കാസർകോട് ജില്ലയിലെ ആദ്യ ഒാക്സിജൻ പ്ലാൻറ് ആഗസ്റ്റോടെ യാഥാർഥ്യമാവും
text_fieldsകാസർകോട്: ജില്ലയിലെ ആദ്യത്തെ ഒാക്സിജൻ പ്ലാൻറ് ആഗസ്റ്റ് അവസാനത്തോടെ യാഥാർഥ്യമാവും. ചട്ടഞ്ചാലിലെ വ്യവസായ പാര്‍ക്കിലെ ജില്ല പഞ്ചായത്തിെൻറ ഉടമസ്ഥതയിലുള്ള 50 സെൻറ് സ്ഥലത്താണ് പ്ലാൻറ് ഒരുങ്ങുന്നത്. 1.87 കോടി രൂപ ചെലവിൽ കൊച്ചി ആസ്ഥാനമായ കെയർ സിസ്റ്റംസിനാണ് നിർമാണച്ചുമതല.
പദ്ധതിയുടെ വിവിധ പേപ്പർ ജോലികൾ പൂർത്തീകരിച്ചു. തിങ്കളാഴ്ച സിവിൽ പ്രവൃത്തികൾക്ക് തുടക്കമാവും. പ്ലാൻറ് എത്തുന്നതിനുമുമ്പുള്ള സിവിൽ പ്രവൃത്തികളാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. പ്ലാൻറിനായുള്ള ഷെഡ് അനുബന്ധ കെട്ടിടങ്ങൾ തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ ഒരുക്കുക.
തുടർന്ന് പ്ലാൻറ് സ്ഥാപിക്കും. സിവില്‍ പ്രവൃത്തികളുടെ ചുമതല നിർമിതികേന്ദ്രമാണ് നടപ്പിലാക്കുക. ജില്ല വ്യവസായകേന്ദ്രം മാനേജറാണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥന്‍. 2.87 ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചത്. ഇതിൽ ജില്ല പഞ്ചായത്ത് 97 ലക്ഷം രൂപ വകയിരുത്തി. നാലും അഞ്ചും ലക്ഷം വീതം ജില്ലയിലെ തദ്ദേശസ്ഥപാനങ്ങളും വകയിരുത്തി. മൂന്നാംതരംഗം ഉണ്ടാവുകയാണെങ്കിൽ ജില്ലക്ക് ആവശ്യമായ ഒാക്സിജൻ ഇവിടെ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം 200 സിലിണ്ടര്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന പ്ലാൻറാണിത്. പദ്ധതിയുടെ 20ശതമാനം തുക മുൻകൂറായി കമ്പനി നൽകണമെന്നാണ് വ്യവസ്ഥ. 50 ശതമാനം തുക പ്ലാൻറ് സ്ഥാപിക്കുന്ന വേളയിലും ശേഷിക്കുന്ന 30 ശതമാനം തുക പൂർത്തീകരിച്ചശേഷവും നൽകുന്ന വിധമാണ് കരാർ. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ, മുൻ കലക്ടർ ഡോ. ഡി. സജിത് ബാബു, ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ ഇൻചാർജ് കെ. സജിത് കുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.
കോവിഡ് കാല ആവശ്യം കഴിഞ്ഞാൽ ഭാവിയില്‍ വ്യവസായികാവശ്യങ്ങള്‍ക്കുകൂടി ഉപയോഗപ്പെടുത്താന്‍ പറ്റുന്നതരത്തിലാണ് പ്ലാൻറ് നിര്‍മിക്കുന്നത്. സെപ്റ്റംബർ ആദ്യവാരത്തിൽ പ്ലാൻറിൽനിന്ന് ഒാക്സിജൻ വിതരണം നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ ഇൻചാർജ് കെ. സജിത് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.