എയിംസ്: നിരാഹാരം നിർത്തി, ഇനി സെക്രട്ടേറിയറ്റിലേക്ക്
text_fieldsകാസർകോട്: കാസർകോട്ട് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മ 104 ദിവസമായി നടത്തിവന്ന നിരാഹാര സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
ഇനി സമരവേദി സെക്രട്ടേറിയറ്റിനു മുന്നിലായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് സമരവേദി മാറ്റുന്നതെന്നും ഇവർ പറഞ്ഞു. എയിംസ് ജില്ലക്ക് ലഭിക്കാൻ കാസർകോടിന്‍റെ പേര് ഉൾപ്പെടുത്തി കേന്ദ്രത്തിന് പുതിയപട്ടിക സമർപ്പിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഇക്കാര്യമുന്നയിച്ച് ജനുവരി രണ്ടാംവാരത്തിലാണ് കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് പന്തൽകെട്ടി അനിശ്ചിതകാല നിരാഹാരസമരം നടത്തിയത്. സമരത്തിന്‍റെ 101ാം ദിവസം 101 വനിതകൾ നിരാഹാരം നടത്തിയിരുന്നു. ജില്ലയിലെ വിവിധ സംഘടനകളും പ്രമുഖരും സമരത്തിന് പിന്തുണയുമായി വന്നിരുന്നു.
സർക്കാറിന്‍റെ കൂടുതൽ ശ്രദ്ധ പതിയാനാണ് സമരകേന്ദ്രം സെക്രട്ടേറിയറ്റിലേക്ക് മാറ്റുന്നത്. ജില്ലയിൽ എൻഡോസൾഫാൻ നിരോധിച്ചിട്ട് രണ്ടുപതിറ്റാണ്ട് കഴിയുമ്പോഴും ജനിതക വൈകല്യങ്ങളോടെ കുഞ്ഞുങ്ങൾ ജനിക്കുകയും അകാലത്തിൽ പൊലിഞ്ഞുപോവുകയും ചെയ്യുന്ന ദുരവസ്ഥ തിരിച്ചറിയാനുള്ള ആർജവം സർക്കാർ കാണിക്കണമെന്നും ഇവർ പറഞ്ഞു.
സെക്രട്ടേറിയറ്റ് സമരത്തിന്റെ മുന്നോടിയായി നട്ടുച്ചക്ക് തീപ്പന്തമേന്തിയുള്ള സമരപരിപാടികളടക്കം ജില്ലയിൽ നടത്തുമെന്നും ജനകീയ കൂട്ടായ്മ ഭാരവാഹികളായ ഗണേശൻ അരമങ്ങാനം, ഫറീന കോട്ടപ്പുറം, താജുദ്ദീൻ പടിഞ്ഞാർ, സുബൈർ പടുപ്പ്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.