എൻഡോസൾഫാനിൽ സുപ്രീംകോടതി തുണ: ഇരകൾക്ക് അഞ്ചുലക്ഷം നൽകിതുടങ്ങി
text_fieldsകാസർകോട്: സുപ്രീംകോടതിയുടെ തുണയിൽ എൻഡോസൾഫാൻ ഇരകൾക്ക് അഞ്ചുലക്ഷം വീതം ലഭിച്ചുതുടങ്ങി. സുപ്രീംകോടതി വിധി അനുസരിച്ച്, ആദ്യഘട്ടത്തിൽ എട്ടുപേർക്കായി 40ലക്ഷം രൂപ വിതരണം ചെയ്തു. 750പേരുടെ പട്ടികയാണ് ഇപ്പോൾ തയാറാക്കിയിരിക്കുന്നതെന്ന് എൻഡോസൾഫാൻ സെല്ലിൽ നിന്ന് അറിയിച്ചു. 200 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട് എങ്കിലും ട്രഷറി നിയന്ത്രണംമൂലം എല്ലാവർക്കും വേഗത്തിൽ നൽകുന്നതിന് തടസ്സമായിരിക്കുകയാണ്. ഒരുദിവസം അഞ്ചുപേർക്ക് മാത്രമാണ് നൽകാനാകുക. 25 ലക്ഷം രൂപ മാത്രമേ ട്രഷറിയിൽ നിന്ന് അനുവദിക്കുകയുള്ളൂവെന്ന് സെല്ലിൽ നിന്ന് അറിയിച്ചു.
ദേശീയ മനുഷ്യാവകാശ കമീഷൻ നിർദേശിച്ചതനുസരിച്ച് സുപ്രീംകോടതി വിധിച്ച എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സഹായം സർക്കാർ അനുവദിക്കുന്നില്ല എന്നുകാണിച്ച് കോൺെഫഡറേഷൻ ഓഫ് എൻഡോസൾഫാൻ റൈറ്റ്സ് വിക്ടിംസ് കലക്ടിവ് നേതൃത്വത്തിൽ ഇരകളായ എട്ടുപേർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഈ ഹരജിയിൽ ഏപ്രിൽ എട്ടിനാണ് സുപ്രീംകോടതി വിധിയുണ്ടായത്. 3714 പേർക്കാണ് അഞ്ചുലക്ഷം വീതം നൽകേണ്ടത്. 1446 പേർക്ക് അഞ്ചുലക്ഷം വീതം ലഭിച്ചു. 1568 പേർക്ക് അഞ്ചുലക്ഷത്തിൽ മൂന്നുലക്ഷം മാത്രമാണ് ലഭിച്ചത്. 6728പേരാണ് ധനസഹായത്തിന് അർഹരായവരുടെ പട്ടികയിലുള്ളത്. ദേശീയ മനുഷ്യാവകാശ കമീഷെൻറ നിർദേശത്തിൽ 2017ലാണ് ഇരകൾക്ക് ധനസഹായം നൽകാൻ സുപ്രീംകോടതി വിധിയുണ്ടായത്. എന്നാൽ, നടപ്പാക്കാൻ സർക്കാർ വൈമുഖ്യം കാണിക്കുന്നതിനെ തുടർന്നാണ് ഇരകൾ കോടതി മുഖേന വിധി സമ്പാദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.