എൻഡോസൾഫാൻ ദുരിതബാധിതയായ കുട്ടിയുടെ മരണം: കലക്ടർ റിപ്പോർട്ട് തേടി
text_fieldsകാസർകോട്: കുംബഡാജെ ഗ്രാമപഞ്ചായത്തിൽ എൻഡോസൾഫാൻ ദുരിതബാധിതയായ ഒന്നര വയസ്സുകാരി മരിച്ചതിൽ ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അടിയന്തര റിപ്പോർട്ട് തേടി. ജില്ല വികസന സമിതി യോഗത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉന്നയിച്ചതിനെ തുടർന്നാണ് കലക്ടറുടെ നടപടി.
കുട്ടി മരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് കലക്ടർ പറഞ്ഞു. പോഷകാഹാരക്കുറവ്, ജനിതകപരമായ പ്രശ്നങ്ങള്‍ കാരണം കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസറും ജില്ല സാമൂഹിക നീതി ഓഫിസറും വനിത ശിശു വികസന വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് എം.എൽ.എ ആവശ്യപ്പെട്ടത്.
തുടർന്ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് നിര്‍ദേശം നല്കി. എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലക്ക് പുറമെ ജില്ലയിലെ മറ്റ് മേഖലകളിലും ഇത്തരം പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കുമെന്ന് കലക്ടർ പറഞ്ഞു. ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് എന്‍ഡോസള്‍ഫാന്‍ ചികിത്സ ഫീസില്‍നിന്നുള്ള തുക ദേശീയ ആരോഗ്യ ദൗത്യം മുഖേന ചികിത്സക്കായി വിനിയോഗിക്കാനും യോഗത്തിൽ തീരുമാനമായി.
ഈ മാസം മൂന്നിനാണ് കുംബഡാജെ മൗവാർ എരിഞ്ചയിലെ മുക്കൂർ ആദിവാസി കോളനിയിലെ മോഹനൻ- ഉഷ ദമ്പതികളുടെ മകൾ ഹർഷിത മരിച്ചത്. ഒരുമാസത്തിനിടെ ജില്ലയിൽ മരിക്കുന്ന മൂന്നാമത്തെ കുട്ടിയാണിത്. എൻഡോസൾഫാൻ ദുരിതബാധിതയാണെങ്കിലും സർക്കാർ കണക്കിൽ കുട്ടിയുടെ പേരില്ല.
ദുരിതബാധിതരുടെ കണക്കെടുപ്പും ക്യാമ്പുമെല്ലാം മുടങ്ങിയിട്ട് വർഷങ്ങൾ ആയതിനാലാണ് ഈ അവസ്ഥ. ഔദ്യോഗിക പട്ടികയിൽ ഇല്ലാത്തതിനാൽ ജനിതക തകരാർ എന്ന നിലക്കാണ് ജില്ലയിലെ ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും ഇത്തരം മരണങ്ങളെ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.