നമുക്ക് പച്ചയിലേക്ക് മടങ്ങാം
text_fieldsകാസർകോട്: ഇന്ന് ലോക പരിസ്ഥിതി ദിനം, നമ്മുടെ ആവാസ വ്യവസ്ഥയെ അനുകമ്പയോടെ കാണേണ്ടതിന്റെ ആവശ്യം ഒന്നുകൂടി ഓർമിപ്പിച്ചാണ് ഒരിക്കൽക്കൂടി ഈ ദിനം കടന്നു വരുന്നത്. ചെടികൾ നട്ടും, മണ്ണും വെള്ളവും സംരക്ഷിച്ചും നിലനിൽപ്പിന്റെ ബാലപാഠങ്ങൾ പുതുക്കുന്നതിനായി ജില്ലയിൽ നിരവവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
മധുരമേകാൻ മധുര വനം പദ്ധതി
ജില്ലയിൽ സ്റ്റുഡൻറ് പൊലീസ് കാഡറ്റുള്ള സ്കൂളുകളിൽ ഇനി മാങ്ങയും പേരയും നാരകവും പാഷൻ ഫ്രൂട്ടും നെല്ലിക്കയും കായ്ക്കും. എസ്.പി.സി ജില്ല കാര്യാലയത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ 43 എസ്.പി.സി സ്കൂളുകളിലാണ് മധുരവനം പദ്ധതി നടപ്പിലാക്കുന്നത്.
ജില്ല പഞ്ചായത്തിന്റെ മാർഗ നിർദേശത്തിൽ സാമൂഹ്യ വനവത്കരണ വിഭാഗം, കൃഷി വകുപ്പ്, കാസർകോട് ജില്ല പൊലീസ് സഹകരണ സംഘം എന്നിവയുടെ സഹായത്തോടെയാണ് ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്നത്.
അൽഫോൻസ ഇനത്തിൽ പെട്ട മാംഗോ ഗ്രാഫ്റ്റ്സ്, പേരക്ക, നെല്ലി, വുഡ് ആപ്പിൾ, നാരകം, പാഷൻ ഫ്രൂട്ട്സ് എന്നീ ചെടികളോടൊപ്പം നീർമരുത്, മണിമരുത് എന്നീ ചെടികളും വിതരണം ചെയ്യും.
ഓരോ ചെടിയുടെയും വളർച്ച വിവരം ഓരോ ആഴ്ചയിലും ഡയറിയിൽ രേഖപ്പെടുത്തുകയും ഓരോ ആഴ്ചയിലും സ്കൂളിലെ കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ അധ്യാപകർ ചെടികൾ നിരീക്ഷിക്കുകയും കുട്ടികൾക്ക് ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും. അടുത്ത വർഷം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഏറ്റവും നന്നായി പദ്ധതി നടപ്പിലാക്കിയ സ്കൂളിന് ട്രോഫിയും ഉപഹാരവും നൽകും .
പദ്ധതിയുടെ വിജയത്തിനായി ഓരോ എസ്.പി സി സ്കൂളിനും 5000 രൂപ വീതം ധനസഹായമായി അനുവദിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ അറിയിച്ചു.
ലോക പരിസ്ഥിതി ദിനമായ തിങ്കളാഴ്ച ഇ. ചന്ദ്രശേഖരൻ എം.എൽ.എ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലും, സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ പെരിയ ഗവ. ഹൈസ്കൂളിലും, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ചെമ്മനാട് ഹൈസ്കൂളിലും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ ജി.എച്ച്.എസ്.എസ് ചായ്യോത്തും പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ചൊവ്വാഴ്ച എം. രാജഗോപാലൻ എം.എൽ.എ കയ്യൂർ ജി.വി. എച്ച്.എസ്.എസിലും എ.കെ.എം അഷ്റഫ് എം.എൽ.എ കുഞ്ചത്തൂർ ഗവ. ഹൈസ്കൂളിലും ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ ബേള, ആദൂർ , കറന്തക്കാടുള്ള സ്റ്റേറ്റ് സീഡ് ഫാം, പുല്ലൂർ നഴ്സറി എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച തൈകൾ എസ്.പി .സി സ്കൂളുകളിലേക്ക് നൽകുന്നതിന്റെ വിതരണോദ്ഘാടനം നായന്മാർമൂല ടി.ഐ.എച്ച്.എസ്.എസിൽ എസ്.പി.സി കാഡറ്റുകൾക്ക് നൽകി ജില്ല അഡീഷനൽ എസ്.പി. പി.കെ. രാജു നിർവഹിച്ചു.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമായി മാലോത്ത് കസബ സ്കൂൾ
വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗം ജി.എച്ച്.എസ്.എസ് മാലോത്ത് കസബ സ്കൂൾ എസ്.പി.സി യൂനിറ്റും സംയുക്തമായി സ്കൂളിൽ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായിരുന്ന സ്കൂളിന്റെ സമീപ പ്രദേശത്തെ വീടുകളിൽ എസ്.പി.സി കാഡറ്റുകൾ മഴക്കുഴികൾ നിർമിച്ചു നൽകി.
എല്ലാ എസ്.പി.സി കാഡറ്റുകളും അവരവരുടെ വീടുകളിൽ മഴക്കുഴികൾ നിർമിച്ചതിനുശേഷമാണ് സ്കൂളിന്റെ സമീപത്തെ വീടുകളിലും മഴക്കുഴികൾ നിർമിക്കാൻ തീരുമാനിച്ചത്. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അനിൽകുമാർ ഫല വൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം നടത്തി. ഹെഡ്മാസ്റ്റർ (ഇൻ ചാർജ്) എം.കെ. പ്രസാദ്, സ്റ്റാഫ് സെക്രട്ടറി വി.എൻ. പ്രശാന്ത്, എസ്.പി.സി ചുമതലയുള്ള പി.ജി. ജോജിത, വൈ.എസ്. സുഭാഷ്, അധ്യാപകനായ ജോബി ജോസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.