നടപടി തുടരുന്നു; ബോട്ടുകൾക്ക് പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്
text_fieldsകാസർകോട്: അനധികൃത മീൻപിടിത്തത്തിന് പിടിയിലായ രണ്ട് കർണാടക ബോട്ടുകളിൽനിന്ന് ഫിഷറീസ് വകുപ്പ് അഞ്ചു ലക്ഷം രൂപ പിഴ ഈടാക്കി. ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കുമ്പള- ബേക്കൽ- തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് എന്നിവർ സംയുക്തമായി 27ന് നടത്തിയ രാത്രികാല കടൽ പട്രോളിങ്ങിലാണ് ബോട്ടുകൾ പിടികൂടിയത്.
ഫിഷറീസ് അസി. ഡയറക്ടർ പി.വി. പ്രീതയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിയമാനുസൃത രേഖകളില്ലാതെയും തീരത്തോടുചേർന്ന് രാത്രികാല ട്രോളിങ് നടത്തിയതിനും കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് ദുർഗാഞ്ജനേയ, സമുദ്ര തനയ എന്നീ കർണാടക ബോട്ടുകൾ പിടികൂടി പിഴ ഈടാക്കിയത്.
മറൈൻ എൻഫോഴ്സ്മെന്റ് ഗാർഡ് അർജുൻ, റെസ്ക്യൂ ഗാർഡ്മാരായ മനു, അക്ബർ അലി, ബിനീഷ്, സ്രാങ്ക് ഷൈജു, വിനോദ്, കോസ്റ്റൽ പൊലീസുകാരായ സുമേഷ്, മഹേഷ്, സുഭാഷ് എന്നിവരാണ് പരിശോധകസംഘത്തിൽ ഉണ്ടായിരുന്നത്. നിയമവിരുദ്ധ മത്സ്യബന്ധന രീതികൾക്കെതിരെയുള്ള നടപടികൾ തുടർന്നുവരുകയാണെന്നും നിയമം നടപ്പിലാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാവുകയില്ലെന്നും കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.