന്‍ റൂമുകള്‍, ക്ലാസ് മുറികള്‍, സ്കില്‍ ഡെലവപ്മെന്റ് സെന്ററുകള്‍, പരിശോധന മുറികള്‍, താമസ സൗകര്യങ്ങള്‍ തുടങ്ങിയവ പുനരധിവാസ ഗ്രാമത്തില്‍ ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. 58 കോടി രൂപയുടെ പദ്ധതില്‍ ഉറപ്പ് നൽകിയത് ദുരിതബാധിതകര്‍ക്ക് സംരക്ഷണം, ശാസ്ത്രീയ പരിചരണം, പുനരധിവാസം എന്നിവയായിരുന്നു.
ആദ്യഘട്ടത്തിനായി അഞ്ചുകോടി രൂപ കാസര്‍കോട് പാക്കേജില്‍ നിന്ന് അനുവദിക്കുകയും നിര്‍മാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട സഹകരണ സംഘത്തെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്തിന് തന്നെ മാതൃകയാകുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് പൂർത്തിയാക്കാനാവാതെ ഇഴയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.