പാലത്തിന് മുകളിൽ കുഴിയടക്കൽ; നീലേശ്വരം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു
text_fieldsനീലേശ്വരം: ദേശീയപാതയിൽ നീലേശ്വരം പാലത്തിന് മുകളിൽ കുഴിയടക്കാനുള്ള ശ്രമം ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നിർത്തിവെച്ചു.
ബുധനാഴ്ച രാവിലെ ഒമ്പതോടെയെത്തിയ തൊഴിലാളികൾ പണി തുടങ്ങിയതോടെ ഗതാഗതം പൂർണമായും സ്തംഭനത്തിലായി. ഇതോടെ കുഴിയടക്കൽ നിർത്തിവെച്ചു. ഇനി രാത്രി 12നുശേഷം വാഹന ഗതാഗതം കുറവായ സമയത്ത് ചെയ്യുമെന്നാണ് അറിയിച്ചത്.
ദേശീയപാതയിൽ കുഴിയടക്കാൻ ഹൈകോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് കുഴി അടക്കാൻ തുടങ്ങിയത്. രാവിലെ സമയം ഒമ്പത് ആയതിനാൽ ജോലിക്ക് പോകുന്നവരും വിദ്യാർഥികളും കുരുക്കിൽപെട്ടു. ആംബുലൻസുകളും കുരുക്കിൽപെട്ടു. പടന്നക്കാട് തോട്ടം മുതൽ കരുവാച്ചേരി വരെ വാഹനങ്ങളുടെ നീണ്ട നിര തന്നെ പ്രത്യക്ഷപ്പെട്ടു.
എന്നാൽ, റോഡിൽ കുഴിയടക്കാൻ വന്നപ്പോഴും വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ല എന്ന ആക്ഷേപമുണ്ട്.
തൊഴിലാളികൾ തോന്നുന്നതുപോലെ പണിയെടുക്കുകയാണുണ്ടായത്.
എല്ലാ വർഷവും മഴക്കാലത്ത് നീലേശ്വരം പാലത്തിന് മുകളിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ സ്ഥിതി ഉണ്ടാകാറുണ്ട്.
ഈ വർഷവും രണ്ടാഴ്ച മുമ്പ് നാട്ടുകാർ കുഴി അടച്ചിരുന്നുവെങ്കിലും വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.