മുപ്പത് മണിക്കൂർ കടലിൽ കിടന്നു; ജോസഫ് ജീവിതത്തിലേക്ക് നീന്തിയടുത്തു
text_fieldsകാസർകോട്: മീൻപിടിത്ത ബോട്ടിൽനിന്നു കടലിലേക്ക് തെറിച്ചുവീണ തൊഴിലാളി ജീവൻ നിലനിർത്താൻ കടലില്‍ നീന്തിയത് 30 മണിക്കൂര്‍.
ജീവിതത്തിനും മരണത്തിനുമിടയില്‍ നിലയില്ലാ കയത്തിൽ ജീവനുവേണ്ടി പ്രാർഥിച്ച ജോസഫിന്റെ വിളി ദൈവം കേട്ടു. ഒടുവിൽ മരണത്തെ തോൽപിച്ച് ജീവിതത്തിലേക്ക് തിരികെയെത്തി. തമിഴ്നാട്ടിലെ രാമപുരം സ്വദേശി ജോസഫ് (51) ആണ് പൊലീസിന്റെയും തൊഴിലാളികളുടെയും സഹായത്താൽ ജീവിതത്തിലേക്ക് നീന്തിക്കയറിയത്.
കാസർകോട് കീഴൂര്‍ കടപ്പുറത്തുനിന്നു മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് വെള്ളിയാഴ്ച വൈകിട്ട് 40 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കമിഴ്ന്നുകിടക്കുകയായിരുന്ന ജോസഫിനെ കണ്ടെത്തിയത്. ദിനേശന്, സുരേഷ്, ശൈലേഷ് എന്നിവരടങ്ങിയ സംഘം അടുത്തുചെന്നു നോക്കിയപ്പോള്‍ അനക്കം കണ്ട് ജീവനുള്ളതായി സംശയം തോന്നിയതോടെ മറ്റൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ ബോട്ടിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.
മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതനുസരിച്ച് തളങ്കര തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ബേബി ജോര്‍ജ്, ജോസഫ്, സിയാദ്, വസന്തകുമാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘവും കോസ്റ്റല്‍ വാര്ഡന് രഞ്ജിത്തും സഹായത്തിനെത്തി. കരയ്ക്കെത്തിച്ച് കാസർകോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി പ്രഥമ ശുശ്രുഷ നൽകി. അധികമൊന്നും സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ലെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കടലിൽ അകപ്പെട്ടതെങ്ങനെയെന്ന പൂർണ വിവരം ലഭിച്ചിട്ടില്ല.
മംഗളൂരുവില്‍ താമസിച്ച് മത്സ്യബന്ധന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന ജോസഫ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് കടലിലേക്ക് പുറപ്പെട്ടത്. വല വിരിക്കുന്നതിനിടയിലാണ് കടലിലേക്ക് വീണതെന്ന് സംശയിക്കുന്നു. ഒപ്പമുണ്ടായിരുന്നവര്‍ സമീപത്തെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. തുടര്‍ന്ന് മംഗളൂരു പാണ്ഡേശ്വരം സ്റ്റേഷനില്‍ വിവരമറിയിച്ചിരുന്നു. അവിടെ കടലില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് കീഴൂർ കടലില്‍ ജോസഫിനെ കണ്ടുകിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.