കാസർഗോഡ് ജില്ലയിൽനിന്ന് നാലുപേർ സിവിൽ സർവിസിൽ
text_fieldsകാസർകോട്: ഇത്തവണ ജില്ലയിൽ നിന്നും നാലു പേർ സിവിൽ സർവിസ് റാങ്ക് പട്ടികയിൽ. ഒടയംചാൽ പടിമരുതിലെ അനുഷ ആർ. ചന്ദ്രൻ (791), കാസർകോട് ബീരന്ത് ബയലിലെ ആർ.കെ. സൂരജ് (843), ഉദുമ വടക്കേപുറത്തെ രാഹുൽ രാഘവൻ (714), നിലേശ്വരത്തെ കാജൽ രാജു (956) എന്നിവരാണ് ജില്ലയിൽ നിന്നും റാങ്ക് പട്ടികയിൽ ഇടം നേടിയത്.
തൊഴിലാളി കുടുംബത്തിലേക്ക് റാങ്ക് തിളക്കവുമായി അനുഷ
കാഞ്ഞങ്ങാട്: തയ്യൽ തൊഴിലാളിയും കൂലിത്തൊഴിലാളിയുമടങ്ങുന്ന കുടുംബത്തിൽനിന്നും തിളക്കമേറിയ വിജയവുമായി ഒടയംചാൽ ചെന്തളത്തെ അനുഷ ആർ. ചന്ദ്രൻ. 791ാം റാങ്ക് നേടിയാണ് അനുഷ സിവിൽ സർവിസിന്റെ വഴിയിലേക്കുള്ള യാത്ര തുടങ്ങി മലയോരത്തിന് അഭിമാനമായത്. റാങ്കിൽ ഏറെ സന്തോഷമുണ്ടെന്ന് അനുഷ ‘മാധ്യമ’ത്തോട് പറഞ്ഞു. റിസൽട്ട് വിവരം പൂർണമായും കൈയിൽ കിട്ടിയശേഷം ഭാവി കാര്യം തീരുമാനിക്കുമെന്നും ഈ മിടുക്കി അറിയിച്ചു.
ചെന്തളത്തെ തയ്യൽ തൊഴിലാളി രാമചന്ദ്രന്റെയും കൂലിത്തൊഴിലാളി വനജയുടെയും മകളാണ് സാധാരണക്കാർക്ക് അപ്രാപ്യമായ സിവിൽ സർവിസ് പരീക്ഷയിൽ തിളങ്ങിയത്. ആദ്യതവണ എഴുതിയെങ്കിലും പ്രാഥമിക ലിസ്റ്റിൽപെട്ടില്ല. തുടർന്നാണ് വാശിയോടെ പഠിച്ച് രണ്ടാംഘട്ടത്തിൽ വിജയം നേടിയത്. തിരുവനന്തപുരത്ത് താമസിച്ചാണ് പഠിച്ചത്. പഠനത്തിനുള്ള ചെലവ് കണ്ടെത്താൻ ബൈജൂസ് ആപ്പിൽ അധ്യാപികയുടെ ജോലിയും ചെയ്തു.
രണ്ടുവർഷമായി തിരുവനന്തപുരത്ത് പഠിക്കുകയാണ്. കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ഒന്നു മുതൽ പ്ലസ് ടുവരെ പഠിച്ചത്. തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽനിന്ന് ബിരുദവും പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയാണ് അനുഷ സിവിൽ സർവിസ് വഴിയിലേക്ക് പോയത്.
സർവിസ് അലോക്കേഷൻ വന്നതിനുശേഷം മാത്രമേ ഏതു സർവിസ് എന്നറിയാൻ കഴിയുകയുള്ളൂവെന്ന് അനുഷ പറഞ്ഞു. സഹോദരൻ അഖിൽ കനറാ ബാങ്ക് പൈവളിഗെ ശാഖയിൽ ഓഫിസറാണ്. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ ഉൾപ്പെടെ ജനപ്രതിനിധികളും നാട്ടുകാരും അഭിനന്ദനവുമായി വീട്ടിലെത്തി.
ജോലിക്കിടെ പരിശ്രമിച്ച് നേടി സൂരജ്
കാസർകോട്: കാസർകോട് ബീരന്ത് ബയൽ സ്വദേശി ആർ.കെ. സൂരജ് 843ാം റാങ്കോടെയാണ് സിവിൽ സർവിസിൽ കയറിയത്. കണ്ണൂർ എൻജിനീയറിങ് കോളജിൽനിന്നും ബി.ടെക് നേടി ബംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്ന സൂരജ് ജോലിക്കിടെയാണ് സിവിൽ സർവിസിന് ശ്രമിച്ചത്.
കാസർകോട് കെ.എസ്.ആർ.ടി.സിയിൽ നിന്ന് ചെക്കിങ് ഇൻസ്പെക്ടറായി വിരമിച്ച കെ. രാമകൃഷ്ണന്റെയും ആസ്ട്രൽ വാച്ചസ് ജീവനക്കാരിയായിരുന്ന സബിതയുടെയും മകനാണ്. സഹോദരി ഗീത കാസർകോട് ടൗൺ കോഓപറേറ്റിവ് ബാങ്കിൽ ജീവനക്കാരിയാണ്.
നിശ്ചയദാർഢ്യത്തോടെ രാഹുൽ നേടിയത് മിന്നും ജയം
ഉദുമ: 714ാമത് റാങ്കുമായി ഉദുമ വടക്കുപുറത്തെ ശ്രീരാഗത്തിൽ രാഹുൽ രാഘവൻ സിവിൽ സർവിസിൽ ജില്ലയുടെ അഭിമാനമായി.
ഉദുമയിലെ റേഷൻകട ഉടമ എം. രാഘവന്റെയും ഉദുമ ഫാമിലി ഹെൽത്ത് സെന്റർ പബ്ലിക് ഹെൽത്ത് നഴ്സ് ടി. ചിന്താമണിയുടെയും ഇളയ മകനാണ് രാഹുൽ. ഉദുമ ഗവ. എൽ.പി സ്കൂൾ, ഉദുമ ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയശേഷം തിരുവനന്തപുരത്തുതന്നെ ഒരു സ്വകാര്യ സിവിൽ സർവിസ് കോച്ചിങ് സെന്ററിൽ അധ്യാപകനാണ് രാഹുൽ. കഴിഞ്ഞ നാലുതവണ ഇന്റർവ്യൂ വരെ എത്തിയിരുന്നെങ്കിൽ റാങ്ക് നേടാൻ രാഹുലിന് കഴിഞ്ഞില്ല.
ഇത്തവണ നിശ്ചയ ദാർഢ്യത്തോടെയുള്ള പഠനമാണ് രാഹുലിനെ സിവിൽ സർവിസ് റാങ്കിൽ എത്തിച്ചത്. അടുത്ത തവണയും ഊർജ്ജസ്വലമായി പഠനം നടത്തി ഐ.എ.എസ് നേടാനാണ് തീരുമാനമെന്ന് രാഹുൽ രാഘവൻ പറഞ്ഞു. സഹോദരി രചന രാഘവൻ ജില്ല ഇൻഡസ്ട്രീസ് സെന്ററിൽ റിസോഴ്സ് പേഴ്സനാണ്.
കാജൽ രാജു ഇടതുകൈയാൽ വീണ്ടും എഴുതിനേടി
നീലേശ്വരം: ജന്മനാ വലതുകൈ ഇല്ലാതിരുന്നിട്ടും ഇച്ഛാശക്തി കൈവിടാതെ ഇടതുകൈകൊണ്ട് പരീക്ഷ എഴുതി നീലേശ്വരം പള്ളിക്കര കൺമഷി വീട്ടിലെ രാജു - ഷീബ ദമ്പതികളുടെ മകൾ കാജൽ സിവിൽ സർവിസ് പരീക്ഷയിൽ 956ാം റാങ്ക് നേടി. കഴിഞ്ഞവർഷം ആദ്യമായി എഴുതിയപ്പോൾ 910ാം റാങ്ക് നേടിയെങ്കിലും റാങ്കിലെ നമ്പർ ചുരുക്കാൻ വീണ്ടും പ്രതീക്ഷ കൈവിടാതെ പരീക്ഷ എഴുതുകയായിരുന്നു. ഇപ്പോൾ ലഖ്നോവിൽ റെയിൽവേ ഓഫിസർ തസ്തികയിൽ പരിശീലനം നടത്തുകയാണ്.
2014ൽ സി.ബി.എസ്.ഇ പത്താംതരം പരീക്ഷയിൽ ഉന്നത മാർക്ക് നേടി ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് മുന്നോടിയായുളള കൗൺസലിങ് നടക്കുന്ന വേളയിൽ വലതു കൈപ്പത്തി ഇല്ലാത്തതിനാൽ സയൻസ് ഗ്രൂപ്പെടുത്താൽ ലാബിലെ പ്രയോഗിക പരിശീലനത്തിന്റെ ബുദ്ധിമുട്ട് അധ്യാപകർ അറിയിച്ചതിനെ തുടർന്ന് ഹ്യുമാനിറ്റീസ് ബാച്ചിൽ ചേരുകയായിരുന്നു.
സിവിൽ സർവിസാണ് ലക്ഷ്യമെന്നറിഞ്ഞ അധ്യാപകർ കാജലിന് പിന്തുണയുമായി എത്തി. പ്ലസ് ടു പഠനത്തിനുശേഷം ചെന്നൈ ഐ.ഐ.ടിയുടെ ഇന്റഗ്രേറ്റഡ് പി.ജിക്ക് എട്ടാം റാങ്കോടെ പ്രവേശനം നേടി കോഴ്സ് പൂർത്തിയാക്കി. തുടർന്ന് തിരുവന്തപുരം ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവിസ് പരിശീലനം നേടി പരീഷയിൽ 910ാം റാങ്ക് നേടി. ഇത്തവണ തിരുവനന്തപുരം ഐ ലേൺ അക്കാദമിയിലായിരുന്നു പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.