സർക്കാർ കനിയണം; തറിയിൽ നെയ്യുന്ന ജീവിതത്തിന് നിറംപകരാൻ
text_fieldsകാസർകോട്: ഒരു കാലത്ത് കാസർകോടിന്റെ പേരും പെരുമയും നിറഞ്ഞതായിരുന്നു ഉപഭോക്താക്കൾ ഹൃദയത്തിലേറ്റിയ ‘കാസർകോട് സാരി’. എന്നാലിന്ന് ഓർമ മാത്രമായിക്കഴിഞ്ഞു ആ പെരുമ. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയാണ് സ്ഥാപനം. തൊഴിലാളികളുടെ എണ്ണം 35ലേക്ക് ചുരുങ്ങിയത് തകർച്ചയുടെ അടയാളമാണ്. ആരാണ് ഉത്തരവാദികളെന്നു ചോദിച്ചാൽ സർക്കാർ തന്നെയാണ് ഒന്നാംപ്രതിയെന്ന് പറയേണ്ടിവരും.
സർക്കാറിൽനിന്ന് റിബേറ്റ് ഇനത്തിലും സ്കൂൾ യൂനിഫോം വാങ്ങിയ ഇനത്തിലും കിട്ടാനുള്ളത് ഒന്നും രണ്ടും ലക്ഷമല്ല, 20 ലക്ഷത്തോളം രൂപയാണ്. ഉത്സവ സീസണുകളിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള റിബേറ്റിന്റെ തുകയടക്കമാണിത്. അഞ്ചുവർഷത്തോളമായി തുക മുടങ്ങിയിട്ട്. തറിയിൽ നെയ്യുന്ന ജീവിതങ്ങൾ മുന്നോട്ടുപോകണമെങ്കിൽ സർക്കാർ തന്നെ കനിയണമെന്നാണ് ചുമതലക്കാർ പറയുന്നത്.
കാസർകോട് സാരിയുടെ നിർമാണവും വിൽപനയും ജനകീയമാക്കിയത് 1938ൽ നെയ്ത്തുകാർ ചേർന്ന് രൂപവത്കരിച്ച കാസർകോട് വീവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റിയായിരുന്നു. അഞ്ഞൂറോളം കുടുംബങ്ങളായിരുന്നു സംഘത്തിന്റെ കൈമുതൽ. വീടുകളിൽതന്നെ രണ്ടും മൂന്നും തറികളൊരുക്കി നെയ്തെടുക്കുന്ന സാരി നാട്ടിലും മറുനാട്ടിലും പ്രിയമേറിയതും പ്രൗഢി നിറഞ്ഞതുമായിരുന്നു. സാരി ലോകപ്രശസ്തമാകാൻ കാരണം ഉൽപാദനത്തിലെ പ്രത്യേകതയായിരുന്നു. പൂർണമായി കൈകൊണ്ട് കോട്ടൺനൂലിൽ നെയ്താണ് കാസർകോടൻ സാരി വിപണിയിലിറങ്ങിയിരുന്നത്.
2010ൽ പേറ്റന്റിന് സമാനമായ ഭൗമസൂചിക അംഗീകാരം ലഭിച്ചു. 2021ൽ കാസർകോട് സാരിയുടെ പേരിൽ പ്രത്യേക സ്റ്റാമ്പ് ഇറക്കിയും നാട് ഇതിനു പിന്നിലുള്ളവരെ ആദരിച്ചു. ഭരണസമിതി നൽകിയതല്ല, ഉപഭോക്താക്കൾ നൽകിയതാണ് ‘കാസർകോട് സാരി’ എന്ന ബ്രാൻഡ് നെയി .1977ലാണ് കലക്ടീവ് വീവിങ് സെന്റർ ഉദയഗിരിയിൽ തുടങ്ങിയത്. അന്ന് അഞ്ഞൂറോളം കുടുംബങ്ങൾ സംഘത്തിനെ മാത്രം ആശ്രയിച്ചാണ് ജീവിച്ചത്. 86 വർഷത്തോളം പഴക്കമുള്ള സംഘത്തിൽ പഴയ തലമുറയിലെ എട്ടോ പത്തോ ആൾക്കാർ മാത്രമാണ് ജീവിച്ചിരിക്കുന്നത്.
ഇപ്പോത്തെ സാഹചര്യത്തിൽ വിരമിച്ചവർക്കു പകരം ജോലിക്കാരെ വെക്കാൻപോലും പറ്റുന്നില്ല. എം.എൽ.എ മുഖാന്തരവും മറ്റും പല നിവേദനങ്ങൾ സർക്കാറിനു കൊടുത്തെങ്കിലും പരിഹാരം മാത്രമായില്ല. ഉൽപാദനം നന്നേ ചുരുങ്ങി. കോവിഡിനുശേഷം നൂലിന്റെ വില കുത്തനെ കൂടിയത് ഇരുട്ടടിയായി. പുതുതായി മേഖലയിലേക്ക് ആരും വരുന്നില്ല. സർക്കാർ ഏതെങ്കിലും വിധത്തിൽ ഫണ്ട് അനുവദിക്കുകയും റിബേറ്റ് ഇനത്തിൽ തരാനുള്ള തുക കൃത്യമായി നൽകുകയും ചെയ്താൽ ഒരുപരിധിവരെയെങ്കിലും പിടിച്ചുനിൽക്കാനാകുമെന്ന് കഴിഞ്ഞദിവസം സെക്രട്ടറിയായി ചുമതലയേറ്റെടുത്ത അനിത പറയുന്നു.
ഒരു തൊഴിലാളി ജോലിയിൽ പ്രവേശിച്ചാൽ അവരെയൊന്ന് ട്രാക്കിലാക്കാൻ കുറഞ്ഞത് ആറുമാസം വേണം. അതിനവർക്ക് നല്ല പരിശീലനം നൽകണം. സ്റ്റൈപൻഡും നൽകണം. ഇതിനും സർക്കാർ ഫണ്ടനുവദിക്കണം.ഒരു കാസർകോടൻ സാരി വാങ്ങിയാൽ കുറഞ്ഞത് 20 കൊല്ലമെങ്കിലും ഉപയോഗിക്കാനാകുമെന്ന് പറയുന്നത് വെറുംവാക്കല്ല. ഓണം, വിഷു തുടങ്ങിയ വിശേഷ വേളകളിൽ സൊസൈറ്റി നേരിട്ട് പൊതുവിപണിയിൽ ഈ സാരി വിൽക്കാറുണ്ട്. ഷോപ്പുകാർ ഇവ്വിധത്തിലുള്ള തുണികൾ വാങ്ങിക്കാറില്ല എന്നാണ് ഇവർ വിഷമത്തോടെ പറയുന്നത്.
ഷോപ്പുകാർ മാർജിനാണ് നോക്കുന്നത്, ഗുണമേന്മയല്ല. ആളുകളും വാങ്ങുന്നത് വില നോക്കിയാണ്. എട്ടുമണി മുതൽ അഞ്ചു മണിവരെ തറിയിൽ കൈകൊണ്ട് നെയ്തെടുത്താൽ കിട്ടുന്ന തുച്ഛമായ വേതനത്തിന് തൊഴിലാളികൾ ഏറെ വിയർക്കേണ്ടിവരുന്ന അവസ്ഥയാണിപ്പോൾ.കാസർകോട് വീവേഴ്സ് സൊസൈറ്റിയിൽ ഒമ്പതുപേരാണ് ഡയറക്ടർ ബോർഡിലുള്ളത്. നിലവിൽ മാധവ ഹെർളയാണ് പ്രസിഡന്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.