എന്‍ഡോസള്‍ഫാന്‍ ദുരിതം തുടരുന്നു -മേധാപട്കര്‍
text_fieldsകാസർകോട്: മാരക കീടനാശിനിയായ എൻഡോസൾഫാൻ നിരോധിച്ചിട്ടും ദുരിതം തുടരുകയാണെന്നും ഇക്കാര്യത്തിൽ സർക്കാറിന് ഒരു താൽപര്യവുമില്ലെന്നും പ്രമുഖ സാമൂഹിക പ്രവർത്തക മേധാപട്കർ. തെരഞ്ഞെടുപ്പുകാലത്ത് വോട്ടഭ്യര്‍ഥിച്ച് വീടുതോറും എത്താറുള്ള നേതാക്കളെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വീട്ടില്‍ കൊണ്ടുപോവണമെന്നും അവർ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനത്ത് നിര്‍മിക്കാനുദ്ദേശിക്കുന്ന പുനരധിവാസ പദ്ധതിപ്രദേശം സന്ദര്‍ശിക്കുകയായിരുന്നു അവര്‍. ആറു മാസത്തിനിടെ ദുരിതബാധിതരായ ആറു കുട്ടികളാണ് ജില്ലയിൽ മരിച്ചത്. ഇതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയാണ് സർക്കാർ. വെറും തരിശുനിലമായ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ സ്ഥലത്താണ് പുനരധിവാസകേന്ദ്രം നിർമിക്കാൻപോകുന്നത്. ഇത്തരമൊരു പദ്ധതി നിർദേശിച്ച മന്ത്രിയെ രണ്ട് ദിവസം ഇവിടെ കൊണ്ടുവന്ന് താമസിപ്പിക്കുകയാണ് വേണ്ടത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായത് മുന്‍ കലക്ടറായിരുന്നു. നിലവിലെ കലക്ടര്‍ ഒരു വനിതയായതിനാൽ പ്രതീക്ഷയുണ്ടെന്നും മേധാപട്കർ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ അണങ്കൂര്‍ നുള്ളിപ്പാടിയിലെ ശാരദ- ഗോപാലന്‍ ദമ്പതികളുടെ മകന്‍ ഉദ്ദേശിനെ (31) മേധാപട്കര്‍ സന്ദര്‍ശിച്ചു. സുപ്രീംകോടതി നിർദേശിച്ച അഞ്ച് ലക്ഷം രൂപ ലഭിച്ചിട്ടും ഉദ്ദേശിന് മതിയായ ചികിത്സ കൊടുക്കാനാവാതെ കുടുംബം കഷ്ടത അനുഭവിക്കുകയാണെന്നും അവർ പറഞ്ഞു.
വർഷങ്ങൾക്കുശേഷം ജില്ലയിലെത്തിയ മേധാപട്കർ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നവും കെ- റെയിൽ വിഷയവും ഉന്നയിച്ച് ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിനെ സന്ദർശിച്ചു. സിൽവർ ലൈൻ കടന്നുപോകുമ്പോൾ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്ന കീഴൂരിലെ കുടുംബങ്ങളെയും കണ്ടു.
സി.ആർ. നീലകണ്ഠൻ, ഡോ. ഡി. സുരേന്ദ്രനാഥ്, അഡ്വ. ടി.വി. രാജേന്ദ്രൻ, കെ.ബി. മുഹമ്മദ് കുഞ്ഞി, ഫറീന കോട്ടപ്പുറം, ശരത് ചേലൂർ, ഗണേശൻ അരമങ്ങാനം, മേരി സുരേന്ദ്രനാഥ്, സുബൈർ പടുപ്പ്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവരും സംബന്ധിച്ചു.
എയിംസ് സമരവേദി മേധ പട്കർ സന്ദർശിച്ചു
കാഞ്ഞങ്ങാട്: കേരളം കേന്ദ്രത്തിനു നൽകുന്ന എയിംസ് പ്രപ്പോസലിൽ കാസർകോടിന്റെ പേര് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ കാഞ്ഞങ്ങാട്ട് നടത്തുന്ന റിലേ നിരാഹാര സമരപ്പന്തലിൽ സമരനായിക മേധ പട്കർ സന്ദർശിച്ചു.
എയിംസ് ജനകീയ കൂട്ടായ്മ വർക്കിങ് ചെയർമാൻ ഗണേഷ് അരമങ്ങാനം, ട്രഷറർ സലീം ചൗക്കി, ശരീഫ് മുകു, ശ്രീനാഥ് ശശി, കെ.ബി. മുഹമ്മദ്, ടി. ബഷീർ അഹമ്മദ്, തസ്രിയ ബഷീർ, മുഹമ്മദ് ഇച്ചിലിങ്കാൽ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെംബർ ജമീല, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, സി.കെ. റഹ്മത്തുല്ല, കൃഷ്ണദാസ്, ഹക്കീം ബേക്കൽ, ബഷീർ കൊല്ലമ്പാടി, മുഹമ്മദ് ഇസ്ഹാഖ്, ഫൈസൽ ചേരക്കാടത് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.