ഗഫൂർ ഹാജിയുടെ ദുരൂഹമരണം; അന്വേഷണം പ്രത്യേക സംഘത്തെ ഏൽപിക്കണമെന്ന് ആക്ഷൻ കമ്മിറ്റി
text_fieldsകാസർകോട്: പ്രവാസി വ്യാപാരി എം.സി. അബ്ദുൽ ഗഫൂർ ഹാജിയുടെ ദുരൂഹ മരണ കേസ് ജില്ല ക്രൈംബ്രാഞ്ചിന് പകരം സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സ്പെഷൽ ടീമിനെ ഏൽപിക്കണമെന്ന് ഗഫൂർ ഹാജി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
2023 ഏപ്രിൽ 14 പുലർച്ചെയാണ് ഗഫൂർ ഹാജിയെ ദുരൂഹസാഹചര്യത്തിൽ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. 12 ബന്ധുക്കളിൽനിന്ന് സ്വരൂപിച്ച 596 പവൻ സ്വർണവും ഗഫൂർ ഹാജിയുടെ വീട്ടിൽനിന്ന് നഷ്ടപ്പെട്ടിരുന്നു.
14 മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. മരണസമയത്ത് ഭാര്യയും മക്കളും മകന്റെ ഭാര്യയും ബന്ധുവീട്ടിലായിരുന്നു. ധനികനായ ഗഫൂർ ഹാജി ബന്ധുക്കളിൽനിന്ന് ഇത്രയും സ്വർണം സ്വരൂപിച്ചതെന്തിനാണെന്ന ചോദ്യത്തിനും ഉത്തരമായിട്ടില്ല.
ഗഫൂർ ഹാജിയുടെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെതുടർന്നാണ് പൂച്ചക്കാട് ജുമാമസ്ജിദിൽ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് കാഞ്ഞങ്ങാട് ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം ചെയ്തത്. വീടുമായി ബന്ധം പുലർത്തുന്ന ഒരു സ്ത്രീയെയും അവരുടെ സുഹൃത്തിനെയുംകുറിച്ച് പരാതിയിൽ പരാമർശിച്ചിരുന്നു.
മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. തുടർന്ന് ആന്തരികാവയവം രാസപരിശോധനക്ക് അയക്കുകയും ചെയ്തു. സാഹചര്യ തെളിവുകൾ നൽകിയിട്ടും സംശയിക്കുന്നവരെ ചോദ്യം ചെയ്തുവെന്നല്ലാതെ നടപടി സ്വീകരിച്ചില്ലയെന്ന് അക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തുന്നു. കമ്മിറ്റി നിരവധി ബഹുജന പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. 10,000 ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്ക് നേരിട്ട് നൽകി.
ബേക്കൽ പൊലീസ് സ്റ്റേഷന് മുന്നിൽ ബഹുജന ധർണയും ഏറ്റവുമൊടുവിൽ 500ലധികം സ്ത്രീകളുടെ നേതൃത്വത്തിൽ അമ്മമാരുടെ കണ്ണീർസമരവും നടത്തി. ജില്ലയിലെത്തിയ മുഖ്യമന്ത്രിയെ രണ്ട് തവണ നേരിട്ടുകണ്ടു.
ഡി.ജി.പിയെയും ജില്ലയിലെ ജനപ്രതിനിധികളെയും കണ്ടു. എന്നിട്ടും അന്വേഷണത്തിൽ പുരോഗതിയുണ്ടായിട്ടില്ല.
ബേക്കൽ ഡിവൈ.എസ്.പിയായിരുന്ന സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. മുഖ്യമന്ത്രിയെ കണ്ടതിന്റെ അടിസ്ഥാനത്തിൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയെ അന്വേഷണച്ചുമതല ഏൽപിച്ച വിവരം സംസ്ഥാന പൊലീസ് മേധാവിയിൽനിന്ന് കത്ത് മുഖേന അറിഞ്ഞു.
എന്നാൽ, ജില്ല ക്രൈംബ്രാഞ്ചിന് പകരം സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സ്പെഷൽ ടീമിനെ നിയോഗിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ചെയർമാൻ ഹസൈനാർ ആമു ഹാജി, കൺവീനർ സുകുമാരൻ പൂച്ചക്കാട്, എം.എ. ലത്തീഫ്, കപ്പണ അബൂബക്കർ, ബി.കെ. ബഷീർ, ഗഫൂർ ഹാജിയുടെ സഹോദരൻ എം.സി. ഉസ്മാൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.