ഒടുവിൽ ജില്ലക്ക് മെമു ട്രെയിൻ
text_fieldsകാസർകോട്: മംഗളൂരു- കണ്ണൂർ റൂട്ടിൽ മെമു കൂടി അനുവദിച്ചതോടെ സഫലമാവുന്നത് കാസർകോടിെൻറ ദീർഘകാല ആവശ്യം. കാസർകോട് റൂട്ടിൽ മെമു അനുവദിക്കണമെന്ന ആവശ്യം പാർലമെൻറിൽ വരെ ഉന്നയിച്ചതാണ്. പാസഞ്ചേഴ്സ് അസോസിയേഷനുകളും വിവിധ സംഘടനകളും നിവേദനങ്ങൾ ഉന്നയിച്ചിട്ടും ആവശ്യം നടപ്പാകുന്നത് നീണ്ടു.
ഇതിനിടെയാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ പാലക്കാട് റെയിൽവേ ഡിവിഷനുകീഴിലെ എം.പിമാരുടെ യോഗത്തിൽ മെമു പ്രഖ്യാപിച്ചത്. റിപ്പബ്ലിക് ദിനത്തിൽ മെമു യാത്ര തുടങ്ങും. 12 കോച്ചുകളുള്ള ട്രെയിനിെൻറ സമയം പിന്നീട് നിശ്ചയിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ച യോഗത്തിൽ ജില്ലയിലെ റെയിൽവേ അവഗണന രാജ്മോഹൻ ഉണ്ണിത്താൻ എം.പി അവതരിപ്പിച്ചു.
മെമു ട്രെയിൻ അനുവദിക്കണമെന്ന് യോഗത്തിൽ ശക്തമായി ഉന്നയിച്ചു. നിരവധിതവണ റെയിൽവേ മന്ത്രിക്കും ജനറൽ മാനേജർക്കും നിവേദനങ്ങൾ നൽകിയ കാര്യം എം.പി യോഗത്തിൽ ഓർമപ്പെടുത്തി. എം.പിയുടെ ആവശ്യം അംഗീകരിച്ചതായും മംഗളൂരു- കണ്ണൂർ റൂട്ടിൽ പുതിയ മെമു ജനുവരി 26ന് സർവിസ് തുടങ്ങുമെന്നും ജനറൽ മാനേജർ എം.പിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു.
എന്നാൽ, നിലവിൽ ഓടുന്ന പാസഞ്ചർ ട്രെയിനാണ് മെമുവായി മാറുന്നത് എന്നതിൽ യാത്രക്കാർക്ക് നിരാശയുണ്ട്. പുതിയ ട്രെയിൻ അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ജനകീയ ഇടപെടലുകളുടെ വിജയം
നീലേശ്വരം: കണ്ണൂർ-മംഗളൂരു മെമു ട്രെയിൻ സർവിസ് ആരംഭിക്കാനുള്ള റെയിൽവേയുടെ തീരുമാനത്തെ നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ സ്വാഗതം ചെയ്തു. ജനകീയ ഇടപെടലുകളുടെ ഫലമായാണ് മെമു സർവിസ് അനുവദിച്ചുകിട്ടിയതെന്ന് ജനകീയ കൂട്ടായ്മ യോഗം അഭിപ്രായപ്പെട്ടു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, കേന്ദ്ര റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് എന്നിവർക്ക് ജനകീയ കൂട്ടായ്മ ഭാരവാഹികൾ നിവേദനം നൽകിയിരുന്നു.
മെമു സർവിസ് അനുവദിക്കുന്നതിൽ ജില്ലയോടുള്ള അവഗണനക്കെതിരെ നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ ജനകീയ കൺവെൻഷൻ, മെമു മണൽ ശില്പ നിർമാണം, മനുഷ്യ മെമു, ബൈക്ക് റാലി, സമൂഹ ചിത്രരചന, മിഡിൽ ബെർത്ത് എന്ന പേരിൽ കവിയരങ്ങ് തുടങ്ങിയ നിരവധി സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു.
പ്രസിഡന്റ് നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. സേതു ബങ്കളം, ടോംസൺ ടോം, ഗോപിനാഥൻ മുതിരക്കാൽ, എ.വി. പത്മനാഭൻ, എ. വിനോദ് കുമാർ, സി.വി. സുരേഷ് ബാബു, കെ. വിദ്യ നായർ, മനോജ് പള്ളിക്കര, ടി.ഇ. സുധാമണി, പ്രഭൻ നീലേശ്വരം, ഷീജ ഇ. നായർ എന്നിവർ സംസാരിച്ചു. ജനകീയ കൂട്ടായ്മ സെക്രട്ടറി കെ.വി. സുനിൽരാജ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി. പ്രിയേഷ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.