29 ഗ്രാം എം.ഡി.എം.എയുമായി നാലുപേർ അറസ്റ്റിൽ
text_fieldsകാസർകോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിൽപനക്കായി കൊണ്ടുവന്ന 29.4 ഗ്രാം എം.ഡി.എം.എ മഞ്ചേശ്വരം പൊലീസ് പിടികൂടി. ആൾട്ടോ കാറിൽ കടത്തുന്നതിനിടയിൽ പൈവളിക ബായിക്കട്ടയിൽ വെച്ച് മഞ്ചേശ്വരം പൊലീസാണ് ഇത് പിടികൂടിയത്. ബള്ളൂർ സ്വദേശി മുഹമ്മദ് അഷ്റഫ് (21), കൊടിബയിൽ സ്വദേശി സയീദ് നവാസ് (30), ബള്ളൂർ സ്വദേശി അഹമ്മദ് ഷമ്മാസ് (20), ബണ്ട്വാൾ സ്വദേശി മുഹമ്മദ് ഇസാഖ് (20) എന്നിവരാണ് അറസ്റ്റിലായത്.
ജില്ല പൊലീസ് മേധാവി ഡി. ശില്പയുടെ മേൽനോട്ടത്തിൽ കാസർകോട് ഡിവൈ.എസ്.പി സി.കെ. സുനിൽ കുമാറിന്റെ നിർദേശപ്രകാരം മഞ്ചേശ്വരം ഇൻസ്പെക്ടർ ടോൾസൺ ജോസഫ്, എസ്.ഐ രതീഷ് ഗോപി, സീനിയർ സിവിൽ പൊലീസ് രാജേഷ് കുമാർ, ഡ്രൈവർ ഷുക്കൂർ, സിവിൽ പൊലീസ് പ്രശോഭ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കെ.എൽ 14 ക്യു 1267 നമ്പർ ആൾട്ടോ കാർ, പ്രതികളുടെ മൊബൈൽ ഫോണുകൾ എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഈ മാസം 21ന് മഞ്ചേശ്വരം പത്വാടിയിൽ വെച്ച് 3.409 കി.ഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടിയിരുന്നു. ഇതോടൊപ്പം ഗ്രീൻ ഗഞ്ച 640 ഗ്രാം, കോക്കെയ്ൻ 96.96 ഗ്രാം, കാപ്സ്യൂളുകൾ 30 എണ്ണം എന്നിവയും പിടികൂടിയിരുന്നു. ഈമാസം 20ന് കഞ്ചാവും എം.ഡി.എം.എയും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ മാരക മയക്കുമരുന്നും പിടികൂടിയിരുന്നു. കുട്ടികളെ ലക്ഷ്യമിട്ട് ഇത് വ്യാപകമായി വരുന്നതിന്റെ സൂചനയാണ് അടിക്കടിയുണ്ടാകുന്ന മയക്കുമരുന്നു കേസുകൾ എന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.