കെണിയൊരുക്കി വളവ്
text_fieldsകോളംകുളം-മാങ്കൈ മൂല വളവിൽ വീടിന് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞ ഓട്ടോ
നീലേശ്വരം: നിത്യവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പരപ്പ-കാലിച്ചാമരം റൂട്ടിലെ കോളംകുളത്തിനും പെരിയങ്ങാനം സ്റ്റോറിനും ഇടയിലുള്ള മാങ്കൈ മൂല വളവും കൈവരിയില്ലാത്ത റോഡും അപകടത്തെ മാടിവിളിക്കുന്നു.
വ്യാഴാഴ്ച രാവിലെ നിയന്ത്രണംവിട്ട ഓട്ടോ കുഴിയിൽ വീണു. കൈവരി ഇല്ലാത്തതുകൊണ്ട് സമീപത്തെ വീടിന്റെ മുകളിലേക്കാണ് മറിഞ്ഞത്. ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള റോഡിൽ ഏറെ ജനരോഷത്തിനുശേഷം, പണിതീർത്ത കൾവർട്ട് ആറുമാസതിനകം പൊട്ടിപ്പൊളിഞ്ഞു. ഇതിനകം അനവധി ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ സംഭവമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നിലവിൽ കെ.എസ്.ആർ.ടി.സി ബസടക്കം നിരവധി സ്വകാര്യ ബസുകളും ഭാരം കയറ്റിയ വലിയ വാഹനങ്ങളും കടന്നുപോകുന്നതുമൂലം അപകടസാധ്യത കൂടുതലാണ്.
റോഡിനു താഴെ രണ്ടു കുടുംബങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്.
അപകടത്തിൽ മരണംവരെ സംഭവിച്ച ഈ മേഖലയിലെ പൊട്ടിപ്പൊളിഞ്ഞ കൾവർട്ടിന്റെ കുഴികൾ അടച്ചും റോഡിന് കൈവരികൾ സ്ഥാപിച്ചും ജനങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.