കാടകമേ ഉലകം
text_fieldsകാസർകോട്: കലയുടെ ലാസ്യ- നടനഭാവം ആവോളം നുകർന്ന പകലായിരുന്നു കലോത്സവത്തിന്റെ നാലാംനാളിലെ വെള്ളിയാഴ്ച. കാടകത്തേക്ക് ജനം ഒഴുകിയെത്തി. വെള്ളിയാഴ്ച ജില്ലയിൽ അവധി ദിനമായതുകൊണ്ടുതന്നെ വിദ്യാർഥികളും അധ്യാപകരും കാണികളായെെത്തി. ‘മോഹന’ത്തിൽ നിറഞ്ഞാടിയ കേരളനടനം കാണാൻ ദേശങ്ങൾക്കപ്പുറത്തുനിന്നും ആസ്വാദകരെത്തി. ഭരതനാട്യവും തിരുവാതിരയും കേരളനടനവും തീർത്ത ലാസ്യനടന വിസ്മയതീരത്ത് കാണികൾ ഇമചിമ്മാതെ നോക്കിനിൽക്കുന്ന കാഴ്ചയായിരുന്നു. കലോത്സവം നാലു നാൾ പിന്നിട്ടതോടെ കാടകം ഇന്ന് ചിലങ്കയഴിക്കും.
‘ശക്തിദുർഗ’മായി ഹോസ്ദുർഗ്
കാറഡുക്ക: 62ാമത് റവന്യൂ ജില്ല കലോത്സവത്തിന്റെ അവസാന നാളിലെത്തുമ്പോൾ ഹോസ്ദുർഗ് ഉപജില്ലതന്നെയാണ് മുന്നിൽ. 626 പോയന്റാണ് ഇതുവരെ ഹോസ്ദുർഗ് നേടിയത്. 591 പോയന്റുമായി കാസർകോടാണ് രണ്ടാമത്. കുമ്പളയും ചെറുവത്തൂരും ഒപ്പത്തിനൊപ്പം മുന്നേറുന്നുണ്ട്. ഇത് യഥാക്രമം 573, 572 പോയന്റ് നിലയാണ്.
ബേക്കലിന് 529 പോയന്റുമാണ് നിലവിൽ നേടാനായത്. ഹൈസ്കൂൾതലത്തിൽ 177പോയന്റുമായി ദുർഗ എച്ച്.എസ്.എസ് തന്നെയാണ് ഒന്നാമത്. ചായ്യോത്ത് എച്ച്.എസ്.എസ് 121മായി രണ്ടാംസ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്. 112 പോയന്റുമായി ചട്ടഞ്ചാൽ എച്ച്.എസ്.എസാണ് മൂന്നാമതുള്ളത്. നാലും അഞ്ചും സ്ഥാനത്ത് യഥാക്രമം രാജാസ് എച്ച്.എസ്.എസ്- 93 പോയന്റ്, ജി.എച്ച്.എസ്.എസ് പെരിയ- 92 പോയന്റുമാണ്.
മനസ്സും വയറും നിറച്ച് അമ്പലമുറ്റത്തെ ഭക്ഷണം
കാറഡുക്ക: 62ാമത് റവന്യൂജില്ല കലോത്സവം കാടകത്ത് നടക്കുമ്പോൾ എടുത്തുപറയേണ്ടത് ഇവിടുത്തെ ഭക്ഷണശാലയാണ്. ആദ്യമായായിരിക്കണം ക്ഷേത്രമുറ്റത്ത് കലോത്സവ ഭക്ഷണമൊരുക്കുന്നത്. ചീരുംബ ഭഗവതിക്ഷേത്രമുറ്റത്താണ് കലോത്സവത്തിനെത്തുന്ന ആയിരങ്ങൾക്ക് ഭക്ഷണം വിളമ്പുന്നത്. കലോത്സവക്കമ്മിറ്റി, വേദിക്കുവേണ്ടിയാണ് ആദ്യം ക്ഷേത്രക്കമ്മിറ്റിയെ സമീപിച്ചത്. സ്കൂളിന്റെ സ്ഥലപരിമിതിയും മറ്റും ചൂണ്ടിക്കാണിച്ചപ്പോർ ക്ഷേത്രക്കമ്മിറ്റിയുടെ വക നൽകിയത് മുഴുവൻ സ്ഥലസൗകര്യമാണ്. ഇതോടനുബന്ധിച്ചുള്ള ഓഡിറ്റോറിയവും അടുക്കളയും ക്ഷേത്രമുറ്റവും മനസ്സറിഞ്ഞ് വിട്ടുനൽകിയപ്പോൾ കാടകത്തെ ജനങ്ങളും ഇതങ്ങേറ്റെടുത്തു.
ക്ഷേത്ര സെക്രട്ടറി മധുസൂദനൻ പറഞ്ഞത് ഇതൊരു ക്ഷേത്രോത്സവമായിട്ടാണ് കാണുന്നതെന്നാണ്. നാനൂറോളം അംഗങ്ങളുളള ഒരു കുടുംബക്ഷേത്രമാണിത്. 50അംഗ ഭരണസമിതിയും ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. നാട്ടുകാരും കൈമെയ് മറന്ന് സഹായിക്കുന്നു. അന്നപൂർണ എന്ന ഓഡിറ്റോറിയത്തിന്റെ പേര് അന്വർഥമാക്കും വിധത്തിലാണ് ഭക്ഷണവിതരണവും. ഭക്ഷണക്കമ്മിറ്റിയോടൊപ്പം അവസാനംവരെ ക്ഷേത്രക്കമ്മിറ്റിയും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.