എൻഡോസൾഫാൻ; സമരം ഇനി സെക്രട്ടേറിയറ്റിലേക്ക്
text_fieldsകാസർകോട്: മുഖ്യമന്ത്രി വാക്ക് പാലിക്കാത്തതിനാൽ എൻഡോസൾഫാൻ ഇരകൾ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരം നടത്താൻ തീരുമാനം.
ലിസ്റ്റിൽനിന്ന് 1031 ദുരിതബാധിതരെ ഒഴിവാക്കിയതിൽ പ്രതിഷേധം രേഖപ്പെടുത്തി ജൂലൈ 17ന് കലക്ടറേറ്റിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു.
1031 പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് നാലരമാസം കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ സമരം നടത്തിയത്.
എന്നാൽ, അനുകൂലമായ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കിനെ തുടർന്നാണ് സമരം നിർത്തിവെച്ചത്. ജില്ല ഭരണകൂടമടക്കം നിരുത്തരവാദപരമായ സമീപനമാണ് ദുരിതബാധിതരുടെ കാര്യത്തിൽ കാണിച്ചതെന്ന് സമരസമിതി യോഗം വിലയിരുത്തി. 2017ലെ മെഡിക്കൽ ക്യാമ്പിൽ കണ്ടെത്തിയ 1905 പേരിൽനിന്നാണ് ആദ്യം 287 പേരും പിന്നീട് നടത്തിയ സമരങ്ങളെ തുടർന്ന് 587 പേരെയും പട്ടികയിൽ ഉൾപ്പെടുത്തിയത്.
ബാക്കിവന്ന 1031 പേരും പട്ടികയിൽ ഉൾപ്പെടേണ്ടതാണെന്നും അത് ഒഴിവാക്കാനുള്ള തീരുമാനം പട്ടിക അട്ടിമറിക്കുന്നതിനുകൂടി വേണ്ടിയാണെന്നും അതുകൊണ്ടുതന്നെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകാൻ സമരസമിതി തീരുമാനിച്ചു.
യോഗത്തിൽ സി.എച്ച്. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ. തമ്പാൻ, ശ്രീധരൻ മടിക്കൈ, ബേബി അമ്പിളി, അംബാ പ്രസാദ് കാഞ്ഞങ്ങാട്, വി.വി. കൃഷ്ണൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, പി.കെ. നാരായണൻ, കെ.പി. കുമാരൻ, ജഗദമ്മ എന്നിവർ സംസാരിച്ചു.
പി. ഷൈനി സ്വാഗതവും പ്രസന്ന കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.