വ്യാജരേഖ: കെ.വിദ്യ കാസര്‍കോട് ജില്ല കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
text_fieldsകാസര്‍കോട്: കരിന്തളം ഗവ. കോളജില്‍ വ്യാജരേഖ ഹാജരാക്കി അധ്യാപിക ജോലി നേടിയ കേസില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യ കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. കാഞ്ഞങ്ങാട്ടെ അഭിഭാഷക രജിത മുഖേനയാണ് വിദ്യ ജാമ്യാപേക്ഷ നല്‍കിയത്.
ജൂണ്‍ 23ന് കോടതി പരിഗണിക്കും. അവിവാഹിതയാണെന്നും ആ പരിഗണന നല്‍കണമെന്നും ജാമ്യഹരജിയില്‍ പറയുന്നു. ജാമ്യം നിഷേധിക്കേണ്ട തരത്തിലുള്ള കുറ്റം ചെയ്തിട്ടില്ലെന്നും ഹരജിയിലുണ്ട്. വിദ്യ എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ ഒപ്പും സീലുമുണ്ടാക്കി കരിന്തളം കോളജില്‍ അഭിമുഖത്തിന് ഹാജരാവുകയും അധ്യാപികയായി ജോലി ചെയ്യുകയും ചെയ്തെന്നാണ് കേസ്.
കരിന്തളം കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തത്. വ്യാജരേഖയുമായി ബന്ധപ്പെട്ട് ആദ്യം കൊച്ചി പൊലീസും അഗളി പൊലീസും കേസെടുത്തിരുന്നു. മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ഉപയോഗിച്ചതിനാണ് വിദ്യക്കെതിരെ കൊച്ചി പൊലീസ് കേസെടുത്തത്. ഈ വ്യാജരേഖ കാണിച്ച് അട്ടപ്പാടി കോളജില്‍ അധ്യാപികയായി ജോലി ചെയ്തതിന് അഗളി പൊലീസും കേസെടുക്കുകയായിരുന്നു.
വ്യാജരേഖ ചമച്ചെന്ന കേസില്‍ കെ. വിദ്യ ഹൈകോടതിയില്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിക്കുന്നത് ഹൈകോടതി അടുത്തയാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് ബച്ചു കുര്യന് തോമസിന്റെ ബെഞ്ചിലാണ് ഹരജി എത്തിയത്. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈകോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിദ്യയുടെ വാദം.
ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനില്‍ക്കില്ലെന്നും കേസന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ പ്രതി ചെറുപ്പമാണെന്നും അറസ്റ്റുചെയ്യുന്നത് ഭാവിയെ ബാധിക്കുമെന്നും ഹരജിയിലുണ്ടായിരുന്നു. ജൂണ്‍ ആറിനാണ് വിദ്യക്കെതിരെ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.