കാസർകോട് ജനറൽ ആശുപത്രിയിൽ ആദ്യത്തെ രാത്രിപോസ്റ്റുമോർട്ടം
text_fieldsകാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ആദ്യ, രാത്രിപോസ്റ്റുമോർട്ടം നടന്നു. വെള്ളിയാഴ്ച രാത്രി പരവനടുക്കം പാലിച്ചിയടുക്കത്ത് മീൻവളർത്തു കുളത്തിൽ വീണുമരിച്ച മുഹമ്മദ് ഷവൈസിയുടെ (ഏഴ്) മൃതദേഹമാണ് ആദ്യമായി കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയത്. വേണ്ടത്ര സൗകര്യമില്ലാത്ത കാസർകോട് ജില്ലയിൽ രാത്രികാലത്തും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തണമെന്നാവശ്യപ്പെട്ട് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ദീർഘനാളായി നടത്തുന്ന പോരാട്ടമാണ് ഫലപ്രാപ്തിയിലെത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ ആശുപത്രിയിൽ രാത്രികാല പോസ്റ്റുമോർട്ടം നടത്തുന്നത്.
വേണ്ടത്ര ചികിത്സ സൗകര്യമില്ലാത്ത കാസർകോട് ജില്ലയിൽ രാത്രികാലങ്ങളിൽ മരിക്കുന്നവരുടെ കുടുംബങ്ങൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. മലയോരങ്ങളിൽ കിലോമീറ്ററുകൾ ദൂരെ അപകടത്തിൽ മരിക്കുന്നവരുടെ ബന്ധുക്കൾ ആശുപത്രിയിൽ നേരം വെളുക്കുവോളം കാത്തുകെട്ടിക്കിടക്കുന്ന ദുരിതാവസ്ഥ കണ്ടാണ് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ രാത്രികാല പോസ്റ്റുമോർട്ടം എന്തുകൊണ്ട് നടത്തിക്കൂട എന്ന ചോദ്യം നിയമസഭയിൽ ഉന്നയിച്ചത്. ഇതിനുപുറമെ ഇദ്ദേഹം കോടതിയിലും നിയമയുദ്ധം നടത്തി. പോരാട്ടം ഫലപ്രാപ്തിയിലെത്തിയതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നടപടി കാസർകോട്ടെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകും. നിയമസഭയിൽ നിരന്തരമായി ചോദ്യം ഉന്നയിച്ചിരുന്നു. എന്നാൽ, രാത്രികാല പോസ്റ്റുമോർട്ടത്തിനെതിരെ സർക്കാർ ഡോക്ടർമാർ ഹൈകോടതിയെ സമീപിച്ചു. ഇതിനെതിരെയും നിയമപോരാട്ടം നടത്തി ഒടുവിൽ ഹൈകോടതി തന്നെ രാത്രികാല പോസ്റ്റ്മോർട്ടത്തിന് രണ്ടുമാസം മുമ്പ് അനുകൂല വിധി പുറപ്പെടുവിച്ചു. രാത്രികാല പോസ്റ്റുമോർട്ടം നടത്താൻ ജനറൽ ആശുപത്രിയിൽ തടസ്സവാദങ്ങൾ ഉയർന്നെങ്കിലും ഹൈകോടതിവിധി ചൂണ്ടിക്കാണിച്ചാണ് പോസ്റ്റുമോർട്ടം നടത്താൻ തയാറായത്.
ഒടുവിൽ ശനിയാഴ്ച പുലർച്ച ഒന്നരയോടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.