കാസർകോട്: എ.എ.വൈ റേഷൻ കാർഡുടമകളിൽ നിരവധി അനർഹരെന്ന് കണ്ടെത്തൽ
text_fieldsകാസർകോട്: വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നിർധന കുടുംബങ്ങൾക്ക് നൽകുന്ന എ.എ.വൈ റേഷൻ കാർഡുകൾ (മഞ്ഞ കാർഡ്) നിരവധി അനർഹർ കൈവശം വെക്കുന്നു.
പട്ടികവർഗ കുടുംബം, മാരക രോഗികൾ ഉൾപ്പെട്ട കുടുംബം, അതി ദാരിദ്ര്യമുള്ള കുടുംബം, ആശ്രയ പട്ടികയിൽ ഉൾപ്പെട്ടതും എന്നാൽ സാമ്പത്തിക പുരോഗതി കൈവരിച്ചിട്ടില്ലാത്തതുമായ കുടുംബം എന്നിവർക്കും വിധവകൾ, ഉപേക്ഷിക്കപ്പെട്ട സ്ത്രീ, അവിവാഹിതരായ അമ്മ ഇങ്ങനെയുള്ള ഏതെങ്കിലും അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബം എന്നിവർക്കും മാത്രമാണ് മഞ്ഞക്കാർഡുകൾക്ക് അർഹതയുള്ളത്.
ഇത്തരം കാർഡ് ഉടമകൾക്ക് റേഷൻ തികച്ചും സൗജന്യമാണ്. മഞ്ഞക്കാർഡുടമകൾക്ക് പ്രതിമാസം 30 കിലോ അരി, അഞ്ചുകിലോ വരെ ആട്ട, ഗോതമ്പ് എന്നിവയാണ് സൗജന്യമായാണ് നൽകുന്നത്. എന്നാൽ, അർഹതയില്ലാത്ത നിരവധി കുടുംബങ്ങൾ മഞ്ഞക്കാർഡുകൾ കൈവശം വെക്കുന്നതായണ് താലൂക്ക് സപ്ലൈ ഓഫിസ് അധികൃതരുടെ കണ്ടെത്തൽ. സപ്ലൈ ഓഫിസിൽ ലഭിക്കുന്ന പരാതികളിൽ ഇക്കാര്യം വ്യക്തമാകുന്നുണ്ട്.
നാലു ചക്ര വാഹനമുള്ളവർ, ഇരുനില വിടുള്ളവർ, വിദേശത്ത് നല്ല നിലയിൽ ജോലി ഉള്ളവർ, ഇൻകം ടാക്സ് അടക്കുന്നവർ എന്നിങ്ങനെ സാമ്പത്തിക പുരോഗതി നേടിയ നിരവധി അനർഹ കുടുംബങ്ങൾ ഇപ്പോഴും മഞ്ഞക്കാർഡുകൾ കൈവശം വെക്കുന്നതായി വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസർ ടി.സി. സജീവൻ പറഞ്ഞു.
താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിൽ ഇങ്ങനെയുള്ളവർ എത്രയും പെട്ടെന്നുതന്നെ മഞ്ഞക്കാർഡുകൾ താലൂക്ക് സപ്ലൈ ഓഫിസിൽ ഹാജരാക്കി പിഴയടച്ച് പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. അല്ലാത്ത പക്ഷം പിഴ കൂടാതെ ഇത്തരം കാർഡ് ഉടമകൾ എൻ.എഫ്.എസ്.എ ആക്ട് പ്രകാരമുള്ള നിയമനടപടികൾ നേരിടേണ്ടിവരും. മഞ്ഞക്കാർഡ് ഉടമകളുടെ പേരുവിവരം റേഷൻ കടകളിൽ ലഭിക്കുന്നതാണ്.
വെള്ളരിക്കുണ്ട് താലൂക്കിൽ നിലവിൽ 9, 447 എ.എ.വൈ കാർഡുടമകളാണ് ള്ളത്. ഇവരിൽ കുറെ കുടുംബങ്ങൾക്ക് വർഷങ്ങൾക്ക് മുമ്പ് കഷ്ടപ്പാടുകളുടെയും പ്രയാസങ്ങളുടെയും അടിസ്ഥാനത്തിലാണ് മഞ്ഞക്കാർഡുകൾ ലഭിച്ചത്. എന്നാൽ, പിന്നീട് സാമ്പത്തിക പുരോഗതി നേടിയശേഷവും ഇത്തരത്തൽപ്പെട്ടവർ അനർഹമായി മഞ്ഞക്കാർഡ് ഉപയോഗിക്കുന്നതായ നിരവധി പരാതി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.