ആഗ്രഹം കരുത്താക്കി ഫർഹാൻ യാത്ര തുടരുന്നു
text_fieldsതൃക്കരിപ്പൂർ: ആഗ്രഹിച്ചാൽ നടക്കാത്തതായി ഒന്നുമില്ലെന്ന് മലപ്പുറം വെളിമുക്കിലെ ഫാഹിസ് ഫർഹാൻ(18) പറയും. ഇടതുകൈ പാതിയില്ലാതെ പിറന്ന ഈ യുവാവ് കേരളത്തിൽ നിന്ന് ലഡാക്ക് വരെ സൈക്കിളിൽ യാത്ര ചെയ്യുകയാണ്.
മലപ്പുറം തലപ്പാറയിൽനിന്ന് തുടങ്ങിയ യാത്ര കാസർകോട് എത്തിനിൽക്കുന്നു. ഒറ്റക്കൈയിൽ ഹൈബ്രിഡ് സൈക്കിൾ നിയന്ത്രിച്ച് കുതിക്കുന്ന ഫർഹാൻ 50 ദിവസംകൊണ്ട് കശ്മീരിൽ എത്തിച്ചേരാനുള്ള ശ്രമത്തിലാണ്. റോഡിൽ കയറ്റം കയറുമ്പോൾ ഹാൻഡിൽ ബാറിലെ ഇടതു ഗിയർ ലിവർ ഫർഹാൻ കുനിഞ്ഞിരുന്ന് മുട്ടറ്റം കൊണ്ട് വീഴ്ത്തും.
ദുർഘടമായ പാതകൾ ഫർഹാൻ അനായാസം കയറിപ്പോകുന്നത് നിശ്ചയദാർഢ്യം കൊണ്ടുകൂടിയാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തിയ റൈഡിൽ 350 കിലോമീറ്റർ ചവിട്ടി. ഊട്ടിയും വയനാടുമൊക്കെ ഇടക്ക് കയറും. വീട്ടുകാരെ വിശ്വസിപ്പിച്ചത് അങ്ങനെയാണ്. പാറക്കടവ് സ്വദേശി ജിൽഷാദും (21) ഒപ്പമുണ്ട്. അടുത്ത പാരാലിമ്പിക്സിൽ പങ്കെടുക്കാനാണ് ഫർഹാൻ ആലോചിക്കുന്നത്.ആലുങ്ങലിലെ അബ്ദുൽ ഖാദർ-നഹീമ ദമ്പതിമാരുടെ മകനാണ് ഫർഹാൻ. പാറക്കടവിലെ ബഷീർ-നുസൈബ എന്നിവരാണ് ജിൽഷാദിെൻറ മാതാപിതാക്കൾ. തിരൂരങ്ങാടി ബൈക്കർ ഹുഡ്‌സ് ക്ലബ് പിന്തുണയുമായി കൂടയുണ്ട്. നാട്ടുകാരിൽ പലരും നിത്യവും വിളിച്ച് അന്വേഷിക്കുന്നു. എന്തുസഹായവും ചെയ്യാൻ തൽപരരായ ആളുകളുടെ സ്നേഹവലയത്തിലാണ് ഇവരുടെ യാത്ര. കാസർകോട് ജില്ലയിലെത്തിയ യുവാക്കളെ തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് സ്വീകരിച്ചു. പെരുമ്പ മുതൽ ബേക്കൽ കോട്ടവരെ ഇരുപതോളം റൈഡർമാർ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.