പാർലമെന്റിൽ അടക്ക; കമൽനാഥിനറിയില്ല
text_fieldsകാസർകോട്: ഞാൻ മത്സരിക്കുന്ന ആദ്യഘട്ടത്തിൽ മൂന്നു പ്രധാനപ്പെട്ട പ്രശ്നങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന് മറാത്തി കമ്യൂണിറ്റിയുടെ പ്രശ്നവും രണ്ടാമത്തേത് എൻഡോസൾഫാൻ വിഷയവും മൂന്നാമത്തേത് അടക്ക കർഷകരുടെ വിഷയവുമായിരുന്നു. അതിൽ എൻഡോസൾഫാൻ വിഷയത്തിൽ കേന്ദ്രവുമായി ബന്ധപ്പെട്ട് ഞാനന്ന് സബോർഡിനൻസ് ചെയർമാനായിരുന്നു. അവരുടെ പദ്ധതിയിലുൾപ്പെടുത്തിക്കൊണ്ട് 230 കോടി രൂപ കൊടുക്കാൻ കഴിഞ്ഞു. അതിന്റെ ഭാഗമായിട്ടാണ് കാസർകോട് ഇന്ന് കാണുന്ന ആശുപത്രികൾ, ബിൽഡിങ്ങുകൾ കാര്യങ്ങളൊക്കെ വന്നിട്ടുള്ളത്. ഏകദേശം 55 അംഗൻവാടികൾ, 11 ബഡ്സ് സ്കൂളുകൾ എന്നിവ ഇതിന്റെ ഭാഗമായി ജില്ലയിൽ വന്നു. മത്സരിക്കുന്ന സമയത്ത് എൻഡോസൾഫാൻ മേഖലയിൽ പോയതിന്റെ അനുഭവത്തിലാണ് അതൊക്കെ ചെയ്തിട്ടുള്ളത്.
രണ്ടാമത്തേത് 2002വരെ ലഭിച്ചിരുന്ന മറാത്തി കമ്യൂണിറ്റിയുടെ എസ്.ടി പദവി കേന്ദ്രസർക്കാർ ഒഴിവാക്കിയതായിരുന്നു. അത് ലഭിക്കണമെന്നുള്ളതായിരുന്നു അവരുടെ ആവശ്യം. അതിന്റെ ഭാഗമായി പാർലമെന്റിൽ 2004നുശേഷം ഞാൻ 2013വരെ തുടർച്ചയായി ഇടപെട്ടു. ഭരണാഘടനാ ഭേദഗതി വേണ്ടിവന്നു. കാരണം, ഒരുപ്രാവശ്യം എസ്.ടി കമ്യൂണിറ്റിയെ ഒഴിവാക്കിയാൽ പിന്നെ ഉൾപ്പെടുത്താൻ പറ്റില്ല. മൂന്നിൽരണ്ട് ഭൂരിപക്ഷം വേണം പാർലമെന്റിൽ ഭരണഘടന ഭേദഗതി പാസാകണമെങ്കിലോ ഒഴിവാക്കണമെങ്കിലോ. അപ്പോൾ അതിനുവേണ്ടി നടത്തിയ ശ്രമത്തിന്റെ ഭാഗമായിട്ട് 2002ൽ നിഷേധിച്ച എസ്.ടി പദവി കൊടുക്കാൻ കഴിഞ്ഞു.
മൂന്നാമതൊരു കാര്യം നമ്മുടെ പ്രത്യേകിച്ച്, വടക്കൻ മേഖലയിലുള്ള ഭാഷയാണ് തുളുഭാഷ. തുളുഭാഷ സംസാരിക്കുന്ന ആൾക്കാരുടെ വിഷയത്തിലിടപെടാൻ കഴിഞ്ഞു എന്നുള്ളതാണ് എം.പിയായപ്പോഴുള്ള മറ്റൊരനുഭവം. അതായത്, കേരളത്തിൽ തുളു അക്കാദമി വേണം, മറ്റൊന്ന് തുളുഭാഷയെ എട്ടാമത് ഷെഡ്യൂളിൽ ഉൾപ്പെടുത്തണം. എനിക്ക് തുളു അറിയില്ലല്ലോ. പക്ഷേ, അത് പാർലമെന്റിൽ ഉന്നയിക്കാനും എട്ടാമത് ഷെഡ്യൂളിൽ ഉൾപ്പെടുത്താനും എനിക്ക് കഴിഞ്ഞു. അതുകൊണ്ട് കാസർകോട് മാത്രമല്ല, മംഗളൂരുവിലും തുളുഭാഷ സംസാരിക്കുന്നവർക്ക് സംരക്ഷണം കിട്ടി.
അതിന്റെ ഭാഗമായി എനിക്ക് മംഗളൂരുവിൽനിന്നും ഉഡുപ്പിയിൽനിന്നും വലിയ സ്വീകരണമാണ് കിട്ടിയത്. ഇത് എനിക്ക് മനസ്സുനിറഞ്ഞ അനുഭവമായിരുന്നു. തുളു അറിയാത്ത ഞാനാണ് ഈ വിഷയം പാർലമെന്റിൽ അവതരിപ്പിച്ചത് എന്നതും തുളു അറിയുന്ന കോൺഗ്രസ് എം.പിമാർ ആരും തന്നെ അതിന് മുൻകൈയെടുത്തതുമില്ല എന്നതും വസ്തുതയാണ്. മറ്റൊന്ന് അന്ന് മത്സരിക്കുന്ന സമയത്തുണ്ടായിട്ടുള്ള പ്രധാനപ്പെട്ട പ്രശ്നം അടക്ക കൃഷിക്കാരുടേതാണ്. വില നല്ലരീതിയിൽ ഇടിഞ്ഞുപോയി എന്നതായിരുന്നു അന്നത്തെ പ്രശ്നം. അന്നൊക്കെ പല വീടുകളിലും പോയ സമയത്ത് ചാക്കുകളിൽ അടക്ക കെട്ടുകണക്കിന് കിടക്കുന്നത് കണ്ടു. അപ്പോളത് പാർലമെന്റിൽ എടുക്കണമെന്നു പറഞ്ഞു. ആ സമയത്ത് കമൽനാഥായിരുന്നു വ്യവസായ വാണിജ്യ മന്ത്രി. രസകരമായൊരു സംഭവം ഞാൻ അടക്ക എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിനറിയില്ല, ഇതെന്താ സാധനമെന്ന്.
സഹപ്രവർത്തകർ പറഞ്ഞുമനസ്സിലാക്കി കൊടുത്തപ്പോൾ കമൽനാഥിന് വിഷയം പിടികിട്ടി. ആദ്യമായിട്ട് അടക്കയുടെ വിഷയം പാർലമെന്റിൽ ഉന്നയിച്ചത് ഞാനാണെന്നാണ് എനിക്ക് തോന്നുന്നത്. അതിനുള്ള പരിഹാരവും കാണാൻ കഴിഞ്ഞത് ഏറെ സന്തോഷമുണ്ടാക്കി. പിന്നെ ഈ ഭരണഘടന ഭേദഗതി കേരളത്തെ സംബന്ധിച്ചിടത്തോളം എം.പിയെന്ന നിലയിൽ ഞാൻ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്. അതിലൊന്ന് മറാത്തി കമ്യൂണിറ്റിയുടേതും മറ്റേത് തുളുഭാഷയുടേതും. സബ്മിഷൻ പലരും ഉന്നയിക്കാറുണ്ട്, അതുപോലെയല്ലല്ലോ ഭേദഗതി. കാസർകോട് മത്സരിച്ചപ്പോൾ ജനങ്ങളെ ബാധിക്കുന്ന ഒരുപാട് വിഷയങ്ങളിൽ നേരിട്ടിടപെടാൻ കഴിഞ്ഞു എന്നുള്ളതിൽ ചാരിതാർഥ്യമുണ്ട്. അതുകൊണ്ടുതന്നെ കാസർകോട്ടെ ജനങ്ങൾക്ക് ആ സ്നേഹവും ഇടതുപക്ഷത്തോടുണ്ട്. അതവർ തെരഞ്ഞെടുപ്പിലൂടെ കാണിക്കുമെന്നെനിക്ക് ഉറപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.