ഭക്ഷ്യവിഷബാധ: പരിശോധന കാര്യക്ഷമമല്ലെന്ന് അന്വേഷണ റിപ്പോർട്ട്
text_fieldsകാസർകോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പ്ലസ് വണ്‍ വിദ്യാർഥിനി മരിച്ച സംഭവത്തിൽ എ.ഡി.എം കലക്ടർക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ജില്ലയിലെ ഭക്ഷ്യസ്ഥാപനങ്ങളില്‍ കാര്യക്ഷമമായ പരിശോധനയില്ലെന്ന കാര്യം ശരിവെക്കുകയാണ് അന്വേഷണ റിപ്പോർട്ടും. ഭക്ഷണത്തിലുള്ള ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയത്. ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാറിന് 2022 മാര്‍ച്ച് 31 വരെയാണ് പ്രവര്‍ത്തനാനുമതി ഉണ്ടായിരുന്നത്. തുടര്‍ അനുമതിക്കായി സ്ഥാപന ഉടമ ചെറുവത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടില്ല.
ഉടമകളെയും നടത്തിപ്പുകാരെയും പ്രതികളാക്കി ചന്തേര സബ് ഇന്‍സ്‌പെക്ടര്‍ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. പരാതികള്‍ ഉണ്ടാകുന്ന അവസരത്തില്‍ മാത്രമാണ് ഇത്തരം കടകളിൽ പരിശോധന നടത്തുന്നതെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. ഹോട്ടലുകളുടെയും പാകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വിൽപന ചെയ്യുന്ന മറ്റു സ്ഥാപനങ്ങളുടെയും പരിശോധന സംബന്ധിച്ച് കാര്യമായ ചുമതലയുള്ളത് ഭക്ഷ്യ സുരക്ഷ വകുപ്പിലെ ജീവനക്കാര്‍ക്കാണ്. ജീവനക്കാരുള്ള എണ്ണം കുറവായതിനാൽ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നാണ് ഭക്ഷ്യ സുരക്ഷ അസി. കമീഷണര്‍ എ.ഡി.എമ്മിന് നൽകിയ മൊഴി. പരിശോധനകളുടെ അഭാവമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. എ.ഡി.എം എ.കെ. രാമേന്ദ്രന്‍ തയാറാക്കിയ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് കലക്ടർക്ക് സമർപ്പിച്ചത്.
ഭക്ഷ്യവിഷബാധ: നടപടിയെടുക്കണം
കാസർകോട്: ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധക്ക് കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
കാരാട്ടുവയൽ പെൻഷൻ ഭവനിൽ ബ്ലോക്ക് പ്രസിഡന്‍റ് പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ എ. നാരായണൻ, ജില്ല കമ്മറ്റി അംഗം വി.വി. ബാലകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി കോമൻ കല്ലുങ്കിൽ, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് വി. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.പി. കരുണാകരൻ നായർ സ്വാഗതവും കെ.പി. കമ്മാരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.