പി.എസ്.സി അഡ്വൈസ് മെമ്മോ ലഭിച്ചിട്ടും നിയമനമായില്ല
text_fieldsകാസര്‍കോട്: സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ച് മൂന്ന് മാസമായിട്ടും ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിച്ചില്ല. സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് (സ്പെഷൽ റിക്രൂട്ട്മെന്റ് ഫോർ എസ്.സി/എസ്.ടി. ആൻഡ് എസ്.ടി. ഒാൺലി) നിയമനത്തിനായി പി.എസ്.സി തയാറാക്കിയ എസ്.ടി വിഭാഗത്തിലെ റാങ്ക് പട്ടികയിലുള്ള ഒന്നാം റാങ്ക് കാരി കെ. നിത്യയും രണ്ടാം റാങ്കുകാരിയുമായ പി.എം. മിഥുലയുമാണ് പി.എസ്.സി അധികൃതരുടെ പിഴവുമൂലം നിയമനം ലഭിക്കാതിരിക്കുന്നത്.
അഡ്വൈസ് ലഭിച്ച് മൂന്ന് മാസത്തോളമായിട്ടും നിയമനം നൽകാത്തതിനെ തുടർന്ന് രണ്ട് ഉദ്യോഗാർഥികൾ ഹൈകോടതിയിൽ ഹരജി നൽകിയതായി വാര്‍ത്തസമ്മേളനത്തില്‍ ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. കാറ്റഗറി നമ്പർ 260/2020 പ്രകാരമാണ് 2021 ഡിസംബർ 16ന് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ഈ ലിസ്റ്റിൽ എസ്.ടി. വിഭാഗത്തിൽ ഒന്നാം റാങ്ക് നിത്യക്കും രണ്ടാം റാങ്ക് മിഥുലക്കുമായിരുന്നു.
റൊട്ടേഷൻ പ്രകാരം അഡ്വൈസ് ലഭിക്കേണ്ടത് ഇവർക്കായിരുന്നുവെങ്കിലും റാങ്ക് ലിസ്റ്റിൽ നിന്ന് 2022 ജനുവരി 20ന് എസ്.സി വിഭാഗത്തിൽപെട്ട ഉദ്യോഗാര്‍ഥികൾക്കാണ് അഡ്വൈസ് കിട്ടി നിയമനം ലഭിച്ചത്. 2022 ഫെബ്രുവരി എട്ടിന് ഇവർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
ഇതേ റാങ്ക് ലിസ്റ്റിലെ എസ്.സി വിഭാഗത്തിൽ ഒന്നും രണ്ടും റാങ്ക് നേടിയവരാണ് ഇവർ. 2022 ഡിസംബർ 22ന് ഇതേ റാങ്ക് ലിസ്റ്റിൽ നിന്നും എസ്.ടി വിഭാഗത്തിൽപെട്ട നിത്യക്കും മിഥുലക്കും പി.എസ്.സി അഡ്വൈസ് അയച്ചതോടെയാണ് പി.എസ്.സിക്കും ആരോഗ്യവകുപ്പിനും സാങ്കേതികപ്പിഴവ് സംഭവിച്ചതാണെന്ന വിവരം പുറത്തുവന്നത്.
നിയമനം ലഭിക്കാതെ വന്നതോടെ ഡി.എം.ഒ ഓഫിസിൽ അന്വേഷിച്ചപ്പോഴാണ് ഈ റാങ്ക് ലിസ്റ്റിൽ നിന്നും നടന്ന ആദ്യ നിയമനത്തിൽ പി.എസ്.സിക്ക് തെറ്റ് പറ്റിയതാണെന്നും എസ്.സി. വിഭാഗത്തിൽപ്പെട്ടവർക്കാണ് നിയമനം ലഭിച്ചതെന്നും അത് എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്കാണ് നൽകേണ്ടതെന്നും വ്യക്തമായത്.
ആദ്യ നിയമനത്തിൽ ജോലിയിൽ പ്രവേശിച്ച ഉദ്യോഗാർഥികൾക്ക് പിരിച്ചുവിടൽ കത്ത് നൽകിയെങ്കിലും അവർ ഇതുമായി കോടതിയിൽ ചെന്ന് പിരിച്ചുവിടലിനെതിരെ സ്റ്റേ വാങ്ങുകയും ചെയ്തു. തങ്ങളുടെ നിയമനം രണ്ട് മാസത്തിനകം ഉണ്ടാകുമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചുവിടുകയാണ് അധികൃതർ ചെയ്തതെന്ന് നിത്യയും മിദുലയും പറഞ്ഞു.
അഡ്വൈസ് കിട്ടി മൂന്ന് മാസത്തിനകം നിയമനം നൽകേണ്ടതാണെങ്കിലും അത് കിട്ടാതെ വന്നതോടെ ആദിവാസി ക്ഷേമ സമിതി സെക്രട്ടറി അശോകൻ കുന്നൂച്ചി, പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണൻ, പരപ്പ ബ്ലോക് പഞ്ചായത്ത് മെംബർ എം.ബി. രാജേഷ് എന്നിവർ പി.എസ്.സിയെയും ബന്ധപ്പെട്ട അധികാരികളെയും സമീപിച്ചെങ്കിലും മോശമായ പ്രതികരണമാണ് ഉണ്ടായതെന്ന് ക്ഷേമസമിതി ഭാരവാഹികളും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പി.എസ്.സിയിൽ നിന്ന് അഡ്വൈസ് കിട്ടിയാൽ മൂന്ന് മാസത്തിനകം നിയമനം ഉറപ്പാക്കണമെന്ന നിയമം നിലവിൽ ഉള്ളപ്പോഴാണ് പി.എസ്.സി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ തങ്ങൾക്ക് ദുരനുഭവം ഉണ്ടായതെന്നും പെൺകുട്ടികൾ പറഞ്ഞു.
പി.എസ്.സി ചെയർമാനും ആരോഗ്യവകുപ്പിനും പട്ടിക വിഭാഗ മന്ത്രിക്കും എസ്.സി/എസ്.ടി കമീഷണർക്കും മനുഷ്യാവകാശ കമീഷനും അടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. പുതിയ പോസ്റ്റ് സൃഷ്ടിച്ച് തങ്ങളുടെ നിയമനം ഉറപ്പാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.