ഫാഷൻ ഗോൾഡ്: കമ്പനി, ബോർഡ് അംഗങ്ങൾ പ്രതികളായേക്കും
text_fieldsകാസർകോട്: ഫാഷൻ ഗോൾഡ് പണം നിക്ഷേപ തട്ടിപ്പു കേസിൽ കമ്പനിയും ഡയറക്ടർ ബോർഡ് അംഗങ്ങളും പ്രതികളായേക്കും. ഡയറക്ടർ ബോർഡ് അംഗങ്ങളെ പ്രതിയാക്കുന്നത് അന്വേഷണത്തിന്‍റെ വേഗത വർധിപ്പിക്കുമെന്നാണ് ക്രൈംബ്രാഞ്ച് നിരീക്ഷിക്കുന്നത്. അതിനുള്ള നിയമവശങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരുകയാണ്. അങ്ങനെയെങ്കിൽ പല ഘട്ടങ്ങളിലായി ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്ന 20ഓളം പേർ പ്രതികളാകും.
കേസ് ഒത്തുതീർപ്പാക്കാനുള്ള ഉത്തരവാദിത്തം ഇവരിലേക്ക് വന്നുചേരും. 176 കേസുകൾ നാലു യൂനിറ്റുകളിലായാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. തിരുവനന്തപുരം സ്വർണക്കടത്ത് വിവാദങ്ങൾക്ക് തടയിടാൻ സർക്കാർ ഇടപെട്ട് തയാറാക്കിയ കേസ് എന്ന് ആരോപണം ഉയർന്ന ഫാഷൻ ഗോൾഡ് കേസ് ക്രൈം ബ്രാഞ്ചിന്‍റെ കോഴിക്കോടുവരെയുള്ള യൂനിറ്റിനെ വട്ടംകറക്കിക്കൊണ്ടിരിക്കുകയാണ്. നാലുപേർ പ്രതികളായ കേസിൽ രണ്ടുപേർ മാത്രമാണ് അറസ്റ്റിലായത്. ഡയറക്ടർമാരെ രക്ഷിക്കാനാണ് സർക്കാർ നീക്കം. എന്നാൽ, ക്രൈംബ്രാഞ്ച് അതിനെതിരുമാണ്.
176 കേസുകളിൽ ഓരോന്നിനും കമ്പനിയുമായി ബന്ധപ്പെട്ട് ബോർഡ് അംഗങ്ങൾ നടത്തിയ ഇടപാടുകൾ, വയനാട്, ബംഗളൂരു എന്നിവിടങ്ങളിലെ ഭൂമി ഇടപാടുകൾ, നികുതി, ഇ.പി.എഫ് രേഖകൾ, ജീവനക്കാരുടെ സേവന– വേതന വ്യവസ്ഥകൾ എന്നിങ്ങനെയുള്ള രേഖകൾ അന്വേഷണ സംഘം ശേഖരിച്ചുവരുകയാണ്. കേസ് ഒത്തുതീർപ്പാക്കാനുള്ളള ശ്രമവും നടക്കുന്നുണ്ട്. എന്നാൽ, പ്രതിചേർക്കപ്പെട്ടവർ ഒത്തുതീർപ്പിന് തയാറാവാത്തതോടെ ബോർഡ് അംഗങ്ങളെ കൂടി പ്രതിചേർത്ത് കേസിന്‍റെ ദിശമാറ്റാനാണ് ക്രൈംബ്രാഞ്ച് നീക്കം.
അതിനിടയിൽ സ്വന്തം നിലയിൽ ജ്വല്ലറിയിൽനിന്ന് സ്വർണം എടുത്തുകൊണ്ടുപോയ നാലു ഡയറക്ടർമാർക്കെതിരെ ജില്ല പൊലിസ് മേധാവിക്ക് നൽകിയ പരാതിയിൽ കേസെടുത്തിരുന്നില്ല. ഈ കേസ് രജിസ്റ്റർ ചെയ്യുന്നതിനെ കുറിച്ചും ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.