എൻഡോസൾഫാൻ ശാസ്ത്രീയ റിപ്പോർട്ടുകൾ അട്ടിമറിക്കുന്നത് കൃഷി ശാസ്ത്രജ്ഞൻമാർ -എം.എ. റഹ്മാൻ
text_fieldsകാസർകോട്: അപൂർവ രോഗങ്ങൾക്ക് കാരണമായ എൻഡോസൾഫാനെതിരെയുള്ള ശാസ്ത്രീയ റിപ്പോർട്ടുകൾ അട്ടിമറിക്കുന്നത് കൃഷിശാസ്ത്രജ്ഞൻമാരാണെന്ന് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ എം.എ. റഹ്മാൻ. കാർഷിക കോളജിലെ ശാസ്ത്രജ്ഞൻ ഡോ. കെ.എം. ശ്രീകുമാർ എൻഡോസൾഫാൻ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ എഴുതിയ ലേഖനത്തിനു നൽകിയ മറുകുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. കാസർകോട്ടെ അപൂർവ രോഗങ്ങൾക്കു കാരണം എൻഡോസൾഫാനല്ലാതെ മറ്റെന്താണെന്ന് കാഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞൻ പറയണം.
കീടനാശിനിയുടെ ഫലമായി ഉണ്ടാകുന്ന ഈസ്ട്രോജനിക് ഇഫക്ടാണ് മനുഷ്യ ശരീരത്തിൽ അപൂർവരോഗങ്ങളുണ്ടാക്കുന്നത് എന്നത് ആരോഗ്യശാസ്ത്ര സത്യമാണ്. മനുഷ്യ ശരീരത്തിൽ സംഭവിക്കുന്ന എൻഡോക്രൈൻ ഡിസ്റപ്ഷനാണ് ഇവിടെ ഉണ്ടായിരിക്കുന്നത് എന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷനൽ ഹെൽത്ത് ഡയറക്ടർ ഡോ. ഹബീബുല്ല സെയ്ദിന്റെ നിഗമനത്തെയാണ് ഈ കൃഷി ശാസ്ത്രജ്ഞൻ തള്ളുന്നത്. ഒരു വ്യാഴവട്ടക്കാലം കിട്ടാതെ പോയ അഞ്ചുലക്ഷം രൂപ കിട്ടിയ ഈ വേളയിൽ തന്നെ അവരെ ക്രൂശിച്ചു സ്വയം സുഖിക്കുകയാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യത്തെ അശാസ്ത്രീയമായി സമീപിക്കുന്ന ഇത്തരം ദുർബല വാദക്കാർക്ക് സംസ്ഥാന ശരാശരിയേക്കാൾ എത്രയോ ഇരട്ടി രോഗികൾ ഇവിടെയുണ്ടാകാൻ മറ്റെന്തു കാരണമാണുള്ളത് എന്നു പറയണം. എൻഡോസൾഫാൻ അല്ലെങ്കിൽ മറ്റെന്തു കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ഈ ശാസ്ത്രജ്ഞനു പറയാനാവുന്നില്ല.
ഡോ. ശ്രീകുമാർ ഇതിനൊക്കെ എതിർവാദങ്ങൾ ഉന്നയിക്കുമ്പോൾ മറന്നു പോകുന്നത് ഈ വിഷം നിരോധിച്ചത് ലോകം അംഗീകരിക്കുന്ന അന്താരാഷ്ട്ര സമ്മേളനമായ സ്റ്റോക്ക്ഹോം കൺവെൻഷനാണ് എന്നതാണ്- റഹ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.